toilet

തൃശൂർ: കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേക ശൗചാലയം എന്ന ബോർഡുവച്ച സംഭവം വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുറ്റൂർ മഹാദേവ ക്ഷേത്ര സെക്രട്ടറി പ്രേം കുമാർ. വിവാദം അനാവശ്യമാണെന്ന് സി.പി.എം നേതാവും തൃശൂർ മുൻസിപ്പൽ കൗൺസിലറുമായ പ്രേംകുമാർ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'കുലമഹിമയുടേയും ജാതിയുടേയും പേരിൽ വിശ്വാസികളെ വേർതിരിച്ചു കാണാറില്ല. പ്രസാദം പൂജാരിമാർ ഭക്തരുടെ കൈയിൽവച്ചുകൊടുക്കലാണ് ഇവിടത്തെ പതിവ്. എത്ര ക്ഷേത്രങ്ങളിൽ ഈ രീതിയുണ്ട് എന്ന് ചിന്തിക്കണം. മതേതരമായി ചിന്തിക്കുന്ന ഞങ്ങളെപോലുള്ള ഭാരവാഹികളുള്ള ഈ അമ്പലത്തിൽ അത്തരം ചിന്തകൾക്ക് സ്ഥാനമില്ല. ശൗചാലത്തിന്റെ കാര്യത്തിലുള്ള വേർതിരിവ് ബോധപൂർവം സംഭവിച്ചതല്ല. അമ്പലത്തിൽ നിന്ന് കുറച്ച് അകലെയായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്തതാണത്. ക്ഷേത്ര ജീവനക്കാരും മേൽശാന്തിക്കാരുമുൾപ്പെടെ എല്ലാ ക്ഷേത്ര ജീവനക്കാരും ഉപയോഗിക്കുന്നതാണ് ആ ശൗചാലയം. 25 വർഷം മുമ്പാണ് അത് നി‌ർമിച്ചത്. പണി കഴിപ്പിച്ച പലരും ഇന്ന് ജീവനോടെയില്ല'-അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിൽ ബോർഡ് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് ബോർഡുകൾവച്ച ശൗചാലയങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാദത്തെത്തുടർന്ന് ബ്രാഹ്‌മണർ എന്ന് എഴുതിയ ബോർഡ് മാറ്റിയിട്ടുണ്ട്.