ksrtc-strike

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിറുത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും. സമരവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കളക്ടര്‍ക്ക് വിശദീകരണം നല്‍കി.

ഗതാഗത തടസവും ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ് ഇടപ്പെട്ടത്. ഒരു സ്വകാര്യബസിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തുന്നത്. ഒരു പൊലീസ് ഡ്രൈവറും എസ്ഐയും മാത്രമാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ തെളിവെടുപ്പിന് കൈമാറി. കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചുവെന്നും കമ്മിഷണര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

അതേസമയം,​ മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ‌ക്കെതിരെ ആറുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെയാണ് കേസെടുത്തത്. സംഭവത്തിൽ ആർ.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു കെ..എസ്.ആർ.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഗാരേജിൽ കിടന്ന ബസുകൾ നിരത്തിൽ മാർഗതടസം സൃഷ്ടിക്കുന്ന വിധത്തിൽ ഡ്രൈവർമാർ അപകടകരമായി പാർക്കു ചെയ്തുവെന്ന് ആർ.ടി.ഒ ഗതാഗത മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മാർഗതടസം സൃഷ്ടിച്ച കെ.എസ്.ആ‌ർ.ടി.സി ഡ്രൈവർമാരുടെ പേരും അവരുടെ ലൈസൻസും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട ഫോർട്ട് അസി. കമ്മിഷണർ, ട്രാഫിക് അസി. കമ്മിഷണർ എന്നിവർക്ക് ആർ.ടി.ഒ കത്തും നൽകി. മോട്ടോർവാഹന നിയമം 1988 സെക്ഷൻ 190 -എഫ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാണിത്. കെ.എസ്.ആർ.ടി.സിക്കാരുമായി വാക്കുതർക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തി. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ എസ്.ആർ. ഷാജിയുടെ റിപ്പോർട്ടിൽ പറയുന്നു.