ഒരു ജനതയെ മുഴുവൻ സങ്കടകടലിൽ ആഴ്‌ത്തിയാണ് കലാഭവൻ മണി എന്ന മനുഷ്യ സ്‌നേഹി ഓർമ്മയായത്. സിനിമാ നടൻ എന്നതിലുപരി തന്നെ തേടി എത്തിയവർക്കും താൻ തേടി എത്തിയവർക്കും നന്മകൾ മാത്രമെ മണി സമ്മാനിച്ചിട്ടുള്ളൂ. മഹാനടൻ വിടവാങ്ങിയിട്ട് ഇന്ന് നാലാണ്ടുകൾ തികയുകയാണ്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നീറുന്ന ഓർമ്മയാണ് മണിയെങ്കിൽ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ആ ഓർമ്മകൾ തീരാനഷ്‌ടം തന്നെയാണ്.
ചാലക്കുടിക്കടുത്ത് ചേന്നത്തു നാട്ടിലെ കുന്നിശ്ശേരി വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ഒരു ചേച്ചിയും അനുജനും മാത്രം. രാമകൃഷ്‌ണനും ചേച്ചി തങ്കമണിയും. മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിയുടെ സഹോദരങ്ങൾ. കലാഭവൻ മണിയുടെ തറവാടാണ് ഈ മൂന്ന് മുറി വീട്. സിനിമയിലെത്തിയ ശേഷം മണി പണികഴിപ്പിച്ച വീട്. സഹോദരങ്ങൾക്ക് മണി വെറും ചേട്ടൻ മാത്രം ആയിരുന്നില്ല, അത്താണി കൂടിയായിരുന്നു. സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകിയിട്ടുള്ള മണിയുടെ സഹോദരങ്ങൾ ഇന്ന് ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണ്.
മണിയുടെ സഹോദരനും കലാകാരനുമായ ആർ.എൽ.വി രാമകൃഷ്‌ണന്റെ വാക്കുകൾ-
ആളുകൾക്ക് മുമ്പിൽ കലാഭവൻ മണിയുടെ സഹോദരൻ എന്ന പ്രൗഢിയിൽ നിൽക്കാൻ പാടുപെടുകയാണ്. പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയ ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. കാണാതെ പോകുന്നത് ആരെന്നും അറിയില്ല. ഞങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ട്. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകൾ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവിൽ ആ വീട്ടുകാർ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവർ അതിശയിക്കും. അപ്പോൾ ഞങ്ങളുടെ സാഹചര്യം ഓർത്ത് അവർ കരയും.
ആർ.എൽ.വി രാമകൃഷ്‌ണനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം കേരളകൗമുദി ഫ്ളാഷ് മൂവിസിൽ (മാർച്ച് ലക്കം) വായിക്കാം.