ചെന്നൈ:സൂപ്പർതാരം രജനികാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ആരാധക സംഘടനയായ രജനി മക്കൾ മൻട്രത്തിന്റെ യോഗം വിളിച്ചു. രജനിയുടെ സ്വന്തം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ ഇന്നലെ നടന്ന യോഗത്തിൽ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരാണ് പങ്കെടുത്തത്. പാർട്ടി പ്രഖ്യാപനവും പാർട്ടിയുടെ നയങ്ങളും ചർച്ച ചെയ്‌ത യോഗം ഒരു മണിക്കൂറോളം നീണ്ടു. പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ആരാധക കൂട്ടായ്‌മ വിപുലപ്പെടുത്തി രാഷ്ട്രീയ പാർട്ടിയായി അവതരിപ്പിക്കുമെന്നും രജനി മക്കൾ മൻട്രം വ്യക്തമാക്കി.
ആർ.എം.എമ്മിന്റെ നിലവിലെ ഭാരവാഹികളെ മുൻനിറുത്തി പാർട്ടി സംഘടനാ സംവിധാനം രൂപീകരിക്കും. 36 ജില്ലാ ഭാരവാഹികളുടെ എണ്ണം 42 ആയി ഉയർത്തും. ഒരു വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വിശ്വസ്ഥൻ രാജു മഹാലിംഗത്തെ നിയമിക്കും. പാർട്ടി പ്രഖ്യാപനം കണക്കിലെടുത്ത് പ്രവർത്തനം വിപുലപ്പെടുത്താൻ രജനികാന്ത് നിർദേശിച്ചു. ശക്തമായ ആരാധക പിന്തുണയ്ക്കൊപ്പം പുതിയ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവർത്തനം ഫലം കണ്ടാൽ രാഷ്ട്രീയ നീക്കം വിജയമാകുമെന്ന് യോഗം വിലയിരുത്തി. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ രജനി സംസ്ഥാന വ്യാപകമായി പര്യടനം നടത്തും.
കമലഹാസനുമായി സഖ്യ സാദ്ധ്യത ചർച്ചയായെങ്കിലും പാർട്ടി പ്രഖ്യാപനത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. തമിഴ് പുതുവർഷമായ ഏപ്രിൽ 14ന് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും.
ഒരു വിഷയത്തിൽ അസ്വസ്ഥൻ: രജനി
യോഗത്തിൽ ചർച്ച ചെയ്ത ഒരു വിഷയത്തെക്കുറിച്ച് താൻ വളരെയധികം അസ്വസ്ഥനാണെന്ന് രജനികാന്ത് പറഞ്ഞു. ആ വിഷയം സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്ന് രജനി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.