ന്യൂഡൽഹി : വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദ്ദേശിച്ചതിന് പിന്നാലെ സ്ഥലംമാറ്റം കിട്ടിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിന് ഗംഭീര യാത്രഅയപ്പ്. സത്യത്തോടൊപ്പം നിൽക്കുക, നീതി നടപ്പാകുമെന്ന് യാത്രഅയപ്പ് യോഗത്തിൽ ജസ്റ്റിസ് മുരളീധർ പറഞ്ഞു. നീതി വിജയിക്കേണ്ടി വരുമ്പോൾ അത് വിജയിക്കും. തന്റെ സ്ഥലം മാറ്റം സംബന്ധിച്ച് ഫെബ്രുവരി 17-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രസംഗത്തിൽ വെളിപ്പെടുത്തി.
ഫെബ്രുവരി 26-നാണ് ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബി..ജെ..പി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ ജസ്റ്റിസ് മുരളീധർ പൊലീസിനെ വിമർശിച്ചിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകമായിരുന്നു അദ്ദേഹത്തെ സ്ഥലം മാറ്റിയുള്ള ഉത്തരവ് വന്നത്. സാധാരണ നടപടിക്രമം മാത്രമാണിത്. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ പരിഗണിച്ചാണ് സ്ഥലം മാറ്റമെന്നുമാണ് നിയമ മന്ത്രാലയം ഇതിൽ വിശദീകരണം നല്‍കിയത്.