poornima-indrajith-

പ്രാണയിലൂടെ പൂർണിമ എവിടെത്തുടങ്ങി,​ എവിടെയത്തി ?​ .

പ്രാണ തുടങ്ങിയത് വസ്ത്ര ബിസിനസ് എന്ന നിലയിലല്ല, എന്റെ വലിയൊരിഷ്‌ടം ബ്രാൻഡ് ആയി മാറുകയായിരുന്നു. എനിക്ക് ബിസിനസ് പശ്ചാത്തലവുമില്ലായിരുന്നു. അച്ഛൻ അഭിഭാഷകനും അമ്മ അദ്ധ്യാപികയുമായിരുന്നു. ഒരു തട്ടകത്തിൽ എത്തിക്കഴിയുമ്പോൾ നമ്മൾ വിലയിരുത്തപ്പെടുമല്ലോ,​ പ്രശംസയും വിമർശനവും ലഭിക്കും. അറിയാത്തൊരു കാര്യം പഠിച്ചെടുത്ത് അതിൽ മാസ്‌റ്ററാകുന്നത് സംതൃപ്തതി തരുന്നു.

പ്രാണ പൂർണതൃപ്‌തി നല്‌കിയത് എപ്പോഴാണ് ?

കേരളാ ഹാൻഡ്ലൂമിലേക്ക് തിരിഞ്ഞപ്പോഴാണത്. ജോലി നമ്മുടെ ചിന്തയെയും മൂല്യങ്ങളെയും പ്രതിനിധീകരിക്കുമ്പോഴുള്ള സുഖം. പ്രാണ ബ്രൈഡൽ വസ്‌ത്രങ്ങളും ഫാഷൻ വസ്‌ത്രങ്ങളുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും കേരള ഹാൻഡ്‌ലൂം തരുന്ന സംതൃപ്തി അല്‌പം ഉയരെയാണ്. ഹാൻഡ് ‌ലൂമിനെ യുവത്വവുമായി ചേർത്ത് നിറുത്താനുള്ള ശ്രമമാണ് പ്രാണയുടേത്. യുവത്വവുമായി ഇണങ്ങുമ്പോൾ മാത്രമേ ഫാഷന്റെ പ്ളാറ്റ്ഫോം വിശാലമാകൂ.

വളർച്ചയിൽ കടപ്പാട് പങ്കിടാൻ ആളുണ്ടോ?

ആർക്കും ഒറ്റയ്‌ക്ക് വളരാനാകില്ല. ടീമിന്റേതാണ് വളർച്ച. എനിക്ക് നന്ദിപറയാൻ നിരവധി പേരുണ്ട്. കസ്‌റ്റമേഴ്‌സ്, നെയ്‌ത്തുകാർ, എംബ്രോയ്‌ഡറി ടീം,​ പ്രൊഡക്ഷൻ സ്റ്റാഫ്... അങ്ങനെ പലരും. പ്രാണ ടീമിനെ നയിക്കുകയും പുതിയ ആശയങ്ങൾ പകരുകയുമാണ് ഞാൻ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ കരവിരുതില്ലാതെ, അവരുടെ കഴിവിന്റെ പിന്തുണയില്ലാതെ നമ്മുടെ ആശയം വസ്‌ത്രമാവില്ല. എന്റെ സ്വപ്‌നങ്ങൾ സ്വന്തം സ്വ‌പ്നങ്ങളായി ഏറ്റെടുത്ത സ്‌റ്റാഫാണ് പ്രാണയുടെ ശക്തി.

സംരംഭകരോട് പറയാനുള്ളത് ?

ഫാഷൻരംഗം വെല്ലുവിളി നിറഞ്ഞതാണ്. അത് ഏറ്റെടുക്കാനുള്ള മനസൊരുക്കം വേണം. ബിസിനസിൽ സ്ത്രീ - പുരുഷ വ്യത്യാസമില്ല, വ്യക്തിയ്‌ക്ക് പ്രയത്നിക്കാനുള്ള ശേഷിയാണ് പ്രധാനം. നിങ്ങൾക്ക് കലർപ്പില്ലാത്ത ആഗ്രഹമുണ്ടോ , അതേ ആഗ്രഹത്തോടെ ഏറ്റവും മികച്ച രീതിയിൽ അദ്ധ്വാനിക്കാൻ നിങ്ങൾ തയാറാണോ , പ്രകൃതി നമുക്ക് പതിന്മടങ്ങ് മടക്കിത്തന്നിരിക്കും.

കുടുംബത്തിന്റെ പിന്തുണ ?

കരുത്തരായ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. സ്‌ത്രീ - പുരുഷ വ്യത്യാസമോ പ്രായവ്യത്യാസമോ ഇല്ല. അതല്ലേ വലിയ കരുത്ത്. പരസ്‌പരം ആദരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് എന്റെ കുടുംബം. കരുത്തുള്ള കുടുംബത്തിന്റെ പിന്തുണ എനിക്കുണ്ട്.

സ്വപ്‌ന പദ്ധതി ?

കല്യാണം കഴിഞ്ഞ് മക്കളൊക്കെയായി ഇനി സ്വപ്നങ്ങളിലേക്കുള്ള യാത്ര അസാദ്ധ്യമെന്ന് കരുതുന്ന വീട്ടമ്മമാർക്ക് കൈ കൊടുക്കണം. അവർക്ക് കരുത്ത് പകരാൻ കഴിയുന്ന പരിപാടികളോ ക്ളാസുകളോ ആസൂത്രണം ചെയ്യണം.