മലപ്പുറം: നടുറോഡിൽ പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ യുവതിക്കും അമ്മയ്ക്കും സഹായവുമായി നാട്ടുകാരും ആംബുലൻസ് ഡ്രൈവറും. തമിഴ്നാട് മേൽമുത്തന്നൂർ സ്വദേശികളായ സത്യരാജ്- ഉഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംഭവം.
സത്യരാജും ഉഷയും കഴിഞ്ഞ അഞ്ച് വർഷമായി പെരിന്തൽമണ്ണയിലെ വലിയങ്ങാടിയിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്. ഉഷയുടെ അമ്മയും ഇവർക്കൊപ്പമാണ് താമസം. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഉഷ ഗർഭിണിയായത്. ഏഴാം മാസത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മാസം തികയാതെ ഉഷ പ്രസവിക്കുകയും ചെയ്തു. കുട്ടി വൈകാതെ മരിച്ചു. ഇതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ആശുപത്രി ചെലവുകൾ മൂലം കൈയിലെ പണവും തീർന്നു. കുഞ്ഞിന്റെ മൃതദേഹം എന്തുചെയ്യണമെന്നറിയാതെ കരയുന്ന ഉഷയും അമ്മയും ആംബുലൻസ് ഡ്രൈവർ നൗഫലിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നൗഫൽ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ശേഷം നഗരസഭ അദ്ധ്യക്ഷനുൾപ്പെടെയുള്ളവരുടെ സഹായത്തോടെ നഗരസഭ ശ്‌മശാനമായ അഞ്ജലിയിൽ മൃതദേഹം അടക്കം ചെയ്തു.