kaumudy-news-headlines

1. കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കി പ്രതിപക്ഷം. ഇന്നലെ കണ്ടത് ഭരണത്തിന്റെ പരിപൂര്‍ണ്ണ സ്തംഭനം എന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ആറ് മണിക്കൂര്‍ കളക്ടര്‍ എവിടെ ആയിരുന്നു എന്ന് ചോദ്യം. ഐ.ജി, എ.ഡി.ജി.പി, കമ്മിഷണര്‍ എന്നിവരെല്ലാം എവിടെ ആയിരുന്നു?. കെ.എസ്.ആര്‍.ടി മിന്നല്‍ പണിമുടക്കിലും തുടര്‍ന്നു ഉണ്ടായ മരണത്തിലും നിയമസഭ യില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. യാത്രക്കാരന്റെ മരണം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണം എന്ന് ആയിരുന്നു ആവശ്യം. എം.എല്‍.എ, എം.വിന്‍സെന്റ് ആണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


2. ജീവനക്കാരെ ന്യായീകരിച്ച കാനം രാജേന്ദ്രനും ചെന്നിത്തലയുടെ വിമര്‍ശനം. സമരത്തെ രാഷ്ട്രീയ വത്കരിക്കേണ്ട. എല്ലാവരും സമരത്തിന് ഉണ്ടായിരുന്നു എന്നും പ്രതിപക്ഷ നേതാവ്. ബസുകള്‍ പാര്‍ക്ക് ചെയ്തത് അല്ല ഗതാഗത കുരുക്കിന് കാരണം ആയത് എന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. പ്രശ്നം വഷളായതില്‍ പൊലീസിനും പങ്ക്. ബസുകള്‍ മാനത്ത് പാര്‍ക്ക് ചെയ്യാന്‍ ആവുമോ എന്നും കാനം ചോദിച്ചിരുന്നു. മിന്നല്‍ സമരത്തോട് യോജിക്കാന്‍ ആവില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം, ഇന്നലത്തെ സമരത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നില്ല എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു
3. സി.ഐ.ടി.യു പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഫോര്‍ട്ട് സ്റ്റേഷന്‍ ഉപരോധത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍. സമരത്തിന് നേതൃത്വം നല്‍കിയത് കെ.എസ്.ആര്‍.ടി.സി ഭാരവാഹി എന്നും കണ്ടെത്തല്‍. എന്നാല്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി സമരത്തില്‍ പങ്കെടുത്തിട്ടില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹരികൃഷ്ണന്‍ ഇന്നലെ സമര സ്ഥലത്ത് ഇല്ലായിരുന്നു. ഉണ്ടായിരുന്നു എങ്കില്‍ സമരം ഉണ്ടാകും ആയിരുന്നില്ല എന്നും കടകംപള്ളി പ്രതികരിച്ചു. കെ.എസ്.ആര്‍.ടി മിന്നല്‍ പണിമുടക്കില്‍ ഡ്രൈവര്‍മാര്‍ക്ക് എതിരെ എസ്മ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഫോര്‍ട്ട്- തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത്. മരിച്ച സുരേന്ദ്രന്റെ മരുമകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. സംഭവത്തില്‍ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി എന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു
4. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍. ഇംഗ്ലണ്ടിന് എതിരായ സെമി മഴ കാരണം ഉപേക്ഷിച്ചതോടെ ആണ് ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഉള്ള ടീം ഫൈനലില്‍ ഇടം നേടിയത്. സിഡ്നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടി ഇരുന്ന മത്സരത്തിന് ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. ഇതോടെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമിനെ ഫൈനലില്‍ പരിഗണിക്കുക ആയിരുന്നു. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എ യില്‍ ഇന്ത്യ കളിച്ച നാല് മത്സരങ്ങളും ജയിച്ചിരുന്നു. എട്ട് പോയിന്റാണ് ടീമിനുള്ളത്. എന്നാല്‍ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളാണ് ജയിച്ചത്. ആറ് പോയിന്റാണ് ഇംഗ്ലീഷ് വനിതകളുടെ അക്കൗണ്ടില്‍ ഉള്ളത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പിച്ചിരുന്നു.
5. കൊവിഡ് 19 ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 3,249 ആയി. ചൈനക്ക് പുറമെ ഇറ്റലിയിലും ദക്ഷിണ കൊറിയയിലും ആണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ തീരുമാനമായി. ചൈനയില്‍ മാത്രം 2981 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 107 പേരും ഇറാനില്‍ 92 പേരും രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 94,750 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5,621 പേര്‍ക്ക്.
6. ഇറ്റലിയിലെ എല്ലാ സ്‌കൂളുകളും ഇന്ന് മുതല്‍ 10 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് ബാധയെ നേരിടാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. വൈറസ് ബാധയില്‍ ഒരാള്‍ മരിച്ചതോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ മൂലമുള്ള കാലിഫോര്‍ണയയിലെ ആദ്യമരണമാണിത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു
7. സക്രാമെന്റോയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള 71 വയസുകാരനാണ് മരിച്ചത്. സാന്‍ ഫ്രാന്‍സിസ് കോയില്‍ നിന്നും പുറപ്പെട്ട പ്രിന്‍സസ് ക്രൂയിസ് ആഡംബര കപ്പലില്‍ കഴിഞ്ഞമാസം ഇദ്ദേഹം യാത്ര ചെയ്തിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായ പരിശോധനയ്ക്കു വൈറ്റ് ഹൗസ് നടപടികള്‍ ആരംഭിച്ചു. അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
8 രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ട മാനഭംഗ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണം എന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ പാട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് രണ്ട് മണിക്കാണ് കോടതി ഹര്‍ജി പരിഗണിക്കുക. കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ ആണ് പുതിയ മരണ വാറണ്ടിനായി നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നത്