amv-sheeba-

കോഴിക്കോട് : തൃശൂർ തൃപ്രയാറിൽ നാടകസംഘം സഞ്ചരിച്ച വാഹനത്തിൽ ബോർഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് തൃപ്രയാർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷീബ. വാഹനത്തിന്റെ മുകളിൽ ബോർഡ് വയ്ക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ മാത്രമാണ് ആവശ്യപ്പെട്ടത്.. 24000 എന്നത് പിഴയല്ലെന്നും ബോർഡിന്റെ അളവാണെന്നും ഒരു രൂപ പോലും പിഴയായി വാങ്ങിയിട്ടില്ലെന്നും എ.എം.വി. ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പറഞ്ഞു.

ബോർഡ് വെച്ച് ഓടിയ ചില വാഹനങ്ങൾ അടുത്തിടെ അപകടത്തിൽപ്പെട്ടിരുന്നു. താത്കാലികമായി ബോർ‌ഡ് കെട്ടിവെച്ചാണ് ചില വാഹനങ്ങൾ ഓടിയിരുന്നത്. അതിന്റെ കയർ അഴിഞ്ഞുവീണാണ് അപകടമുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് നാടകവണ്ടി പരിശോധിച്ചത്. തുടർന്ന് ഇങ്ങനെ ബോർഡ് വെച്ച് ഓടുന്നത് ശരിയല്ലെന്ന് ഡ്രൈവറോട് പറഞ്ഞു. ബോർ‌ഡ് വയ്ക്കണമെങ്കിൽ നിയമപ്രകാരം ഫീസ് അടയ്ക്കണമെന്നും അതിനുശേഷം മാത്രമേ വാഹനങ്ങളിൽ ബോർ‌ഡ് പ്രദർശിപ്പിക്കാനാകൂവെന്നും വ്യക്തമാക്കി. ഇതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ കയർത്ത് സംസാരിച്ചത്. ഏത് വകുപ്പനുസരിച്ചാണ് ഈ പറയുന്നതെന്നും ഇത്രയും വർഷമായിട്ടും ഒരു ഉദ്യോഗസ്ഥനും തങ്ങളുടെ വാഹനത്തിനെതിരെ കേസ് ചാർജ് ചെയ്തിട്ടില്ലെന്നും അയാൾ ഭീഷണിപ്പെടുത്തി. അ ഇതിനുശേഷമാണ് താൻ പറഞ്ഞ കാര്യങ്ങൾ എഴുതിനൽകണമെന്ന് അയാൾ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ബോർഡിനെ സംബന്ധിച്ച കാര്യങ്ങൾ എഴുതി നല്‍കിയത്. കൃത്യമായി അളന്നുനോക്കിയിട്ട് മാത്രമേ ബോർഡിന്റെ വിശദാംശങ്ങള്‍ എഴുതിനൽകാനാവൂ. അതിനാലാണ് കൃത്യമായി ബോർഡിന്റെ അളവ് രേഖപ്പെടുത്തിയത്.

24000 സെന്റിമീറ്റർ സ്‌ക്വയർ എന്ന അളവ് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 24000 എന്നത് പിഴത്തുകയല്ല. അത് ബോർഡിന്റെ ഏരിയയാണ്. ഒരു സെന്റിമീറ്റർ സ്‌ക്വയറിന് 20 പൈസയാണ് ഫീസ് അടയ്ക്കേണ്ടത്. അങ്ങനെയാണെങ്കിൽ 4800 രൂപയേ വരികയുള്ളൂ. ഈ പണം ഒരു വര്‍ഷത്തേക്ക് ബോർഡ് വെക്കുന്നതിനുള്ള തുകയാണ്.' അതും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കല്ല ഈ തുക നൽകേണ്ടതെന്നും ആർ.ടി. ഓഫീസിൽ പണമടച്ചാണ് രസീത് കൈപ്പറ്റേണ്ടതെന്നും എ.എം.വി. ഷീബ വ്യക്തമാക്കി.

വാഹനത്തിന്റെ പുറകിലും മുന്നിലുമായി 160 സെന്റീമീറ്റർ നീളത്തിലും 150 സെന്റീമീറ്റർ വീതിയിലുമായി അശ്വതി എന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. അത് മോട്ടോർ വാഹന നിയമം 191-ന്റെ ലംഘനമാണ്. അതുകൊണ്ട് 160 X 150 = 24,000 അളവിന്റെ ഫീസ് ഈടാക്കേണ്ടതാണ്. ഇതാണ് രസീതിൽപറഞ്ഞിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് 'ആലുവ അശ്വതി' എന്ന നാടകസംഘത്തിന്റെ വാഹനത്തിന് ചേറ്റുവ പാലത്തിനു സമീപം പരിശോധന നടത്തിയിരുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബോർഡിന് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ല എന്ന് കാണിച്ച് വാഹനത്തിന്റെ മുകളിൽ കയറി ബോർഡിന്റെ അളവെടുത്ത ശേഷം 24,000 രൂപ പിഴ ചുമത്തി എന്നായിരുന്നു ആരോപണം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ സിനിമാരംഗത്തുള്ളവരടക്കം പ്രതികരിച്ചിരുന്നു. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കിൽ കർശനമായ നടപടിയെടുക്കണമെന്ന് ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി എ..കെ..ബാലനും പ്രതികരിച്ചിരുന്നു..

എന്നാൽ നാടകസംഘം ആരോപിക്കുന്ന കാര്യങ്ങൾ തീര്‍ത്തും തെറ്റാണെന്നാണ് വാഹനം പരിശോധിച്ച എ.എം.വി. ഷീബയുടെ നിലപാട്.