ന്യൂഡൽഹി: ആലത്തൂരിലെ എം.പി രമ്യ ഹരിദാസിനെ പാർട്ടി യുവജന വിഭാഗത്തിലെ സുപ്രധാന ചുമതല ഏൽപ്പിച്ച് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായാണ് രമ്യ ഹരിദാസിനെ നിയമിച്ചിരിക്കുന്നത്. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന പ്രഖ്യാപിച്ചത്. അഞ്ച് ജനറൽ സെക്രട്ടറിമാർ, 40 സെക്രട്ടറിമാർ, അഞ്ച് ജോയിന്റ് സെക്രട്ടറിമാർ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചിരിക്കുന്നത്. കമ്മിറ്റിയിൽ 33ശതമാനം സ്ത്രീ സംവരണവും കൊണ്ടുവന്നിട്ടുണ്ട് .അബ്രഹാം റോയി മണി, അമർപ്രീത് ലല്ലി, അനിൽ യാദവ്, ദീപക് മിശ്ര, സന്തോഷ് കൊൽക്കുന്ത എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. രമ്യ ഹരിദാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ ആണ്. 2019ൽ ആണ് ആലത്തൂർ മണ്ഡലത്തിൽ നിന്നും രമ്യ ഹരിദാസ് ലോക്‌സഭയിലെത്തുന്നത്.