madhyapradesh

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെ വീഴ്‌ത്താനുള്ള ബി.ജെ.പിയുടെ നീക്കം തകർന്നെന്ന് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് നേരിട്ടിറങ്ങി എട്ട് എം.എൽ.എമാരിൽ ആറുപേരെ ഭോപ്പാലിൽ തിരിച്ചെത്തിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇവരെ നേരെ മുഖ്യമന്ത്രി കമൽനാഥിന്റെ വസതയിലേക്കാണ് കൊണ്ടുപോയത്.

ഹരിയാനയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മനേസറിൽ നാടകീയസംഭവങ്ങളാണ് ചൊവ്വാഴ്‌ച അർദ്ധരാത്രി അരങ്ങേറിയത്. ദിഗ്‌വിജയ് സിംഗും മകനും മന്ത്രിയുമായ ജയ്‌വർദ്ധൻ സിംഗും മന്ത്രി ജിത്തു പട്‌വാരിയും ചേർന്നാണ് എം.എൽ.എമാരെ തിരികെ എത്തിച്ചത്. ഇവരെ വടക്കൻ ഡൽഹിയിലെ വസന്ത് കുഞ്ജിലെ ഹോട്ടലിലേക്ക് കൊണ്ടുവരികയും അവിടെ നിന്ന് ഭോപ്പാലിൽ എത്തിക്കുകയുമായിരുന്നു. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു.

ആരോപണങ്ങൾ

സർക്കാരിനെ വീഴ്‌ത്താൻ സഹായിച്ചാൽ 35 കോടി തരാമെന്നും മന്ത്രിയാക്കാമെന്നും ശിവരാജ് സിംഗ് ചൗഹാൻ വിളിച്ച് പറഞ്ഞെന്ന് ഒരു കോൺഗ്രസ് എം.എൽ.എ ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി ഉന്നം വച്ചായിരുന്നു ബി. ജെ. പിയുടെ അട്ടിമറി നീക്കം. മൂന്ന് രാജ്യസഭാ സീറ്റാണ് മദ്ധ്യപ്രദേശിൽ ഒഴിവുള്ളത്‌. നിലവിലെ അംഗബലത്തിൽ രണ്ടെണ്ണത്തിൽ കോൺഗ്രസിന് ജയിക്കാനാകും. കുറച്ചു പേരെ മറുകണ്ടം ചാടിച്ചാൽ ബി.ജെ.പിക്ക് രണ്ട് സീറ്റ് പിടിക്കാമായിരുന്നു.രണ്ട് സീറ്റിൽ കോൺഗ്രസിന്റെ ദിഗ്‌വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും തന്നെ മത്സരിക്കാനാണ് സാദ്ധ്യത.

അതേസമയം, കമൽനാഥ് - സിന്ധ്യ പോരാണ് വിമതനീക്കത്തിന് കാരണമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താൻ സിന്ധ്യയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് കമൽനാഥുമായി അഭിപ്രായ ഭിന്നതയില്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ നിഷേധിച്ചു. കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്ക് ബി.ജെ.പിയെ പഴിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു

'12 എം.എൽ.എമാരെ ചാക്കിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നാല് എം.എൽ.എമാർ ഇപ്പോഴും അവരുടെ കസ്റ്റഡിയിലുണ്ട്. അവർ കർണാടകത്തിലെ റിസോർട്ടിലാണ്. അവരും തിരിച്ചുവരും.

- ദിഗ്‌വിജയ് സിംഗ്