''അമ്മേ..." സിദ്ധാർത്ഥിന്റെ അലർച്ച വീടിനുള്ളിൽ പ്രതിധ്വനിച്ചു.
മുറ്റത്തു നിന്നിരുന്ന അയൽക്കാരും അകത്തേക്കോടിയെത്തി.
''ചേച്ചീ..." ശാന്ത, മഹിമാമണിയെ കുലുക്കി വിളിച്ചു.
''അമ്മേ..." സിദ്ധാർത്ഥ് വീണ്ടും മഹിമാമണിയെ താങ്ങിയുയർത്തി.
''വെള്ളം..." അവരുടെ ചുണ്ടു ചലിച്ചു.
അടുത്ത് നേരത്തെതന്നെ വെള്ളവുമായി നിന്ന സ്ത്രീയിൽ നിന്ന് സിദ്ധാർത്ഥ് ഗ്ളാസ് വാങ്ങി മഹിമാമണിയുടെ ചുണ്ടോട് ചേർത്തു.
''വാതൊറക്കമ്മേ..."
പകുതി തുറന്ന കണ്ണുകളോടെ അവർ ചുണ്ട് അല്പം അകറ്റി.
അപ്പോൾ ഞെട്ടലോടെ സിദ്ധാർത്ഥ് കണ്ടു, അമ്മയുടെ പല്ലുകൾക്കിടയിൽ ചോരയുടെ വരകൾ...
''കുടിക്കമ്മേ..."
സിദ്ധാർത്ഥ് അല്പം വെള്ളം അവരുടെ വായിലേക്കു ചരിച്ചു.
''മതിയെടാ..."
ദുർബലമായ കൈ ഉയർത്തി മഹിമാമണി, മകന്റെ കയ്യിൽ വച്ചു.
''നീ പേടിക്കണ്ടാ... അമ്മയ്ക്ക് ഒന്നുമില്ല..."
ആ ശബ്ദം വളരെ പതിഞ്ഞിരുന്നു.
പെട്ടെന്ന് പുറത്ത് ആംബുലൻസിന്റെ സൈറൻ.
ഗ്ളാസ് സ്ത്രീയെ മടക്കിയേൽപ്പിച്ച് സിദ്ധാർത്ഥ് അമ്മയെ കൈകളിൽ കോരിയെടുത്തു. അവർക്കപ്പോൾ പെട്ടെന്നു ഭാരം വർദ്ധിച്ചുവരുന്നതുപോലെ അവനു തോന്നി.
ആംബുലൻസിൽ നിന്നു ചാടിയിറങ്ങിയ ചെമ്പല്ലി സുരേഷും മീറ്റർ ചാണ്ടിയും വൈറസ് മാത്യുവും പാഞ്ഞെത്തി.
അവരുംകൂടി ചേർന്ന് മഹിമാമണിയെ ആംബുലൻസിൽ കയറ്റി.
ഒപ്പം സിദ്ധാർത്ഥും മാത്യുവും ചാണ്ടിയും പിന്നിലും സുരേഷ് മുൻ സീറ്റിലും കയറി.
സൈറനിട്ടുകൊണ്ട് ആംബുലൻസ്
പാഞ്ഞു.
''എങ്ങോട്ടാ?"
ആംബുലൻസ് ഡ്രൈവർ പിന്നിലേക്കു തിരിഞ്ഞുനോക്കി.
''പത്തനംതിട്ട... ജനറൽ ഹോസ്പിറ്റൽ..." സിദ്ധാർത്ഥ് അറിയിച്ചു.
ബൈറോഡിൽ നിന്ന് ആംബുലൻസ് കോന്നി - പത്തനംതിട്ട റോഡിലേക്കിറങ്ങി.
അവിടെ വാഹനങ്ങളുടെ നീണ്ട നിര.
''മന്ത്രി വന്നെന്നു തോന്നുന്നു..."
ചെമ്പല്ലി സുരേഷ് പിറുപിറുത്തുകൊണ്ട് കയ്യും തലയും പുറത്തേക്കു നീട്ടി.
മറ്റ് വാഹനങ്ങളുടെ ഡ്രൈവറന്മാരോട് സൈഡു നൽകുവാൻ ആവശ്യപ്പെട്ടു.
അവർ മാക്സിമം ഒതുക്കിക്കൊടുത്തു.
ആംബുലൻസ് കിഴവള്ളൂർ ജംഗ്ഷൻ അടുത്തു.
അവിടെ വലിയ തിരക്ക്.
മന്ത്രിയും പോലീസുകാരും ജനങ്ങളും മീഡിയക്കാരും.
റോഡിന്റെ ഒരുഭാഗത്ത് കുഴിയെടുത്തുകൊണ്ടിരുന്ന ജെ.സി.ബി പ്രവർത്തനം നിർത്തി അവിടെത്തന്നെ കിടക്കുകയാണ്.
''നാശം പിടിക്കാൻ..."
സിദ്ധാർത്ഥ് ആംബുലൻസിൽ നിന്നു ചാടിയിറങ്ങി.
ജനങ്ങളും പോലീസും തമ്മിൽ സംഘർഷഭരിതമായ അന്തരീക്ഷം.
''എത്രകാലമായി റോഡിങ്ങനെ മുടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്? ആവശ്യമുള്ളതും അല്ലാത്തതുമായ മരങ്ങൾ വെട്ടിക്കൊണ്ടു പോകുവാൻ എല്ലാവർക്കും ധൃതിയായിരുന്നല്ലോ..."
ജനം പോലീസിനു നേർക്കു കയർക്കുകയാണ്.
''ഇപ്പോൾ തണലിനായി ഒറ്റ മരം പോലുമില്ല. റോഡ് മാന്തിപ്പൊളിക്കലും മൂടലുമല്ലാതെ ഇവിടെ എന്തു നടക്കുന്നു?"
''ഇതൊക്കെ എന്നോടു പറഞ്ഞിട്ടെന്താ കാര്യം?"
എസ്.ഐ ബോബികുര്യൻ കോപത്തോടെ തിരക്കി.
''കാര്യമില്ലെന്നറിയാം. അതുകൊണ്ടാ സാറങ്ങോട്ട് മാറി നിൽക്കാൻ പറഞ്ഞത്. പൊതുമരാമത്ത് മന്ത്രിയല്ലേ ആ നിൽക്കുന്നത്? ഞങ്ങള് അങ്ങേരോട് നേരിട്ടു ചോദിച്ചോളാം."
മറ്റൊരാൾ കയർത്തു.
''മന്ത്രിയുടെ അടുത്തേക്കിപ്പോൾ ആരെയും കടത്തിവിടാൻ നിവർത്തിയില്ല."
ബോബികുര്യൻ തീർത്തുപറഞ്ഞു.
''എന്നു പറഞ്ഞാലെങ്ങനാ?"
''അങ്ങനെ തന്നാ."
പോലീസുകാർ ലാത്തി കുറുകെപ്പിടിച്ച് ജനങ്ങളെ തള്ളിനിർത്തുകയാണ്.
ജനത്തിരക്കിനിടയിൽ അവിടെവരെപ്പോലും എത്തുവാൻ കഴിഞ്ഞില്ല സിദ്ധാർത്ഥിന്.
അവൻ പെട്ടെന്ന് റോഡ് സൈഡിലേക്കുമാറി പീടികത്തിണ്ണയോടു ചേർന്നു മുന്നോട്ടു നടന്നു.
മന്ത്രി പന്തളം സുശീലൻ ടിവി റിപ്പോർട്ടറന്മാർക്കു മുന്നിൽ പറയുകയാണ്:
''എന്തുവന്നാലും കോൺട്രാക്റ്ററന്മാരുടെ തോന്ന്യാസങ്ങൾക്കു മുന്നിൽ തല കുനിക്കില്ല.
''അത് അവരോടല്ലേ സാർ ചോദിക്കേണ്ടത്?"
ഒരു റിപ്പോർട്ടറുടെ ചോദ്യം.
പന്തളം സുശീലൻ അയാളെ രൂക്ഷമായി ഒന്നു നോക്കി. പിന്നെ അയാളുടെ കയ്യിൽ ഇരിക്കുന്ന മൈക്രോഫോണിന്റെ എംബ്ളത്തിലേക്കും.
''ഓ. നീ മറ്റവന്റെ ആളാണല്ലേ. എനിക്കറിയാം. ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചുകാട്ടി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നതല്ലേ നിങ്ങളുടെ പ്രധാന പണി?"
റിപ്പോർട്ടറും വിട്ടില്ല.
''അനന്തമായി നീണ്ടുപോകുന്ന ഈ റോഡുപണിയെപ്പറ്റി ഞങ്ങൾ പറയുന്നതാണോ സാറേ തെറ്റ്?"
പന്തളം സുശീലൻ ഒന്നു ചിരിച്ചു.
''എടോ. പണിയാകുമ്പം ചിലപ്പോൾ കാലതാമസം വന്നെന്നിരിക്കും. സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതും ഒരു ഘടകമാ. കേന്ദ്രം ഒന്നും തരുന്നുമില്ലല്ലോ."
''എന്നിട്ടും നിങ്ങളുടെ ധൂർത്തിന് ഒരു കുറവുമില്ലല്ലോ.
ആ ചോദ്യം മന്ത്രിയെ ചൊടിപ്പിച്ചു.
(തുടരും)