khamenei

ടെഹ്‌റാൻ: ഡൽഹി കലാപ വിഷയത്തിൽ ടിറ്റ്വറിലൂടെ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഡൽഹിയിൽ നടന്ന വർഗീയ ലഹളയെ ഒാർത്ത് ലോകമെമ്പാടുമുള്ള മുസ്ലിം വിഭാഗക്കാർ വേദനിക്കുകയാണെന്നും മുസ്ലിംങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഖമനേയി ട്വീറ്റ് ചെയ്തു. ഇത്തരം കൂട്ടക്കൊലകൾ നടത്തുന്ന തീവ്രപക്ഷങ്ങൾക്കെതിരെയും പാർട്ടികൾക്കെതിരെയും ഇന്ത്യൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.

ആരാധനാലയങ്ങൾ തീയിടുകയും വീടുകളിൽ കയറി ആക്രമണം നടത്തുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യ മുസ്ലിം ലോകത്ത് ഒറ്റപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്നും ഖമേനി കുറിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടയാളുടെ അടുത്തിരുന്ന് വിലപിക്കുന്ന ഒരു കുട്ടിയുടെ ചിത്രം സഹിതം ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ ഭാഷകളിലാണ് ഖമനേയിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ഇന്ത്യൻ മുസ്ലിംങ്ങൾക്ക് എതിരെയുള്ള സംഘടിതമായ ആക്രമണത്തിന്റെ തിരമാലയെന്നാണ് ഡൽഹി കലാപത്തെ വിശേഷിപ്പിച്ചത്. ഇതിന്റെ പേരിൽ ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ചെഗ്നിയെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.