voter-id

കൊൽക്കത്ത: ബംഗാളിൽ വോട്ടർ ഐ.ഡിയിൽ പട്ടിയുടെ പടം. മുർഷിദാബാദിലെ രാംനഗർ ഗ്രാമത്തിൽ താമസിക്കുന്ന സുനിൽ കർമാകർ എന്നയാൾക്കാണ് പൗരാവകാശമായ വോട്ടർ തിരിച്ചറിയൽ കാർഡിൽ തന്റെതിന് പകരം പട്ടിയുടെ പടം വച്ച് നൽകിയത്. വോട്ടർ തിരിച്ചറിയൽ കാർഡ് തിരുത്താൻ നൽകിയ ശേഷം പുതുക്കിക്കിട്ടിയ കാർഡ് കണ്ട് സുനിൽ ഞെട്ടിപ്പോയി തന്റെതിനു പകരം വിശ്രമിക്കുന്ന പട്ടിയുടെ പടം. ബ്ളോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ഫോട്ടോ തിരുത്തി നൽകിയെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

" കഴി‌ഞ്ഞ ദിവസം എന്നെ ദുലാൽ സ്മൃതി സ്കൂളിലേക്ക് വിളിച്ചാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. അപ്പോഴാണ് ഞാൻ ഫോട്ടോ ശ്രദ്ധിച്ചത്,​ അതിൽ ഉദ്യോഗസ്ഥൻ ഒപ്പും ഇട്ടിരുന്നു. ഇതെന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതണ്. ബി.ഡി.ഒ ഓഫീസിലെത്തി ഇനി ഇങ്ങനെ ആർക്കും സംഭവിക്കരുതെന്ന് മുന്നറിയിപ്പും നൽകി" സുനിൽ കർമാകറിന്റെ വാക്കുകൾ.

" ഇത് അദ്ദേഹത്തിന്റെ അവസാനത്തെ തിരിച്ചറിയൽ കാർഡ് അല്ല,​ തിരുത്തി വീണ്ടും നൽകും. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചപ്പോൾ അവിടെ നിന്ന് സംഭവിച്ച തെറ്റാണിത്. ഫോട്ടോ തിരുത്തിക്കഴിഞ്ഞു,​ ഉടൻ തന്നെ അദ്ദേഹത്തിന്റെ കൈകളിൽ അതെത്തിച്ചേരും." ബി.ഡി.ഒ ഓഫീസർ രാജർഷി ചക്രബർത്തിയുടെ പ്രതികരണം.