womens

സിഡ്നി: ടി20 വനിതാ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ളണ്ടിനെതിരായ സെമി മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഇന്ത്യൻ പെൺപടയ്ക്ക് ഫൈനലിലേക്കുള്ള വഴി തെളിഞ്ഞത്. ഇന്ത്യൻ സമയം രാവിലെ 9.30 മണിക്ക് സിഡ്നിയിൽ നടക്കേണ്ടിയിരുന്ന സെമിഫൈനലിൽ മഴ കാരണം ടോസ് ചെയ്യാൻ പോലും കഴിയാതെയാണ് ഉപേക്ഷിച്ചത്. സെമിഫൈനലിന് റിസർവ് ദിനം ഉണ്ടായിരുന്നില്ല അതിനാൽ ഗ്രൂപ്പ് മത്സരങ്ങളിൽ എറ്റവുമധികം പോയിന്റ് നേടിയ ടീമിനെ ഫൈനലിലേക്ക് പരിഗണിക്കുകയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായിട്ടാണ് ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളിൽ ജയിച്ച് ആറുപോയിന്റുമാണ് ഇംഗ്ലീഷ് വനിതകൾ സെമിഫൈനൽ പോരാട്ടത്തിനെത്തിയത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇംഗ്ളണ്ടിനോട് ഇന്ത്യ തോറ്റിരുന്നു.

മഴ അല്പം ശമിച്ചപ്പോൾ 10 ഓവർ വീതം എറിഞ്ഞ് സെമിനടത്താനുള്ള സാധ്യത പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതേ മൈതാനത്ത് ഉച്ചക്ക് 1.30ന് ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ നടക്കേണ്ടതാണ്. രണ്ടാം സെമിയും മഴ ഭീഷണിയിൽ തുടരുകയാണ്. മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ട സ്ഥിതിവന്നാൽ ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടും. ഗ്രൂപ്പ് എയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് പോയിന്റാണുള്ളത്. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ അവർ വിജയിച്ചപ്പോൾ ഒരു മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു.

മാർച്ച് എട്ട് വനിതാ ദിനത്തിൽ നടക്കുന്ന ഫൈനലിന് മെൽബൺ വേദിയാകും. ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണെങ്കിലും ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടി20 ബാറ്റിഗ് റാങ്കിഗിൽ ഒന്നാമതുള്ള ഷെഫാലി വർമ്മയും വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള പൂനം യാദവും ഇന്ത്യയുടെ പോർമുനകളാണ്.