നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടക കമ്പനിയുടെ പേര് രേഖപ്പെടുത്തിയ ബോർഡ് വച്ചതിന് 24,000 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ചേറ്റുവ പാലത്തിനു സമീപം പരിശോധന നടത്തിയിരുന്ന മോട്ടോർ വാഹന വകുപ്പ് സംഘമാണ് പിഴ ചുമത്തിയത്. ബോർഡിന് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ല എന്ന് കാണിച്ച് വാഹനത്തിന്റെ മുകളിൽ കയറി ബോർഡിന്റെ അളവെടുത്ത ശേഷമാണ് 24,000 രൂപ പിഴ ചുമത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ സിനിമാരംഗത്തുള്ളവരടക്കം പ്രതികരിച്ചിരുന്നു. നടൻ ഹരീഷ് പേരടി, ഡോ. ബിജു, ബാലാജി ശർമ്മ തുടങ്ങിയ നിരവധി സിനിമാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
സിനിമാ പ്രവർത്തകരുടെ പ്രതികരണത്തിലേക്ക്
ഹരീഷ് പേരടി
നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം..ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം….എന്നിട്ട് ഇവർക്ക് കേരളം മുഴുവന്ൻ സ്വീകരണം കൊടുക്കാം…കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരക്കണക്കിന് ആളുകളൾ മരിച്ച നാടല്ലെ കേരളം.. അതിനാല്‍ ഇതിന്റെ വീഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറിപറയാം…പ്രിയപ്പെട്ട സഹോദരി ഇങ്ങനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡ് വെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്..ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത് തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത്…വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കൽ കൂടി ആവര്‍ത്തിക്കുന്നു…’ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത്?.
ഡോ. ബിജു
ആലുവ അശ്വതി തിയറ്റേഴ്സിന്റെ നാടക വണ്ടി മോട്ടോർ വാഹന വകുപ്പ് റോഡില്ൽ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തിൽ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോർഡിന് വലുപ്പം കൂടുതല്‍ ആണത്രേ..ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോർഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തിൽ കാണാം. നാടക വണ്ടിയിൽ നാടക സമിതിയുടെ ബോർഡ് വെച്ചത് ഏതാനും സെന്റീമീറ്റർ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനൽ കുറ്റത്തിന് ആ നാടക കലാകാരന്മാർക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവൻ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാർക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ആകണം. സാറുമ്മാര് വാഹനത്തിൽ പച്ചക്കറി മേടിക്കാനും, മക്കളെ സ്കൂളിൽ വിടാനും, വീട്ടുകാർക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോൾഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ച് പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോർഡ് അളക്കാൻ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയർന്ന ആളുകളുടെയും വാഹനങ്ങൾ കൂടി പരിശോധിക്കാൻ ഉണ്ടാകണം. പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥർക്ക് അറിയാൻ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ.
ബാലാജി ശര്‍മ്മ
എന്തൊരു ശുഷ്‌കാന്തി എന്റമ്മോ സമ്മതിക്കണം … ജോലി ചെയ്യുന്നെങ്കിൽ ഇങ്ങനെ തന്നെ വേണം .. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം .. നാടക വണ്ടിയുടെ ഫ്‌ളക്‌സ് ബോർഡിന്റെ നീളം കൂടിയത്രേ ..പിഴ ചുമത്തി പോലും ! നാണമില്ലെടോ .. സർക്കാർ വാഹനങ്ങളിൽ അനധികൃത യാത്രക്കാരെയും , പച്ചക്കറിപോലുള്ള സ്വകാര്യ കാര്യങ്ങൾക്ക് വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാൻ ചങ്കൂറ്റം കാണിക്കു ഹെ # ഒരു സംസ്‌കാരത്തിനെ വാർത്തെടുക്കാൻ കഷ്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാൻ നാണമില്ലേ ?