suspended-mp

ന്യൂഡൽഹി: ടി.എൻ പ്രതാപൻ,​ രാജ്മോഹൻ ഉണ്ണിത്താൻ,​ ഡീൻ കുര്യാക്കോസ്,​ ബെന്നി ബെഹ്നാൻ എന്നിങ്ങനെ കേരളത്തിൽ നിന്നുള്ള നാല് എം.പിമാരുൾപ്പടെ ഏഴ് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ചവേണമെന്ന ആവശ്യവുമായി കോൺഗ്രസ് ലോക്‌സഭയിൽ പ്രതിഷേധിച്ചത് കയ്യാങ്കളിയിലെത്തിയിരുന്നു,​ ഇതിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ. ഈ സമ്മേളനകാലത്തേക്കാണ് നടപടി.

ഡൽഹി കലാപത്തെക്കുറിച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാർലമെന്റിന്റെ ഇരുസഭകളിലും കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കനത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചർച്ചയെന്ന ആവശ്യത്തെച്ചൊല്ലിയുള്ള പ്രതിഷേധം പലവട്ടം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇതേച്ചൊല്ലി പലവട്ടം സഭ നിർത്തിവയ്ക്കുന്ന അവസ്ഥയുമുണ്ടായി. അതിനിടെ വളരെ അപ്രതീക്ഷിതമായാണ് സസ്പെൻഷൻ നടപടികളുണ്ടായത്. കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് പുറമേ മാണിക്കം ടാഗൂർ, ഗൗരവ് ഗോഗോയ്,​ ഗുരുജിത്ത് സിഗ് എന്നിവർക്കെതിരെയും നടപടിയുണ്ട്.

ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും ഡൽഹി കലാപത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാകാനും വേണ്ടിയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായെടുക്കുന്നില്ലെന്നും കോൺഗ്രസ് എം.പിമാരും വ്യക്തമാക്കി. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന താക്കീതും എം.പിമാർ നൽകി. കലാപത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെപോലും അവഹേളിക്കുന്ന തരത്തിലാണ് ഭരണപക്ഷ പ്രതികരണങ്ങളെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു.