തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്തുള്ള ഒരു വീട്ടിൽ നിന്നും വാവയ്ക്ക് കോൾ എത്തി. വീടിനോട് ചേർന്ന് അതിരിലെ മാളത്തിൽ മൂർഖൻ പാമ്പിനെ രണ്ട് ദിവസമായി കാണുന്നു. ഇന്ന് കുറേ നേരം പുറത്തേക്ക് വന്നു, പിന്നെ മാളത്തില്‍ കയറി. ഉടൻ തന്നെ വാവ യാത്ര തിരിച്ചു. സ്ഥലത്ത് എത്തിയപ്പോൾ സമയം വൈകുന്നേരം നാല് മണി.. വീട്ടുകാർ ടോർച്ച് വെട്ടത്തിൽ മാളത്തിലിരുന്ന മൂർഖനെ വാവയ്ക്ക് കാണിച്ച് കൊടുത്തു. മാളം പൊളിച്ച് തുടങ്ങുമ്പോൾ അകത്തേക്ക് പോകാൻ സാധ്യത കൂടുതലാണ്. മാളം കുറേ പൊളിച്ചു. എന്നിട്ടും പാമ്പിനെ കണ്ടില്ല. പിന്നെ വെള്ളം നിറച്ച് നോക്കി. ഇടയ്ക്ക് തലപ്പൊക്കി പുറത്തേക്ക് നോക്കിയ ശേഷം വീണ്ടും അകത്തേക്ക് ഉൾവലിഞ്ഞു.

snake-master

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രിയോടെ ,പാമ്പിനെ കണ്ട മാളത്തിൽ തുടങ്ങി ഒരു ഏരിയ മുഴുവന്‍ വെട്ടി നോക്കി. എന്നിട്ടും രക്ഷയില്ല. ഏതായാലും കുറച്ച് നേരം അനക്കം ഇല്ലാതിരുന്നാല്‍ പാമ്പ് പുറത്ത് വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ വീട്ടുകാരെ നോക്കിയിരിക്കാൻ പറഞ്ഞതിനു ശേഷം പത്ത് മുപ്പതോടെ വാവ പതിവായി കഴിക്കുന്ന തട്ടുകടയിലേക്ക് യാത്രയായി. കുറച്ച് കഴിഞ്ഞതും വാവയ്ക്ക് കോൾ എത്തി. വെട്ടി നിറുത്തിയ സ്ഥലത്ത് നിന്നും കുറച്ച് മാറി ഒരു മാളത്തിന് പുറത്തേക്ക് തലയിട്ടിരിക്കുന്നു മൂർഖൻ പാമ്പ്.

രാത്രി പതിനൊന്ന് മുപ്പതോടെ വീണ്ടും വാവ സ്ഥലത്ത് എത്തി, ഇത്തവണയും പാമ്പ് മാളത്തിനകത്തേക്ക് പോകാൻ സാധ്യത കൂടുതലാണ്. ഏതായാലും കുറച്ച് വെട്ടിയതും പെൺ മൂർഖനെ കണ്ടു. വയറ്റിൽ മുട്ടയുണ്ട്. കുറേ നേരത്തേ ശ്രമഫലമായി അതിനെ പിടിക്കൂടി. ഇതിനിടയില്‍ ആൺമൂർഖനെയും കണ്ടു. ഒരു മണിയോടെ വാവ അതിനേയും പിടിക്കൂടി. സാഹസികതയും ആകാംഷയും നിറഞ്ഞ ഒൻപത് മണിക്കൂർ നീണ്ട തിരച്ചിലിന് വിരാമം. കാണുക.സ്‌നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ് 547.