ടെഹ്‌റാൻ: ഡൽഹി കലാപത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവനയുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയ്. തീവ്രവിഭാഗങ്ങളെ നിയന്ത്രിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യ മുസ്ലിം ലോകത്തുനിന്നും ഒറ്റപ്പെടുമെന്നാണ് ഖമനേയ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡൽഹി കൂട്ടകുരുതിയിൽ ലോകത്താകമാനമുള്ള മുസ്ലീങ്ങൾ ഹൃദയവേദനയിലാണെന്നും തീവ്ര ഹിന്ദുക്കളെയും അവരുമായി ബന്ധമുള്ള വിഭാഗങ്ങളെയും നിയന്ത്രിക്കണമെന്നും ഖമനേയ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇന്ത്യ മുസ്ലിം ലോകത്തുനിന്നും ഒറ്റപ്പെടുന്നത് ഒഴിവാക്കാനായി രാജ്യത്തെ മുസ്ലീങ്ങളുടെ കൂട്ടകുരുതി തടയണമെന്നും ഖമനേയ് ആവശ്യപ്പെട്ടു. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രതികരണം നടത്തിയിരിക്കുന്നത്. 'ഇന്ത്യൻ മുസ്ലീങ്ങൾ അപകടത്തിൽ' എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്.
ഡൽഹി കലാപ വിഷയത്തിൽ പ്രതികരിക്കുന്ന നാലാമത്തെ പ്രധാന മുസ്ലിം രാഷ്ട്രമാണ് ഇറാൻ. മൂന്ന് ദിവസം മുൻപാണ് ഈ വിഷയത്തിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് തന്റെ പ്രതികരണം അറിയിച്ചത്. നൂറ്റാണ്ടുകളായി ഇന്ത്യ ഇറാന്റെ സുഹൃത്തായിരുന്നുവെന്നും ഡൽഹി കലാപത്തെ ഇറാൻ ശക്തമായി അപലപിക്കുന്നുവെന്നുമാണ് സരീഫ് ട്വീറ്റ് ചെയ്തിരുന്നത്.
ഈ പ്രതികരണത്തിലുള്ള അതൃപ്തി അറിയിക്കുന്നതിനായി ന്യൂ ഡൽഹിയിലെ ഇറാനിയൻ അംബാസഡറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. രണ്ടാഴ്ച മുൻപ് രാജ്യ തലസ്ഥാനത്തിന്റെ വടക്കു കിഴക്കൻ ഭാഗത്ത് നടന്ന കലാപത്തിൽ 53 ജീവനുകൾ നഷ്ടപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ നടന്ന സംഘർഷം കലാപത്തിലേക്ക് ചെന്നെത്തുകയായിരുന്നു.