തിരുവനന്തപുരം: അക്ഷരാർത്ഥത്തിൽ തലസ്ഥാന നഗരിയിലെ ഗതാഗതം സ്‌തംഭിപ്പിക്കുന്ന കാഴ്‌ചയ്‌ക്കാണ് കഴിഞ്ഞദിവസം തിരുവനന്തപുരം സാക്ഷിയായത്. സ്വകാര്യബസ് ജീവനക്കാരുമായുണ്ടായ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ തർക്കം മൂർച്ഛിച്ച് ഒടുവിലത് പൊലീസുമായുള്ള സംഘർത്തിലേക്കും തുടർന്ന് അറസ്‌റ്റിലേക്കുമെല്ലാം വഴിമാറുന്നതിന് ഇന്നലെ തലസ്ഥാനം സാക്ഷ്യം വഹിച്ചു. പൊതുജനങ്ങളുടെ വൻതോതിലുള്ള വിമർശനത്തിനാണ് കെ.എസ്.ആർ.ടി.സിയും പൊലീസും വഴിവച്ചുകൊടുത്തത്. എന്നാൽ പ്രശ്‌നങ്ങൾക്ക് കാരണക്കാരായ സ്വകാര്യബസുകാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വേല ഭംഗിയായി നിർവഹിച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ഗൂഢാലോചനയും പുറത്തു വന്നിട്ടുണ്ട്.
സമയം തെറ്റിച്ച് ഓടുന്ന തങ്ങളുടെ ബസുകൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ തടഞ്ഞാൽ എയർ ബ്രേക്ക് തകരാറിലാക്കി ബസ് റോഡിൽ തന്നെ നിറുത്തണമെന്നും തടയുന്നവരെ കായികമായി നേരിടണമെന്നും ഫോൺ സംഭാഷണത്തിലുണ്ട്. സ്വകാര്യ ബസുകാർക്കെതിരെയുള്ള പരാതികൾക്ക് നേതൃത്വം നൽകുന്ന ഇൻസ്‌പെക്‌ടറുടെ പേരും ഫോൺ സംഭാഷണത്തിൽ പരാമർശിക്കുന്നു. പൊലീസിന്റെ എല്ലാ ഒത്താശയും ഇവർക്ക് ലഭിക്കുന്നുമുണ്ട്.
കെ.എസ്.ആർ.ടി.സി ജീവനക്കാർ തടഞ്ഞില്ലെങ്കിൽ ഇഷ്‌ടമുള്ള സമയത്ത് ബസ് ഓടിക്കാനും സ്‌റ്റാൻഡിൽ എവിടെയും നിറുത്തിയിടാനും സ്വകാര്യന്മാർക്ക് മടിയില്ല. കിഴക്കേക്കോട്ടയിൽ സ്വകാര്യ ബസുകൾക്ക് സ്‌റ്റാൻഡ് അനുവദിച്ചിട്ടില്ല. മൂന്ന് മിനിട്ട് ബസ് നിറുത്ത് ആളെ കയറ്റാൻ മാത്രമാണ് അനുമതി. ഇത് ദുരുപയോഗം ചെയ്‌താണ് മിക്ക ബസുകളുടെയും തോന്നുംപടിയുള്ള സർവീസ്. കഴിഞ്ഞ ദിവസം കിഴക്കേകോട്ടയിൽ കണ്ടത് ഇതിന്റെ ഉദാഹരണം മാത്രം.