ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.
കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഡൽഹിയിലാണ്. രോഗത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 31വരെ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദേശത്ത് നിന്നെത്തുന്നവരുടെ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ദുബായ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായിൽ നിന്ന് തിരിച്ചെത്തി അഞ്ച് ദിവസത്തിനു ശേഷമാണ് മാതാപിതാക്കളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വിദ്യാർത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കും.