ചില സിനിമകളിൽ കാണുന്നതു പോലെ ഒരു വശം ചരിഞ്ഞ്, കൈകാലുകൾ കൊണ്ട് അന്തരീക്ഷത്തിൽ ചുരമാന്തിയാണ് ഡ്രൈവർ റോഡിലേക്കു വീണത്.
ചെമ്പല്ലി സുരേഷും മീറ്റർ ചാണ്ടിയും വൈറസ് മാത്യുവും മാത്രമല്ല ആ കാഴ്ച കണ്ടവരുടെയൊക്കെ കണ്ഠത്തിൽ നിന്ന് ഒരു ശബ്ദമുയർന്നു.
''ങ്‌ഹേ?"
താഴെ വീണ ജെ.സി.ബി ഡ്രൈവർക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. കാരണം റോഡിൽ നിന്നു കോരിയിട്ട പച്ച മണ്ണിനു പുറത്തേക്കാണ് അയാൾ വീണത്.
''എടാ..."
രോഷത്തോടെ അലറിക്കൊണ്ട് ഡ്രൈവർ വീണ്ടും ജെ.സി.ബിയിലേക്കു ചാടിക്കയറാൻ ഭാവിച്ചു.
ആ സെക്കന്റിൽ സിദ്ധാർത്ഥ് ഡ്രൈവർ സീറ്റിലിരിക്കുന്നു. മദയാന തിരിയുന്നതുപോലെ ജെ.സി.ബി വട്ടം തിരിഞ്ഞു. അതിന്റെ 'ബായ്‌ക്ക് ഹോ' അയാൾക്കു നേർക്കു വീശി വരുന്നത് ഡ്രൈവർ കണ്ടു.
''അയ്യോ..."
അയാൾ ഇരുകൈകൾ കൊണ്ടും ശിരസ്സിൽ അമർത്തിപിടിച്ചു. എന്നാൽ, അയാളുടെ ശിരസ്സിന് ഏകദേശം ഒരടി അകലത്തിൽ 'ബായ്‌ക്ക് ഹോ' നിശ്ചലമായി.
സിദ്ധാർത്ഥ് പുറത്തേക്കു തലനീട്ടി അയാൾക്കു നേരെ കൈചൂണ്ടി.
''ഇനി നീ എന്നെ തടയാൻ ശ്രമിച്ചാൽ തണ്ണിമത്തൻ കണക്കെ നിന്റെ തല ഞാൻ അടിച്ചുപൊട്ടിക്കും. ഈ ഉരുക്കു കൈകൊണ്ട്."
ഡ്രൈവർ ജെ.സി.ബിയുടെ കോരിയിലേക്കും സിദ്ധാർത്ഥിന്റെ മുഖത്തേക്കും മാറിമാറി നോക്കി.
''നോക്കണ്ടാ. പോടാ... ഇനി എന്റെ കണ്ണിനു മുന്നിൽ വന്നാൽ ഈ കുഴിയിൽ നിന്നെ ഞാൻ മൂടും."
ഡ്രൈവർ ചകിതനായി.
ആ വഴി വന്ന വാഹനങ്ങളെല്ലാം വിചിത്രമായ ആ രംഗം കണ്ട് പെട്ടെന്നു ബ്രേക്കിട്ടു.
സിദ്ധാർത്ഥ് അലറി.
എനിക്ക് നഷ്ടപ്പെട്ടത് എന്റെ അമ്മയെയാ. നിനക്കൊക്കെ ഇങ്ങനെ കുഴിയെടുക്കാം, പിന്നെ മണ്ണിട്ടു നിറയ്ക്കാം, പഴയതുപോലെയാക്കാം. എന്നാൽ എന്റെ അമ്മയെ തിരിച്ചുതരാൻ കഴിയുമോടാ നിനക്കും നിന്റെ കോൺട്രാക്ടർക്കും എൻജിനീയർക്കും നേരത്തെ ഇവിടെ വന്ന് പ്രസംഗിച്ചിട്ടുപോയ മന്ത്രിക്കുമൊക്കെ?"
ഡ്രൈവർക്ക് നാവനങ്ങിയില്ല. മൊബൈൽ എടുത്തുകൊണ്ട് അയാൾ പതിയെ പിന്നോട്ടുനീങ്ങി.
സിദ്ധാർത്ഥിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലായില്ല കൂട്ടുകാർക്ക്. ആംബുലൻസിൽ നിന്ന് അവർ ഇറങ്ങി.
പിന്നാലെ അകമ്പടി വന്ന ഓട്ടോകളിൽ നിന്ന് മറ്റ് ഡ്രൈവറന്മാരും.
''സിദ്ധാർത്ഥ്. എന്താടാ ഇത്?" ജെ.സി.ബിക്ക് അരുകിൽ വന്നുനിന്ന് ചാണ്ടി അമ്പരപ്പിൽ തിരക്കി.
''ഈ കുഴിയെടുപ്പാടാ എന്റെ അമ്മ മരിക്കാൻ കാരണം.
സിദ്ധാർത്ഥ് ഏതാണ്ടൊരു ഉന്മാദാവസ്ഥയിലായിരുന്നു.
''നീ എന്താ ഈ പറയുന്നത്?"
സുരേഷ് ഒന്നും പിടികിട്ടാതെ അവനെ തുറിച്ചുനോക്കി.
''പറഞ്ഞുനിൽക്കാൻ സമയമില്ല, കാണിക്കുന്നതാണു ബുദ്ധി."
സിദ്ധാർത്ഥ് ജെ.സി.ബിയിൽ നിന്ന് താഴേക്കു ചാടി.
ആംബുലൻസിൽ നിന്ന് മഹിമാമണിയുടെ മൃതദേഹം അടങ്ങിയ പെട്ടി പുറത്തേക്കു വലിച്ചു.
ചാണ്ടിയും മാത്യുവും ഓടിച്ചെന്നു.
''എടാ.. അമ്മ താഴെ വീഴും."
''എങ്കിൽ പിടിക്കെടാ. എടാ വേഗം പിടിക്കാൻ."
അവന്റെ ആ ഭാവം കണ്ടപ്പോൾ തങ്ങളെയും തല്ലുമെന്ന് അവർക്കു തോന്നി.
മാത്യുവും ചാണ്ടിയും കൂടി പെട്ടി താങ്ങി.
''നടക്ക്..."
സിദ്ധാർത്ഥ് എട്ടടിയോളം താഴ്ചയും അത്രയും തന്നെ വീതിയുമുള്ള കുഴിയിലേക്ക് എടുത്തുചാടി.
''എടാ നീയിത് എന്തുഭാവിച്ചാ?" ചെമ്പല്ലി സുരേഷിനു വേവലാതിയായി.
''ഇതാടാ ഞാൻ ചെയ്യേണ്ടത്. ഇതുതന്നെയാവണം ഞാൻ അമ്മയ്ക്കുവേണ്ടി ചെയ്യുന്ന അന്ത്യകർമ്മം. എങ്കിലേ അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കൂ..." അവൻ കിതച്ചു.
''സിദ്ധാർത്ഥേ. അമ്മയുടെ ശരീരം വീട്ടിൽ വയ്ക്കണ്ടേ? ഇത്രയും കാലം അമ്മ താമസിച്ച സ്ഥലത്ത്?"
ഒപ്പം വന്നിരുന്ന ഡ്രൈവറന്മാരിൽ ഒരാൾ തിരക്കി.
''ഇത്രയും നാൾ അവിടെ താമസിച്ചതുതന്നെ ധാരാളം. ചിലപ്പോൾ പോലീസ് വരും. അതിനുമുൻപ് എനിക്ക് അമ്മയെ ഇവിടെ അടക്കണം. വേഗം താഴേക്കിറക്കിത്താടാ.
അവൻ തിടുക്കം കൂട്ടി.
ഒന്നു തീരുമാനിച്ചാൽ സിദ്ധാർത്ഥ് അതിൽ നിന്നു പിന്നോട്ടില്ലെന്ന് അവർക്കറിയാം. മാത്രമല്ല അവന്റെ അമ്മ മരിക്കുവാൻ കാരണം ഉത്തരവാദിത്വമില്ലാത്ത ഈ കുഴിയെടുപ്പും മന്ത്രിയുടെ വരവുമാണ്.
കേരളത്തിലെ റോഡുകളിൽ എടുക്കുന്ന ഇത്തരം കുഴികളിൽ വീണ് എത്രയോ പേർക്ക് പ്രാണൻ നഷ്ടപ്പെട്ടിരിക്കുന്നു?
ആ ചിന്ത അവരുടെ രക്തത്തിലും ഉന്മത്തതയുടെ ശരങ്ങളായി പാഞ്ഞു.
''ഇവൻ പറഞ്ഞതിലും കാര്യമുണ്ടെടാ. ഇതുതന്നെയാണ് കണ്ണുതുറക്കാത്ത, നീതിബോധമില്ലാത്തവന്മാർക്കുള്ള മറുപടി.
വൈറസ് മാത്യു വിളിച്ചലറി. ''പിടിക്കെടാ.." എന്നുപറഞ്ഞ് അവനും കുഴിയിലേക്കു ചാടി.
മറ്റുള്ളവർ ശവപ്പെട്ടി കുഴിയിലേക്ക് ഇറക്കിക്കൊടുത്തു.
വിവരമറിഞ്ഞ് കോന്നിയിലെ കേബിൾ വിഷൻകാർ പാഞ്ഞെത്തി ചിത്രങ്ങളെടുത്തു തുടങ്ങി.
പെട്ടെന്ന് പൊലീസ് വാഹനങ്ങളിൽ സൈറൺ കേട്ടു.
(തുടരും)