കൊച്ചി: മൂലധന പ്രതിസന്ധിയും കിട്ടാക്കട വർദ്ധനയും മൂലം നട്ടംതിരിയുന്ന സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ എസ്.ബി.ഐയുടെ നേതൃത്വത്തിൽ കൺസോർഷ്യം (കൂട്ടായ്മ) രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. കൺസോർഷ്യത്തിലെ മറ്റംഗങ്ങളെ എസ്.ബി.ഐയ്ക്ക് തീരുമാനിക്കാം.
മറ്ര് പൊതുമേഖലാ ബാങ്കുകളും മൂലധന പ്രതിസന്ധി നേരിടുന്നതിനാൽ അവയെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തിയേക്കില്ല. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയോ എൽ.ഐ.സിയോ കൺസോർഷ്യത്തിൽ ഇടംപിടിച്ചേക്കും. എസ്.ബി.ഐയും എൽ.ഐ.സിയും ചേർന്ന് യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ ഓഹരിയൊന്നിന് രണ്ടുരൂപ നിരക്കിൽ 490 കോടി രൂപയ്ക്ക് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
യെസ് ബാങ്കിന് 14,000 കോടി രൂപവരെ മൂലധനസഹായം നൽകാനുള്ള പ്രത്യേക പാക്കേജിന് ധനമന്ത്രാലയവും റിസർവ് ബാങ്കും ചേർന്ന് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് എസ്.ബി.ഐ നയിക്കുന്ന കൺസോർഷ്യത്തെക്കൊണ്ട് ഓഹരികൾ ഏറ്റെടുപ്പിക്കുന്നത്.
പ്രതിസന്ധിക്കയത്തിൽ
പണമില്ലാ ബാങ്ക്
സാമ്പത്തിക ഞെരുക്കവും റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പാലിക്കാൻ സാധിക്കാതിരുന്നതുമാണ് യെസ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണം. 2018ൽ ബാങ്കിന്റെ പ്രമോട്ടറും സി.ഇ.ഒയുമായ റാണാ കപൂറിന് പകരം പുതിയൊരാളെ തേടാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടതോടെയാണ് തകർച്ചയുടെ തുടക്കം. തൊട്ടടുത്ത ദിവസം തന്നെ ബാങ്കിന്റെ ഓഹരിമൂല്യം 30 ശതമാനം ഇടിഞ്ഞു. പ്രവർത്തനവും താളം തെറ്രിയതോടെ നഷ്ടവും കുമിഞ്ഞു. കിട്ടാക്കടം കുന്നുകൂടി. തകർന്ന എൻ.ബി.എഫ്.സിയായ ഐ.എൽ ആൻഡ് എഫ്.സിൽ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങിയതും ബാങ്കിനെ വലച്ചു.
നഷ്ടപ്പെരുമഴ
2019 സെപ്തംബർ പാദത്തിൽ 600 കോടി രൂപയായിരുന്നു നഷ്ടം. മൊത്തം നിഷ്ക്രിയ ആസ്തി 5.01 ശതമാനത്തിൽ നിന്നുയർന്ന് 7.4 ശതമാനത്തിലെത്തി. മൊത്തം 4.25 ലക്ഷം കോടി രൂപയാണ് യെസ് ബാങ്കിന്റെ ബിസിനസ് മൂല്യം. പല പ്രമുഖരും ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു. ബാങ്കിംഗ് റേറ്രിംഗ് പല ഏജൻസികളും വെട്ടിത്താഴ്ത്തി. 14,000 കോടി രൂപയുടെ മൂലധനം സമാഹരിക്കാനുള്ള ബാങ്കിന്റെ നീക്കങ്ങൾ ഇതോടെ പരാജയപ്പെട്ടു. കഴിഞ്ഞ പാദത്തിലെ പ്രവർത്തനഫലം പ്രഖ്യാപിക്കാനും ബാങ്കിന് കഴിഞ്ഞില്ല. ഇതോടെയാണ്, ഓഹരി ഏറ്റെടുക്കൽ നടപടിക്ക് കേന്ദ്രം തുനിഞ്ഞത്.
29.35%
എസ്.ബി.ഐയുടെ നേതൃത്വത്തിൽ ഓഹരികൾ കൺസോർഷ്യം ഏറ്റെടുത്തേക്കുമെന്ന സൂചനകൾ ഇന്നലെ യെസ് ബാങ്ക് ഓഹരിവില 29.35 ശതമാനം വരെ ഉയരാൻ സഹായകമായി.