ksrtc-

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്തെ സ്തംഭിപ്പിച്ച് മിന്നൽപണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ. ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിക്കാണ് സർക്കാർ നീക്കം. റോഡിൽ ബസ് നിരത്യിട്ട്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നൽകാൻ ജില്ലാ കളക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു.

മിന്നൽ പണിമുടക്ക് തെറ്റാണെന്നും കെ.എസ്.ആർ.ടി.സിയിൽ എസ്മ ബാധകമാക്കണമെന്നും കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ബസുകൾ കൂട്ടത്തോടെ റോഡിൽ നിറുത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. അന്തിമ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. ഇതിന് ശേഷമാകും ജീവനക്കാർക്കെതിരായ നടപടി.

സമരത്തിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. പല പരാതികളിലായി ഇതിനകം ആറ് കേസുകൾ കെ.എസ്.ആ‌ർ.ടി.സി ജീവനക്കാർക്കെതിരെ തമ്പാനൂർ,​ ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുണ്ട്. ഗതാഗത സ്തംഭനത്തിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിലും കേസെടുത്തിരുന്നു.

അന്വേഷണ ചുമതലയുള്ള കലക്ടർ കെ ഗോപാലകൃഷ്ണൻ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെ.എസ്.ആർ.ടി.സി ജീവനക്കാർ പൊലീസിനെ കൈയേറ്റം ചെയ്തതോടെയാണ് എ.ടി.ഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ മൊഴി. പൊലീസിനോട് കളക്ടർ സി.സി.ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു.