nisha-sarang

ഉപ്പും മുളകുമെന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ ബാലുവും നീലുവുമായി പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആദ്യ സിനിമ 'ലെയ്‌ക്ക' പ്രദർശനത്തിനൊരുങ്ങി. ബിജു സോപാനം തന്നെയാണ് ഈ വാർത്ത പ്രേക്ഷകരോട് പങ്കുവച്ചത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായ ഈ ചിത്രം നവാഗതനായ ആഷാദ് ശിവരാമനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുന്നതിന്റെ ഭാഗമായി ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരാധകരുമായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ചിത്രം കണ്ട് രണ്ട് പേരെയും അനുഗ്രഹിക്കണമെന്നും ഇരുവരും പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും ഒരു സിനിമയിൽ അഭിനയിച്ചു. ഉടൻ റിലീസാവുകയാണ്. ലെയ്ക്ക എന്നാണ് സിനിമയുടെ പേര്. എല്ലാവരും ഈ സിനിമ കാണണം. രണ്ടുപേരെയും അനുഗ്രഹിക്കണം. ലെയ്ക്ക എന്നത് ഒരു പ്രത്യേകതയുള്ള നായയാണെന്നും,​നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നും നീലു പറഞ്ഞു. റഷ്യയിൽ ആദ്യമായി ബഹിരാകാശത്ത് കയറ്റി അയച്ച ജീവിയാണ് ലെയ്ക്കയെന്ന് ബാലുവും കൂട്ടിച്ചേര്‍ത്തു. സ്പേസ് റിസേര്‍ച്ച് വളരെ ഇഷ്ടമായതിനാൽ താനാണ് നായയ്ക്ക് ലെയ്ക്ക എന്ന് പേരിട്ടതെന്നും ബാലു വീഡിയോയിൽ പറയുന്നു.