viktor

കൊച്ചി: വെജിറ്റേറിയൻ മസാലക്കൂട്ട് നിർമ്മാണ രംഗത്തെ പ്രമുഖരായ ബ്രാഹ്മിൺസ് ഫുഡ്സ് ഇന്ത്യ, അടുത്ത സാമ്പത്തിക വർഷത്തേക്കായി (2020-21) ആവിഷ്‌കരിച്ചിട്ടുള്ളത് വൻ വികസന പദ്ധതികൾ. കമ്പനിയുടെ നാലാമത്തെ പ്രൊഡക്‌ഷൻ യൂണിറ്ര് കോതമംഗലം പൈങ്ങോട്ടൂരിൽ മൂന്നു മാസത്തിനകം സജ്ജമാകുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സി.ഐ.ഐ കേരള വൈസ് ചെയർമാനുമായ ശ്രീനാഥ് വിഷ്‌ണു പറഞ്ഞു.

എറണാകുളം പ്രസ് ക്ളബ്ബിൽ 'മീറ്ര് ദ പ്രസി"ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ, കിഴക്കമ്പലം, രാമപുരം (കോട്ടയം) എന്നിവിടങ്ങളിലാണ് നിലവിലെ യൂണിറ്രുകൾ. 9,500 ടണ്ണാണ് വാർഷിക ഉത്പാദനം. ആറുകോടി രൂപയാണ് ഫുള്ളി ഓട്ടോമേറ്റഡായ പുതിയ യൂണിറ്രിന്റെ ആദ്യഘട്ട നിക്ഷേപം.

കഴിഞ്ഞവർഷം 75 കോടി രൂപയായിരുന്നു വിറ്റുവരവ്. നടപ്പുവർഷം 85 കോടി രൂപയും അടുത്തവർഷം 105 കോടി രൂപയുമാണ് ലക്ഷ്യം. ആഭ്യന്തര വിപണിയിലാണ് കൂടുതൽ ശ്രദ്ധ. കേരളത്തിൽ തൃശൂരിൽ നിന്ന് തെക്കോട്ടും വിദേശത്ത് യു.എ.ഇ., ഒമാൻ, ഖത്തർ എന്നിവയുമാണ് മുഖ്യ വിപണികൾ. സാമ്പാർ പൗഡർ, അച്ചാറുകൾ എന്നിവയ്ക്കാണ് കേരളത്തിൽ ഏറ്റവുമധികം പ്രിയം.

ബ്രാഹ്മിൺസിന്റെ വെളിച്ചെണ്ണ കഴിഞ്ഞവർഷം വിപണിയിൽ എത്തിയിരുന്നു. ബ്രാൻഡ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി 'വിക്‌ടർ" എന്ന കാപ്പിപ്പൊടിയും അവതരിപ്പിച്ചു. കമ്പനിക്കായി ടാറ്റയാണ് ഇത് നിർമ്മിക്കുന്നത്. തന്റെ വ്യക്തിപരമായ ഇഷ്‌ടത്തിന്റെ ഭാഗമായ 'റൈറ്റോൾ" എന്ന സംരംഭത്തിന്റെ ആദ്യഷോറൂം വൈകാതെ ഒബ്‌റോൺ മാളിൽ തുറക്കും. ആഡംബര പേനകൾ ഇവിടെ ലഭിക്കും. 10,000 രൂപ മുതൽ 3.25 ലക്ഷം രൂപ വരെയാണ് പേനകളുടെ വില.

നോൺ-വെജ് കൂട്ടുകളിലേക്ക് ബ്രാഹ്മിൺസ് കടക്കില്ല. ഓഹരി ലിസ്‌റ്രിംഗും ആലോചനയില്ല. കേരളത്തിലും ഗൾഫിലും 'ബ്രാഹ്മിൺസ്" എന്ന പേര് പ്രശ്‌നമില്ല. എന്നാൽ, പുതിയ വിപണികളിലേക്ക് ചെല്ലുമ്പോൾ ചോദ്യങ്ങൾ ഉയരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

125-ാം വാർഷിക

നിറവിൽ സി.ഐ.ഐ

ബിസിനസ് സമൂഹത്തിന്റെ കൂട്ടായ്മയായ സി.ഐ.ഐയുടെ 125-ാം വർഷമാണിത്. പുതിയ വർഷത്തെ 'തീം" വൈകാതെ സി.ഐ.ഐ പ്രഖ്യാപിക്കും. എസ്.എം.ഇകൾക്കായിരിക്കും മുൻതൂക്കമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീനാഥ് വിഷ്‌ണു പറഞ്ഞു.

കേരളത്തിൽ ഭക്ഷ്യസംസ്‌കരണ മേഖലയാണ് കൂടുതൽ വളരുന്ന എസ്.എം.ഇ. ചെറുകിട ടെക്‌സ്‌റ്രൈൽ, കരകൗശലം എന്നിവയ്ക്കും സാദ്ധ്യതയേറെ. നോട്ട് അസാധുവാക്കൽ തിരിച്ചടിയായെങ്കിലും നിയമപരമായ ബിസിനസിലേക്ക് ശ്രദ്ധയൂന്നാൻ മേഖലയെ അത് സഹായിച്ചു. കയറ്റുമതിയിലും കൂടുതൽ ശ്രദ്ധപതിഞ്ഞു. ജി.എസ്.ടിയും കൊറോണയും വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടില്ല. കൊറോണ കേരളാ ടൂറിസത്തെ ഉലച്ചിട്ടുണ്ട്.