ആദ്യമായി ഒരിടത്തു പോകുമ്പോൾ, ആദ്യമായി ഒരാളെ കണ്ടു സംസാരിക്കേണ്ടി വരുമ്പോൾ, പുതിയ വിദ്യാലയത്തിൽ പോകുമ്പോൾ പുതിയ അദ്ധ്യാപകർ, കൂട്ടുകാർ ഇവരെ പരിചയപ്പെടാൻ തുടങ്ങുമ്പോൾ, ചില പുതിയ കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ ചിലർക്ക് ചെയ്യുന്ന പ്രവൃത്തിയുടെ ഫലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഉണ്ടാകുന്ന ചിന്തയാണ് ഉത്കണ്ഠ. വളരെ ചെറിയ ഉത്കണ്ഠ ഏതു പ്രവൃത്തിയേയും വിജയത്തിലെത്തിക്കും. പക്ഷേ പരീക്ഷ പുതുതായി തുടങ്ങുന്നതല്ല, പുതിയ സാഹചര്യമല്ല, അപരിചിതമായ ചുറ്റുപാടല്ല, സിലബസുപോലും പരിചിതമാണ് എന്നിരിക്കെ ഇത്രയധികം ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ല.
ഉത്കണ്ഠകൾ ഇല്ലാതാകുന്നതിന് മനസിനെ പരിശീലിപ്പിക്കണം. ഉത്കണ്ഠപ്പെടുന്നതിന്റെ കാരണം, ഉത്കണ്ഠപ്പെടേണ്ടതിന്റെ ആവശ്യമുണ്ടോ എന്നെല്ലാം ആലോചിച്ച് യാഥാർത്ഥ്യം മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നത് നല്ലതാണ്.
നമുക്ക് കിട്ടാൻ പോകുന്ന പരീക്ഷാസമയം - രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂറാണ്. ആ മൂന്നു മണിക്കൂർ നന്നായി ഉപയോഗിക്കുന്നതെങ്ങനെയെന്നു ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഒരു കുട്ടിക്കാണ് നല്ല വിജയമുണ്ടാവുക. ക്ലാസിൽ നന്നായി പഠിച്ചതുകൊണ്ടു മാത്രം വിജയം ലഭിക്കില്ല. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുവേണ്ടി പരിശീലനം ആവശ്യമാണ്. മികച്ച പ്രകടനമെന്നു പറഞ്ഞാൽ എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് അവയ്ക്കെല്ലാം ഉത്തരമെഴുതുവാനുള്ള ശേഷി ഉണ്ടാക്കിയെടുക്കുക. അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ പരീക്ഷാസംബന്ധമായ എല്ലാ കാര്യങ്ങളേയും ഉത്കണ്ഠയോ, മാനസിക പിരിമുറുക്കമോ കൂടാതെ സമാധാനപൂർവം സമീപിക്കണം.
മുൻപു പറഞ്ഞല്ലോ ചെറിയ ഉത്കണ്ഠ നല്ലതാണെന്ന്. പക്ഷേ അത് വലിയൊരു ആധിയായി വളരാതിരിക്കാൻ ശ്രദ്ധിക്കണം.ഓരോ കുട്ടിയുടെ പ്രായത്തിനനുസരിച്ചും ചെയ്യുന്ന പ്രവർത്തിയുമായും ബന്ധപ്പെട്ടാണ് ഉത്കണ്ഠയുടെ ഏറ്റക്കുറച്ചിലുകൾ നിർണയിക്കുന്നത്.ആവശ്യത്തിനു മാത്രമുള്ള ഭീതി അഥവാ ഉത്കണ്ഠയാണോ ഓരോരുത്തരിലുമുള്ളതെന്ന് സ്വയം വിലയിരുത്തുക.
ശാരീരികമായ ഉത്കണ്ഠകൾ
ഉത്കണ്ഠ പരിധി വിട്ട് വ്യക്തിയെ കീഴടക്കാൻ തുടങ്ങുമ്പോഴാണ് വലിയ അസ്വസ്ഥതകൾ ഉണ്ടാവുക. ഈ അസ്വസ്ഥതകൾ പലപ്പോഴും രോഗങ്ങളായി മാറാൻ സാധ്യതയുണ്ട്.
ഉറക്കമില്ലായ്മ, നെഞ്ചിടിപ്പ്, വെപ്രാളം, ദ്രുതഗതിയിലുള്ള ശ്വസോച്ഛ്വാസം, വയറിളക്കം, ഛർദ്ദി, ത്വഗ്രോഗങ്ങൾ, തലവേദന, വിശപ്പില്ലായ്മ, വിശപ്പു കൂടുതൽ, മലബന്ധം, ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കൽ, ഒരിടത്ത് ഒറ്റക്കിരിക്കാൻ ഭയം തുടങ്ങിയവ ശാരീരികമായ ഉത്കണ്ഠകൾക്ക് ഉദാഹരണങ്ങളാണ്.
മാനസികമായ ഉത്കണ്ഠകൾ
അമിതമായ ടെൻഷൻ, മനഃശാന്തിയില്ലായ്മ,പെട്ടെന്നുള്ള വികാരവിക്ഷോഭം, പെട്ടെന്നുള്ള ദേഷ്യപ്പെടൽ, വലച്ചെറിയൽ, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ഒരിടത്ത് ഇരിപ്പുറയ്ക്കാത്ത അവസ്ഥ ഇതെല്ലാം ഉത്കണ്ഠകൾക്ക് സൃഷ്ടിക്കാവുന്ന അസ്വസ്ഥതകളാണ്.
പഴവർഗം, പച്ചക്കറി, ജ്യൂസുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി ഏറെക്കുറെ ഇത്തരം മാനസിക പിരിമുറുക്കങ്ങളും അസ്വസ്ഥകളും ഒഴിവാക്കാൻ സാധിക്കും.കൊഴുപ്പടങ്ങിയതും, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ബേക്കറി സാധനങ്ങൾ, മധുരം കൂടിയ വസ്തുക്കൾ ഇവ പരീക്ഷാക്കാലത്ത് ഒഴിവാക്കുക. ധ്യാനം, യോഗ, ലളിത വ്യായാമ മുറകൾ എന്നിവ സ്വീകരിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. പരീക്ഷാസമയത്ത് ലഘുഭക്ഷണമാണ് ഉത്തമം. ധാരാളം വെള്ളം കുടിക്കണം. നന്നായി കിടന്നുറങ്ങണം. എട്ടുമണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.
പരീക്ഷ പേടി സ്വപ്നമല്ല
പരീക്ഷയെ പരീക്ഷണമായി പലരും കരുതുന്നു. ജീവിത പരീക്ഷണങ്ങളും പ്രതിസന്ധികളും വരുമ്പോൾ മുതിർന്നവർ പോലും പതറിപ്പോകുന്നു. അപ്പോൾ കുട്ടികളുടെ കാര്യം പറയാനുണ്ടോ. പരീക്ഷയെ ഒരു പേടിസ്വപ്നമായി നല്ലൊരു വിഭാഗം കുട്ടികൾ കരുതുന്നു. അത് മാറ്റിയെടുക്കണം. അതിനായിരിക്കണം മുൻഗണന നൽകേണ്ടത്.
കളിയും ചിരിയുമെല്ലാം വേണം
പരീക്ഷയടുത്തു പോയിരുന്നു പഠിക്ക്, കളിയും ചിരിയുമൊക്കെ അതുകഴിഞ്ഞ് മതി എന്ന് പറഞ്ഞ് കുട്ടികളെ വിരട്ടരുത്. അത് വിപരീതഫലം ചെയ്യും. നല്ല തമാശകൾ പറയണം. കുട്ടികൾ അത് കേൾക്കണം. അവരുടെ ആശങ്കകൾ ആ ചിരിയിൽ ഒഴുകിപ്പോകട്ടെ. സ്വസ്ഥമായിരുന്നു പഠിക്കാനും പഠിച്ചത് ഒാർമ്മിക്കാനും അത് സഹായകമാകും.
ശ്രദ്ധിക്കണം ആരോഗ്യത്തിലും
പരീക്ഷയിലും ചോദ്യത്തിലും ഉത്തരത്തിലും മാത്രമല്ല ദിനചര്യയിലും ആരോഗ്യത്തിലും നല്ല ശ്രദ്ധ വേണം. നല്ല മനസും ഒാർമ്മശക്തിയും ചിന്താശക്തിയും ഉണ്ടാകാൻ ആരോഗ്യസ്ഥിതി നന്നായിരിക്കണം.
സമയത്തിനുള്ള ഭക്ഷണം
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. പരീക്ഷാസീസണിൽ എളുപ്പം ദഹിക്കുന്നത് കഴിക്കുക. നാരുള്ള സമീകൃതആഹാരമാണ് ഉത്തമം. തണുത്ത ഭക്ഷണം ഒഴിവാക്കുന്നത് നല്ലത്. ജങ്ക് ഫുഡ് വേണ്ടേവേണ്ട. പഴങ്ങൾ, ബദാം, വാൾനട്ട് ഡ്രൈഫൂട്ട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഉറക്കത്തെ ഔട്ടാക്കരുത്
പരീക്ഷ, ഗ്രേഡ്, മാർക്ക് എന്നൊക്കെ സദാ ചിന്തിച്ച് ഉറക്കം കളയരുത്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. ഒന്ന് മയങ്ങണം എന്ന് തോന്നിയാൽ അതിനും മടിക്കരുത്. അൽപ്പം മയങ്ങിയെന്ന് കരുതി ഗ്രേഡൊന്നും കുറയില്ല. അതേസമയംക്ഷീണം ബാധിച്ച് അസുഖം വല്ലതും ബാധിച്ചാൽ കണക്ക് കൂട്ടലൊക്കെ തെറ്റും.
ടൈം ടേബിൾ തയ്യാറാക്കുക
ഇനിയുള്ള സമയം പാഴാക്കാതെ ഒരു പഠന ക്രമം (ടൈം ടേബിൾ) തയ്യാറാക്കുക (സമയം വളരെ കുറവാണ്. പഠിക്കാൻ ധാരാളമുണ്ട്. അങ്ങനെ വരുമ്പോൾ നന്നായി പഠിച്ച വിഷയങ്ങളേക്കാൾ മുൻഗണന നല്ലതുപോലെ പഠിക്കാതെ വിഷയങ്ങൾക്കു നൽകണം. ഇങ്ങനെയായിരിക്കണം ടൈം ടേബിളിന്റെ ക്രമീകരണം).
ടൈം ടേബിളുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പരീക്ഷയിൽ ഓരോ ദിവസവുമുള്ള പേപ്പറുകളുടെ എണ്ണം പരീക്ഷാ ദിവസങ്ങൾ തമ്മിലുള്ള വ്യത്യാസം ഇവ പരിഗണിക്കണം.
ഓരോ വിഷയത്തിലെയും എത്ര ഭാഗം, എത്ര യൂണിറ്റുകൾ നന്നായി പഠിച്ചിട്ടുണ്ട് എന്ന് കുറിച്ചു വയ്ക്കണം. എളുപ്പമുള്ള വിഷയം, വിഷമമുള്ള വിഷയം എന്നിങ്ങനെ മൊത്തം വിഷയങ്ങളെ തരം തിരിച്ചശേഷം ഓരോ വിഷയത്തിനും എത്രസമയം വേണമെന്നു തീരുമാനിക്കണം. എളുപ്പമുള്ള വിഷയങ്ങൾക്ക് കുറച്ചു സമയവും വിഷമമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും നൽകണം.
മുൻ വർഷങ്ങളിൽ പരീക്ഷയെഴുതിയ കുട്ടികളോട് പരീക്ഷ എഴുതുന്നതിനെ കുറിച്ച് സംസാരിക്കണം. കാരണം അവർ ഉത്തരങ്ങൾ എഴുതിയത് എങ്ങനെയാണ്? അവർക്കു വന്ന തെറ്റുകൾ എന്തെല്ലാമാണ്? എല്ലാ ഉത്തരങ്ങളും എഴുതുന്നതിനുള്ള സമയം ലഭിച്ചുവോ? ഇതെല്ലാം ചോദിച്ചു മനസ്സിലാക്കിയാൽ അവർക്കു സംഭവിച്ച തെറ്റുകൾ നമുക്കും സംഭവിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകളെടുക്കാം.
പരീക്ഷയ്ക്കു തയ്യാറെടുക്കുമ്പോൾ പഴയ ചോദ്യപേപ്പറുകൾ ശേഖരിച്ച് സ്വയം വിലയിരുത്താവുന്നതാണ്. ഉദാ. മലയാളം പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങൾ ഏതൊക്കെയാവും.. അതിൽ തന്നെ രണ്ടുതരമുണ്ട്. കഠിന ചോദ്യങ്ങൾ, മൃദുവായ ചോദ്യങ്ങൾ. പിന്നെ ബ്രാക്കറ്റിൽ നിന്നു എഴുതാവുന്നവ ഉണ്ടെങ്കിൽ അത്. ചോയിസുകൾ അത് അല്ലെങ്കിൽ ഇത് എന്നിങ്ങനെയുള്ളത്, ചോദ്യങ്ങളുടെ പൊതുസ്വഭാവം, സമയം എന്നിവയെക്കുറിച്ച് ഒരു ധാരണ ഉണ്ടാവണം.
നിങ്ങൾ നടത്തുന്ന പരീക്ഷ
പഴയ ചോദ്യപേപ്പറുകൾ കിട്ടിയാൽ പരീക്ഷ എഴുതുന്നതുപോലെ ഉത്തരങ്ങൾ എഴുതി നോക്കുക. കൃത്യസമയത്തിനുള്ളിൽ എല്ലാ ഉത്തരങ്ങളും എഴുതി തീർക്കാൻ സാധിക്കുന്നുണ്ടോ? സമയത്തിനനുസരിച്ച് എഴുതാൻ പറ്റാത്തത് ഏത് എന്നൊക്കെ മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.
ചോദ്യപേപ്പർ എത്ര വേണമെങ്കിലും സംഘടിപ്പിച്ച് സ്വയം പരീക്ഷയിൽ പങ്കെടുക്കുന്നത് നിങ്ങളുടെ മാർക്ക് മെച്ചപ്പെടുത്തും. ആ സമയം മറ്റു വായനകൾ ഒഴിവാക്കുന്നതാണു നല്ലത്.
നിങ്ങൾ എഴുതിയ ഉത്തരപേപ്പറുകൾ നോക്കുന്നതിന് സ്നേഹിതനെ സമീപിക്കാം. അതുവഴി നിങ്ങളുടെ കൂട്ടുകാരനും ഗൗരവമായ പഠനത്തിൽ പങ്കാളിയാകും. ഓരോ ചോദ്യവും ഉത്തരവും നിരീക്ഷിക്കുക വഴി കൂട്ടുകാരന്റെ മനസ്സിൽ ഉത്തരങ്ങളും ചോദ്യമാതൃകകളുമൊക്കെ പതിയും.
നിങ്ങൾ സ്വയം മൂല്യനിർണയം നടത്തുമ്പോഴും ഇതുതന്നെയാമു സംഭവിക്കുക. ചില ചോദ്യങ്ങളുടെ ഉത്തരമായി നിങ്ങളെഴുതിവച്ച കാര്യങ്ങൾ ശരിയോ തെറ്റോ എന്നു തീർപ്പു കൽപ്പിക്കുന്നതിനായി പുസ്തകം മറിച്ചു നോക്കുമ്പോൾ മറ്റൊരു തരത്തിൽ ആ ഉത്തരം നിങ്ങൾ ഹൃദിസ്ഥമാക്കുകയല്ലേ ചെയ്യുന്നത്. അതുകൊണ്ട് സ്വയം പരീക്ഷ എന്തുകൊണ്ടും നല്ലതുതന്നെ.
പരീക്ഷാ പേടിയോട് പാട്ടിന് 'പോകാൻ" പറയുക. പോയി പണിനോക്കാൻ പറയണം. നിങ്ങളെന്ന വ്യക്തിയെ പേടിപ്പിക്കാൻ ഈ പേടികൾക്കൊന്നും കഴിയില്ല. നന്നായി പഠിച്ച്, തയ്യാറെടുത്ത് പരീക്ഷ എഴുതുന്നതിന് ശ്രമിച്ചാൽ ഈ പേടി നമ്മളോട് കൂട്ടുകൂടില്ല. ഇവനെ ആട്ടിപ്പായിക്കാൻ മറ്റൊരു മാർഗ്ഗവുമില്ല. മരുന്നോ മന്ത്രവാദമോ പറ്റില്ല. ഒരേയൊരു കാര്യം മാത്രം മതി. പരീക്ഷയിലെ ചോദ്യോത്തരങ്ങൾ നന്നായി മനസിലാക്കുക.
പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ടേ ചോദിക്കൂ. ഇത് ആദ്യം വിശ്വസിക്കുക. ഈ പുസ്തകത്തീന്നല്ലേ ചോദിക്കൂ. അപ്പോ പിന്നെ ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്നു ലഘുവായി ഒന്നോർത്തു വയ്ക്കുക. അതിൽ നിന്നു വരാവുന്ന ചോദ്യങ്ങളെക്കുറിച്ച് ആലോചിക്കുക.
ഏതെങ്കിലും ചോദ്യം അറിഞ്ഞുകൂടാതെ വരുന്നുവെങ്കിൽ ചോദ്യത്തിലെ ഉള്ളടക്കം ഏതു അധ്യായവുമായി ബന്ധപ്പെടാനുള്ളതെന്നു പരിശോധിച്ച് ആലോചിച്ച് സമയം കളയാതെ ആ അധ്യായം ബന്ധപ്പെടുത്തി ഉത്തരമെഴുതുക.
പരീക്ഷയുടെ ഒരു പ്രത്യേകതയാണിത്. എല്ലാ ചോദ്യങ്ങൾക്കും ചോദ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരുത്തരം എഴുതി വയ്ക്കുക.
ഏറ്റവും വലിയ അറിവുള്ള കുട്ടിയാണ് എന്നു വിചാരിച്ച് മികച്ച ഗ്രേഡ് ലഭിക്കണം എന്ന് നിർബ്ബന്ധമൊന്നുമില്ല. ഒന്നോ രണ്ടോ വർഷം പഠിച്ച കാര്യങ്ങൾ, നമുക്ക് ലഭിച്ചിരിക്കുന്ന രണ്ടോ മൂന്നോ മണിക്കൂർ കൊണ്ടു പ്രാവർത്തികമാക്കണം. ലഭിച്ചിരിക്കുന്ന സമയത്തെ നന്നായി ഉപയോഗിക്കാൻ പഠിച്ചാൽ പരീക്ഷയിൽ വിജയം ഉറപ്പ്.കിട്ടിയ സമയം വേഗമങ്ങുപോയി. ഒന്നുമൊന്നും എഴുതാനും കഴിഞ്ഞില്ല.
ഇങ്ങനെ സങ്കടപ്പെടുന്ന കുട്ടികളുണ്ട്. സമയത്തെ നന്നായി ഉപയോഗിക്കാൻ പരിശീലിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
പരീക്ഷാസമയത്തെ ഭയവും ഉത്കണ്ഠയും നിമിത്തം അറിയാവുന്ന ഉത്തരങ്ങൾ നന്നായി എഴുതി പൂർത്തിയാക്കാൻ കഴിയാതെ പരീക്ഷാഹാൾ വിട്ട് പുറത്തു പോകുന്ന കുട്ടികളുണ്ട്.
ഉത്കണ്ഠയും ഭയവും പൂർണമായും മനസിൽ നിന്നു മാറ്റുവാൻ സാധിക്കുമോ?
എങ്കിൽ പരീക്ഷയിൽ പകുതി ജയിച്ചു എന്നുപറയാം. പേടിയും ഉത്കണ്ഠയും പിരിമുറുക്കവുമുണ്ടെങ്കിൽ നന്നായി പരീക്ഷയെഴുതാൻ പറ്റാതെ വരുന്നു. അതുകൊണ്ട് . പരീക്ഷയെ പേടിക്കേണ്ട, പരീക്ഷ ആസ്വദിച്ചെഴുതുക, പരീക്ഷ ഒട്ടും പ്രയാസമില്ലാതെ എഴുതുക, പരീക്ഷ ഒരു നല്ല പാട്ടു കേൾക്കുമ്പോലെ പരീക്ഷ ഒരു നല്ല സിനിമ കാണുമ്പോലെ രസിച്ച് എഴുതുക.ഇങ്ങനെയെല്ലാം ആസ്വദിച്ച് എഴുതേണ്ട, ജീവിതത്തിലെ ഏറ്റവും സുന്ദരവും സംശുദ്ധവുമായ ഒരു പ്രവൃത്തി മാർഗമാണ് പരീക്ഷ.
ഭക്ഷണം: യെസും നോയും
ഒന്നും കഴിക്കാതെ ഉപവാസത്തോടെ പരീക്ഷയിൽ നേടിക്കളയാമെന്ന് ധരിക്കരുത്. ആരോഗ്യമുള്ള ശരീരത്തിനും മനസിനും നല്ല ഭക്ഷണം കൂടിയേ തീരൂ. ഒന്നും കഴിക്കാതിരിക്കുന്നതും വലിച്ചുവാരി കഴിക്കുന്നതും ദോഷമേ ചെയ്യു. ഉപവാസം ക്ഷീണമുണ്ടാക്കും. വലിച്ചുവാരിക്കഴിച്ചാൽ ക്ഷീണവും ആലസ്യവും തോന്നാം. അത് ഉറക്കത്തിലേക്ക് എടുത്തെറിയുമെന്നും മറക്കരുത്. കഴിയുന്നതും വീട്ടിലുള്ള ഭക്ഷണം തന്നെ ഉപയോഗിക്കുക.