gold

 എം.എൽ.എ മാപ്പുപറയണമെന്ന് എ.കെ.ജി.എസ്.എം.എ

കൊച്ചി: കള്ളക്കടത്ത് മാഫിയ സമാന്തരമായി സൃഷ്‌ടിച്ച വിപണിയാണ് കേരളത്തിൽ സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം ഇടിയാൻ കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) അഭിപ്രായപ്പെട്ടു. എന്നാൽ, വ്യക്തമായ കാരണങ്ങൾ മനസിലാക്കാതെ, കേരളത്തിൽ നിയമപരമായി വ്യാപാരം നടത്തുന്ന എല്ലാ സ്വർണ വ്യാപാരികളെയും നികുതി വെട്ടിപ്പുകാരെന്ന് ചിത്രീകരിച്ച വി.ഡി. സതീശൻ എം.എൽ.എ മാപ്പുപറയണമെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൾ നാസർ എന്നിവർ ആവശ്യപ്പെട്ടു.

വാറ്ര് കാലഘട്ടത്തിൽ സ്വർണ മേഖലയിൽ നിന്നുള്ള നികുതി വരുമാനം 700 കോടി രൂപയായിരുന്നു. ജി.എസ്.ടി വന്നിട്ടും നികുതി വരുമാനം കുറയുകയല്ല, കേന്ദ്രത്തിനും കേരളത്തിനുമായി വീതിച്ചു പോവുകയാണുണ്ടായത്. കേരളത്തിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിലൂടെ വൻതോതിൽ കള്ളക്കടത്ത് സ്വർണം ഒഴുകുകയാണ്. നിയമാനുസൃതം ഒരുകിലോ തങ്കക്കട്ടി വാങ്ങുന്ന വ്യാപാരി 45 ലക്ഷം രൂപ നൽകണം. കള്ളക്കടത്തുകാർ ആറുലക്ഷത്തോളം രൂപ ലാഭിച്ച് ഇത് സ്വന്തമാക്കുന്നു.

കള്ളക്കടത്ത് മാഫിയ വീടുകൾ കയറിയിറങ്ങി അനധികൃതമായി വില്പന നടത്തുകയാണ്. ലൈസൻസുകളില്ലാതെ, കുടിൽ വ്യവസായം പോലെ ഇവർ തട്ടിപ്പ് നടത്തുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ, 'കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക"യെന്ന നയമാണ് എടുക്കുന്നത്. കള്ളക്കടത്ത് തടയാനായി, ജി.എസ്.ടി രജിസ്‌ട്രേഷനുള്ള കടകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വിരോധാഭാസമാണ്.

യക്തിക്കുനിരക്കാത്ത അനുമാന നികുതി ഏർപ്പെടുത്താനുള്ള നീക്കങ്ങളെയും എ.കെ.ജി.എസ്.എം.എ ശക്തമായി എതിർക്കുന്നു. കള്ളക്കടത്ത് മാഫിയയെ സഹായിക്കുന്ന നിലപാടാണ് ഭരണ-പ്രതിപക്ഷ രാഷ്‌ട്രീക്കാർക്കും ഉദ്യോഗസ്ഥർക്കുമുള്ളതെന്നും ഭാരവാഹികൾ ആരോപിച്ചു.