വയനാട്: കഴിഞ്ഞ സ്കൂളടപ്പിന് കുഞ്ഞോമനകളെ ചേർത്തു പിടിച്ച് സനോജ് വാക്കുകൊടുത്തു, 'അച്ഛൻ വ്യത്യസ്തമായ കളിപ്പാട്ടം ഉണ്ടാക്കിത്തരും. നിങ്ങളിതുവരെ കണ്ടിട്ടില്ലാത്തത്. അല്പം കാത്തിരിക്കണം."...
ഏഴാം ക്ളാസുവരെ മാത്രം പഠിച്ച നാട്ടുമ്പുറത്തുകാരന്റെ, നമിച്ചു പോകുന്ന കരവിരുതാണ് വീട്ടു മുറ്റത്ത് തെളിഞ്ഞത്. അതിങ്ങനെ. മുറ്റത്തൊരു ഒരു കുഞ്ഞു മീൻകുളം. അതിന്റെ കരയിൽ സദാ പ്രവർത്തിക്കുന്നു 10 തടിപ്പാവകൾ. ഒരാൾ കുളത്തിൽ മീൻ പിടിക്കുമ്പോൾ, വേറൊരാൾ സൈക്കിൾ ചവിട്ടും, മറ്റൊരാൾ തോണി തുഴയും, ഇനിയൊരാൾ നെല്ല് കുത്തുമ്പോൾ അടുത്തയാൾ വിറക് വെട്ടും, മറ്റു രണ്ടുപേർ മരം ഈർച്ചയിടും ...
ഇവരെ ഇടവേളകളില്ലാതെ 'ജോലി" ചെയ്യിപ്പിക്കുന്നത് ഒരു ജലചക്രമാണ്. വയലിലെ നീരുറവയിൽ നിന്ന് പൈപ്പ് വഴി കൊണ്ടുവരുന്ന വെള്ളം വീഴുന്നതിന്റെ ശക്തിയിൽ ടർബൈൻ കറങ്ങും. ഈ ജലചക്രത്തെ ചെറിയ കമ്പികൾ വഴി, പത്ത് പാവകളോട് ചേർത്ത് വച്ചു. ചക്രം തിരിയുമ്പോൾ പത്ത് പാവകളും ഒരേ സമയം വ്യത്യസ്തമായ ജോലികൾ ചെയ്യുകയാണ്.
ഇവർ സംഗീതം കേട്ട് പണിയെടുക്കട്ടെ എന്ന സങ്കല്പത്തിൽ മുളന്തണ്ടും ചെറു കമ്പുകളും കൊണ്ട് സംഗീതവും സനോജ് ഒരുക്കി. സംഗീതമുയരുന്നതും ജല ചക്രത്തിന്റെ ചലനത്തിലൂടെയാണ്. ടർബൈന്റെ ജോലി അവിടെ തീർന്നില്ല, പൈപ്പിലൂടെ ഒഴുകി വരുന്ന തെളിനീരിനെ അടുത്തുള്ള കുളത്തിലേക്ക് ഒഴുക്കും. അപ്പോഴുയരുന്ന കുമിളകൾ സൃഷ്ടിക്കുന്ന ഓക്സിജൻ കുളത്തിലെ മുന്നൂറിൽപ്പരം മീനുകൾക്ക് പ്രാണവായു സുഗമമാക്കുന്നു. കറിവയ്ക്കാൻ ഇവിടെന്നാണ് മീൻ പിടിക്കുന്നത്. 2 സെന്റ് വിസ്തൃതിയും ഒന്നര മീറ്റർ ഉയരവുമുള്ള കുളം കെട്ടി വേർതിരിച്ച് അലങ്കാര മത്സ്യങ്ങളും വളർത്തുന്നു.
ചിരട്ട കൊണ്ടും തേങ്ങ കൊണ്ടുമൊക്കെ നിർമ്മിച്ച കരകൗശല വസ്തുക്കളും സനോജ് വീട് നിറയെ തയ്യാറാക്കി വച്ചിട്ടുണ്ട്.
സനോജിന്റെ എല്ലാ ഉദ്യമങ്ങൾക്കും പിന്തുണയുമായി ഭാര്യ ലക്ഷ്മിയുണ്ട്. മൂത്ത മകൻ അഭിനവ് ഒന്നിലും ഇളയവൻ ആദിദേവ് എൽ.കെ.ജിയിലുമാണ്. ഇരുവരുമിപ്പോൾ വളരെ ഹാപ്പി.