മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലിനെ കസ്റ്റഡിയിലെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നരേഷിന്റെ വസതിയിലും ഓഫിസിലും മണിക്കൂറുകളോളം പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഗോയലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
ഗോയലിന് 19 കമ്പനികളുണ്ടെന്നും ഇതിൽ അഞ്ചെണ്ണം വിദേശത്ത് രജിസ്റ്റർ ചെയ്തതാണെന്നും ഇ.ഡി കണ്ടെത്തി. കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്ന, സംശയാസ്പദമായ പണമിടപാടുകളാണ് ഈ കമ്പനികളുടേത് എന്നാണ് ഇ.ഡിയുടെ നിഗമനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജെറ്റ് എയർവേസ് പൂർണമായും സർവീസ് നിറുത്തിയത്. ഒരു മാസം മുമ്പാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഗോയൽ പടിയിറങ്ങിയത്.