kavya-madhavans-mother

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മ ശ്യാമള, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരെ വിസ്‌തരിച്ചു.

ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവാര്യരുമായി സംസാരിച്ചിരുന്നുവെന്ന് കേസിന്റെ അന്വേഷണ വേളയിൽ ശ്യാമള മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് പ്രോസിക്യൂഷൻ വ്യക്തത തേടിയത്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോയ്‌ക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായിരുന്നു. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഷോയുടെ ചുമതല വഹിച്ചിരുന്നത് ഇടവേള ബാബുവാണ്. ഇക്കാര്യങ്ങളാണ് ഇടവേള വാബുവിൽ നിന്ന് അറിയേണ്ടത്.

അതേസമയം, അവധി അപേക്ഷ നൽകിയ നടൻ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു. അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് അയച്ചിരുന്നു. തുടർന്ന് അഭിഭാഷകൻ വഴി അവധി അപേക്ഷ നൽകിയതോടെയാണ് കുഞ്ചാക്കോ ബോബനോട് 9ാം തീയതി ഹാജരാകാൻ കോടതി നിർദേശിച്ചത്.

അതോടൊപ്പം,​ ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്‌താരത്തിനുള്ള തീയതി ഇന്ന് നിശ്ചയിക്കും.നടിയെ ആക്രമിച്ച കേസിൽ പ്രമുഖ സാക്ഷികളുടെ വിസ്‌താരമാണ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയിൽ തുടരുന്നത്. ഇതുവരെ 38 സാക്ഷികളുടെ വിസ്‌താരം പൂർത്തിയായി. ആദ്യഘട്ടത്തിൽ 136 സാക്ഷികളെയാണ് വിസ്‌തരിക്കുന്നത്.