ankit-sharma

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുൻ എ.എ.പി നേതാവ് താഹിർ ഹുസൈൻ അറസ്‌റ്റിൽ. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകമുൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ് ആം ആദ്മി പാർട്ടി മുൻ കൗൺസിലർ കൂടിയായ താഹിർ. കീഴടങ്ങാനുള്ള അപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അപേക്ഷ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

എന്നാൽ താൻ നിരപരാധി ആണെന്നും, കലാപത്തിന്റെ ഇരയായ തന്നെ കുറ്റവാളിയാക്കുകയാണെന്നും താഹിർ ഹുസൈൻ പ്രതികരിച്ചു. കലാപം പൊട്ടിപുറപ്പെട്ട ദിവസം പൊലീസ് നിർദേശ പ്രകാരം അക്രമികളിൽ നിന്ന് കുടുംബവുമായി രക്ഷപ്പെട്ടതാണെന്നും അറസ്‌റ്റിന് മുമ്പ് ഇയാൾ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ സംഘർഷം രൂക്ഷമായ സമയത്താണ് ഐ.ബി ഉദ്യോഗസ്ഥനായ അങ്കിതിനെ കാണാതായത്. തൊട്ടടുത്ത ദിവസം ഒരു അഴുക്കു ചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് അങ്കിതിന്റെ കുടുംബവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്ന് പെട്രോൾ ബോംബുകളടക്കം കണ്ടെടുക്കുകയും ചെയ‌്തു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താഹിർ ഹുസൈനെ ആം ആദ്മി പുറത്താക്കുകയും ചെയ‌്തു.