ഇന്ത്യയിൽ ജീവനുള്ള ഞണ്ടുകളെ നേർച്ചയായി നൽകുന്ന ഒരു ക്ഷേത്രമുണ്ട്. സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രത്തിലാണ് ഈ വിചിത്ര ആചാരം. സൂറത്തിലെ ഈ ക്ഷേത്രത്തിൽ ഭക്തർ മകരസംക്രാന്തി ദിനത്തില്ലാണ് ജീവനുള്ള ഞണ്ടുകളെ ഭഗവാന് അർപ്പിക്കുന്നത്. എല്ലാ വർഷവും ഉത്സവകാലത്ത് ശിവലിംഗത്തിന് മുന്നിൽ ഞണ്ടുകളെ അർപ്പിക്കുന്നു.
ജനുവരി മാസത്തിലാണ് മകരസംക്രാന്തി നടക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൂറത്തിലെ ശിവക്ഷേത്രം ജനശ്രദ്ധ നേടി. രാംനാഥ് ശിവഗേല ക്ഷേത്രത്തിലെ പുരാതന പാരമ്പര്യങ്ങളിലൊന്നാണ് ഈ നേർച്ച. ക്ഷേത്രം പണികഴിപ്പിച്ചത് ശ്രീരാമൻ എന്നാണ് വിശ്വാസം. ഒരിക്കൽ ലങ്കയിലേക്കുള്ള യാത്രയ്ക്കിടെ കടലിൽ രാമന്റെ കാലിൽ ഒരു ഞണ്ടു വന്ന് തടഞ്ഞു.
ഈ സംഭവത്തിൽ രാമൻ സന്തോഷിക്കുകയും ഞണ്ടിനെ ആനുഗ്രഹിക്കുകയും ചെയ്തു. ഞണ്ടുകൾ ആരാധനയുടെ പ്രധാന ഭാഗമാകുമെന്നായിരുന്ന അനുഗ്രഹിച്ചത്. ജീവനുള്ള ഞണ്ടുകളെ നേർച്ചയായി നൽകുന്നതിന്റെ പിന്നിലെ ഐതിഹ്യം ഇതാണ്.
ഞണ്ടുകളെ നേർച്ചയായി നൽകി പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് ഇവിടെയുള്ള വിശ്വാസം. ഈ വിശ്വാസം സൂറത്തിനു പുറത്തേക്കും പ്രചരിച്ചു. പുറം നാടുകളിൽ നിന്നും നിരവധി ഭക്തർ ഇവിടെയെത്തി ഞണ്ടുകളെ നേർച്ചയായി നൽകിത്തുടങ്ങി.
ഞണ്ടുകളെ നേർച്ചയായി നൽകിയാൽ കുടുംബത്തിലേക്ക് ഭാഗ്യം തേടി എത്തുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. എല്ലാം കഴിഞ്ഞ് ഭക്തർ നേർച്ചയായി നൽകുന്ന ഞണ്ടുകളെ കടലിൽ വിടുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തിലെ ജീവനക്കാർ തന്നെയാണ് ഇത് ചെയ്‌ത് വരുന്നത്.