k-surendran

തിരുവനന്തപുരം: ഇടഞ്ഞു നിന്നവരെ 'ഇരുത്തി'യും സ്വന്തം ചേരിയുടെ ആധിപത്യമുറപ്പിച്ചും എന്നാൽ, എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിദ്ധ്യമുറപ്പാക്കിയുള്ള സംസ്ഥാന ഭാരവാഹി പട്ടികയാണ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാന വക്താവായി നിലനിറുത്തിയ എം.എസ്. കുമാർ സ്ഥാനമേറ്റെടുക്കില്ലെന്നറിയിച്ച് നേതൃത്വത്തിന് കത്ത് നൽകിയത് പാർട്ടിയിലെ അസ്വസ്ഥത മറനീക്കി.

വർഷങ്ങളായി വക്താവായി തുടരുന്ന കുമാർ ഇക്കുറി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലൊന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ ചെറുപ്പക്കാർ വക്താക്കളായി നിൽക്കട്ടെ, താൻ മാറുന്നു എന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. അദ്ധ്യക്ഷസ്ഥാനത്തേക്ക് ശക്തനായ എതിരാളിയായിരുന്ന എം.ടി. രമേശിനെയാണ് മറു പക്ഷത്തു നിന്ന് ജനറൽ സെക്രട്ടറിയായി നിലനിറുത്തിയത്. സുരേന്ദ്രന് മുമ്പേ യുവമോർച്ച പ്രസിഡന്റാവുകയും സുരേന്ദ്രനൊപ്പം ജനറൽ സെക്രട്ടറിയാവുയും ചെയ്ത രമേശ് ഇനി സുരേന്ദ്രന് കീഴിലും ജനറൽ സെക്രട്ടറിയായിരിക്കും. ജനറൽ സെക്രട്ടറിമാരായിരുന്ന എ.എൻ. രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാവുകയും ചെയ്തു. ജനറൽ സെക്രട്ടറിമാർ കോർ കമ്മിറ്റിയുടെ ഭാഗമാണ്. വൈസ് പ്രസിഡന്റുമാർ കോർ കമ്മിറ്റിയിൽ ഇല്ല.

രാധാകൃഷ്ണൻ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനാണ്. ശോഭ പ്രത്യേക പക്ഷത്തിന്റെ ഭാഗമല്ല. കോർ കമ്മിറ്റിക്ക് പുറത്താകുന്നത് ഇരുവർക്കും ക്ഷീണമാണ്.

അഡ്വ. ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവരാണ് ജനറൽ സെക്രട്ടറിമാരിലെ പുതുമുഖങ്ങൾ. വി. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കെ വക്താവായിരുന്ന ജോർജ് കുര്യൻ ഇടയ്ക്ക് ന്യൂനപക്ഷകമ്മിഷൻ അംഗമായി. അദ്ദേഹത്തിലൂടെ ന്യൂനപക്ഷ പ്രാതിനിദ്ധ്യം ഉറപ്പാക്കി.

ശ്രീധരൻപിള്ള പ്രസിഡന്റായിരിക്കെ പാർട്ടിയിലെത്തിയ ജി. രാമൻ നായർ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജെ. പ്രമീളദേവി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി. ആർ.എസ്.എസിന്റെ പ്രതിനിധിയായിട്ടാണ് സി. സദാനന്ദൻ മാസ്റ്റർ വൈസ് പ്രസിഡന്റായത്.

അതേസമയം, ലാ അക്കാഡമി സമരത്തിൽ കണ്ണിന്റെ കാഴ്ച വരെ നഷ്ടമായ ഡോ. പി.പി. വാവയെപോലുള്ള മുതിർന്ന നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതിയുമുയരുന്നുണ്ട്. പ്രായപരിധി നിബന്ധനയും പലർക്കും വില്ലനായി.

പത്ത് സംസ്ഥാന സെക്രട്ടറിമാരിൽ മൂന്ന് പേരൊഴിച്ച് എല്ലാവരും ഔദ്യോഗിക ചേരിക്കൊപ്പമാണ്. തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരാണ് മറുചേരിയിൽ. ഇതിൽ സുരേഷും രഞ്ജിതും കൃഷ്ണദാസ് പക്ഷക്കാരാണ്. പ്രകാശ് ബാബു ശ്രീധരൻപിള്ളയ്‌ക്കൊപ്പവും.

കുമ്മനം സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ വി.വി. രാജേഷിനൊപ്പം അച്ചടക്ക നടപടിക്ക് വിധേയനായ സി.ആർ. പ്രഫുൽകൃഷ്ണനെ അദ്ധ്യക്ഷനാക്കിക്കൊണ്ട് യുവമോർച്ചയിലും സുരേന്ദ്രൻ ആധിപത്യമുറപ്പാക്കി. ആർ.എസ്.എസുമായും പാർട്ടി അഖിലേന്ത്യാ നേതൃത്വവുമായും ചർച്ച ചെയ്താണ് അന്തിമപട്ടിക പുറത്തിറക്കിയത്.

എ.എൻ.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാർ

തിരുവനന്തപുരം: എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി പുതിയ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചു.

എം.ടി. രമേശ് ജനറൽ സെക്രട്ടറിയായും എം. ഗണേശൻ സംഘടനാ സെക്രട്ടറിയായും കെ.സുഭാഷ് സഹ സംഘടനാ സെക്രട്ടറിയായും തുടരും.പത്ത് വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമാണുള്ളത്. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ആദ്യമായി മൂന്നിലൊന്ന് വനിതകൾക്കും ഭാരവാഹി പട്ടികയിൽ പ്രാതിനിദ്ധ്യം നൽകിയതായി സുരേന്ദ്രൻ പറഞ്ഞു.

പത്ത് വൈസ് പ്രസിഡന്റുമാരിൽ മറ്റുള്ളവർ : ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ മാസ്റ്റർ, എ.പി.അബ്ദുള്ളക്കുട്ടി, ഡോ.ജെ.പ്രമീളാദേവീ, ജി.രാമൻ നായർ, എം.എസ്.സമ്പൂർണ, പ്രൊഫ.വി.ടി.രമ, വി.വി.രാജൻ.മറ്റ് ജനറൽ സെക്രട്ടറിമാ :ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ എന്നിവരാണ്

സി. ശിവൻകുട്ടി, രേണു സുരേഷ്, രാജി പ്രസാദ്, ടി.പി. സിന്ധുമോൾ, എസ്.സുരേഷ്, എ. നാഗേഷ്, കെ. രഞ്ജിത്, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു, കരമന ജയൻ എന്നിവർ സെക്രട്ടറിമാരാണ് . ജെ.ആർ. പത്മകുമാറാണ് ട്രഷറർ. എം.എസ്.കുമാർ, നാരായണൻ നമ്പൂതിരി, ബി. ഗോപാലകൃഷ്ണൻ, ജി. സന്ദീപ് വാര്യർ എന്നിവരെ പാർട്ടി വക്താക്കളാക്കി.

സി.ആർ. പ്രഫുൽ കൃഷ്ണനാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്. നിവേദിതാ സുബ്രഹ്മണ്യൻ (മഹിളാ മോർച്ച), എസ്. ജയസൂര്യൻ (കർഷക മോർച്ച), ജിജി ജോസഫ് (ന്യൂനപക്ഷ മോർച്ച), എൻ.പി.രാധാകൃഷ്ണൻ (ഒ. ബി.സി മോർച്ച), ഷാജുമോൻ വട്ടേക്കാട് (എസ്.സി മോർച്ച), മുകുന്ദൻ പള്ളിയറ (എസ്. ടി മോർച്ച) എന്നിവരാണ് വിവിധ മോർച്ച അദ്ധ്യക്ഷന്മാർ.കോഴിക്കോട് മേഖലാ അദ്ധ്യക്ഷനായി ടി.പി. ജയചന്ദ്രനെയും സംഘടനാ സെക്രട്ടറിയായി കെ.പി. സുരേഷിനെയും പാലക്കാട് മേഖല അദ്ധ്യക്ഷനായി വി. ഉണ്ണികൃഷ്ണനെയും സംഘടനാ സെക്രട്ടറിയായി ജി. കാശിനാഥിനെയും ,എറണാകുളം മേഖല അദ്ധ്യക്ഷനായി എ.കെ. നസീറിനെയും സംഘടനാ സെക്രട്ടറിയായി എൽ. പദ്മകുമാറിനെയും തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷനായി കെ. സോമനെയും സംഘടനാ സെക്രട്ടറിയായി കെ.വൈ. സുരേഷ് ബാബുവിനെയും നിയമിച്ചു.

ദേശീയ കൗൺസിൽ അംഗങ്ങൾ
കെ. രാമൻപിള്ള, സി.കെ. പദ്മനാഭൻ, കെ.വി. ശ്രീധരൻ മാസ്റ്റർ, കെ.പി. ശ്രീശൻ, ഡോ.പി.പി. വാവ, പി.എം. വേലായുധൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, എൻ. ശിവരാജൻ, വി.എൻ. ഉണ്ണി, വി. രാമൻകുട്ടി, പള്ളിയറ രാമൻ, പ്രതാപചന്ദ്ര വർമ്മ, ചേറ്റൂർ ബാലകൃഷ്ണൻ, പി.സി. മോഹനൻ മാസ്റ്റർ, വെള്ളിയാംകുളം പരമേശ്വരൻ, പ്രമീള സി. നായക്, എ. ദാമോദരൻ, പി.കെ.വേലായുധൻ.