കണ്ണൂർ: ലൈംഗിക ചിഹ്നങ്ങൾ ഉൾപ്പെടുത്തിയ കോളേജ് മാസിക വിവാദത്തിൽ. കാസർകോട്ടെ മുന്നാടിലുള്ള പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മാസികയിൽ ശ്ലീലമല്ലാത്ത തരത്തിലുള്ള വാക്കുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയതിനെതിരെയാണ് വിവാദം കൊഴുക്കുന്നത്. 'ഉറ മറച്ചത്' എന്ന പേരിൽ പുറത്തിറങ്ങിയ മാസിക കോളേജിലെ യൂണിയൻ ഭരണം കൈയ്യാളുന്ന എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് പുറത്തിറങ്ങിയത് എന്നാണ് പ്രധാന ആരോപണം. കണ്ണൂർ സർവ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
ലൈംഗികതയെ കുറിച്ചുള്ള മറയില്ലാത്ത തുറന്നെഴുതലുകൾ ഉൾക്കൊള്ളുന്ന മാസികയുടെ ഉള്ളടക്കത്തിൽ അക്രമപരമായ ലൈംഗികത, ബലാത്സംഗം, ആർത്തവം, സ്ത്രീ സ്വവർഗ ലൈംഗികത എന്നിവയെ കുറിച്ച് പരാമർശമുണ്ട്. സ്വയം ഭോഗം ചെയ്യുന്ന ചിത്രം, നഗ്നയായ സ്ത്രീയിൽ നിന്നും ആർത്തവ രക്തം ഒഴുകുന്ന ചിത്രം, എന്നിവ മാസികയിൽ അച്ചടിച്ചിട്ടുണ്ട്.
മാസിക അശ്ലീല പ്രസിദ്ധീകരണങ്ങളെയാണ് ഓർമിപ്പിക്കുന്നതെന്നും സ്ത്രീകൾ ഇത് മറിച്ചുനോക്കാൻ പോലും അറയ്ക്കുകയാണെന്നുമാണ് പ്രധാനമായും വിമർശനം ഉയരുന്നത്. വിഷയത്തിൽ എ.ബി.വി.പിയും കെ.എസ്.യുവും പ്രധാനമന്ത്രിയെയും ഗവർണറെയും കണ്ണൂർ സർവകലാശാലാ വി.സിയെയും സമീപിച്ചിട്ടുണ്ട്. മാസികയിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ സ്ത്രീവിരുദ്ധമാണെന്നും വിമർശകർ ആരോപിക്കുന്നു. എന്നാൽ അന്തരിച്ച നാടകകൃത്തും എഴുത്തുകാരനുമായ കർണാടിന്റെ സ്മരണാർത്ഥമാണ് മാസിക പുറത്തിറക്കിയതെന്നാണ് സ്റ്റാഫ് എഡിറ്ററായ അനു സെബാസ്റ്റ്യൻ പറയുന്നത്.