kak

മലയാളത്തിന്റെ യുവതാരം ടോവിനോ തോമസും അമേരിക്കൻ നടി ഇന്ത്യ ജാർവിസും നായികാനായകന്മാരായി എത്തുന്ന ചിത്രമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റോഡ് മൂവി ഗണത്തിൽ പെടുന്ന ഈ ചിത്രത്തിലെ 'പാരാകെ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മികച്ച വിഷ്വലുകളുള്ള വീഡിയോ ഗാനത്തിൽ ടോവിനോയും ഇന്ത്യയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ബൈക്കിലൂടെ ഇരുവരും പല പ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രകളാണ് ഗാനത്തിന്റെ വീഡിയോയിൽ കാണാൻ സാധിക്കുക. ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ വനിതയും അവർക്കൊപ്പം ചേരുന്ന മലയാളി യുവാവും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി അണിയിച്ചൊരുക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആൻ്റോ ജോസഫ്, റംഷി അഹ്മദ്, ടൊവിനോ തോമസ്, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സിനു സിദ്ധാർത്ഥ് തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങൾ ഒരുക്കുമ്പോൾ സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു റോഡ് മൂവി ആണ്.