ജറുസലേം: ലോകം കൊറോണ ഭീതിയിലാണ്. ദിനംപ്രതി രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗ വ്യാപനം തടയാനുള്ള മുൻ കരുതലുകളുടെ ഭാഗമായി ഹസ്തദാനത്തിന് പകരം ഇന്ത്യൻ നമസ്തെയെ മാതൃകയാക്കാൻ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
കൊറോണയുടെ വ്യാപനം തടയാൻ ഇന്ത്യക്കാർ ചെയ്യുന്നതുപോലെ കൈകൂപ്പി ആളുകളെ സ്വീകരിക്കണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ അഭിപ്രായം. കൈകൂപ്പി നമസ്തെ പറയുന്നത് എങ്ങനെയാണെന്ന് അദ്ദേഹം അനുകരിച്ച് കാണിക്കുകയും ചെയ്തു. കൈകൂപ്പി നമസ്‌തെയെന്നോ ജൂതന്മാരെപ്പോലെ ശാലോമെന്നോ പറയണമെന്ന് നെതന്യാഹു വ്യക്തമാക്കി.
Prime Minister of Israel Benjamin Netanyahu @netanyahu encourages Israelis to adopt the Indian way of greeting #Namaste at a press conference to mitigate the spread of #coronavirus pic.twitter.com/gtSKzBDjl4
— India in Israel (@indemtel) March 4, 2020
കൊറോണയുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിലവിൽ ഇസ്രയേലിൽ 15 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴായിരത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.