urmila-unni-temple

മകൾ ഉത്തരയുടെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളോട് നടി ഊർമ്മിള ഉണ്ണി മോശമായി പെരുമാറിയതായി ആരോപണം. കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നലെ ഉത്തരയുടെ പരിപാടിയും ഉണ്ടായിരുന്നു.

നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസിനോട് ഊർമ്മിള സംസാരിക്കാൻ ആരംഭിച്ചു. എന്നാൽ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ അരിശംകയറിയ ഊർമ്മിള പ്രവർത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജിൽ നിന്നും സംസാരിക്കുകയും ചെയ്‌തു.

ഊർമ്മിളയുടെ ഈ പ്രവർത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തിൽ പ്രതികരിച്ച് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്. ഊർമിള മൈക്ക് വലിച്ചെറിഞ്ഞതിലൂടെ തങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ചെയ്തതെന്നും അവർക്ക് ചിലങ്കയാണ് വലുതെങ്കിൽ ഞങ്ങൾക്ക് മൈക്കാണ് വലുതെന്നും രാധാകൃഷ്ണൻ പറയുന്നു.

സ്റ്റേജിൽ ഊർമ്മിള കാട്ടിയ ധിക്കാരം കാണികളെയും സംഘാടകരെയും ഞെട്ടിച്ചു. ഊർമിളയുടെ പ്രകോപനപരമായ പ്രവൃത്തിയിൽ ജനക്കൂട്ടം ഇളകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പൊലീസിനോട് താൻ മൈക്ക് താഴെ വലിച്ചെറിഞ്ഞെന്ന് ഊർമ്മിള ഉണ്ണി സമ്മതിച്ചു. 'മൈക്ക് താഴെയിടുന്നത് ഇത്ര വലിയ തെറ്റാണോ സാറെ' എന്ന് ഇവർ ചോദിക്കുകയും ചെയ്‌തു. ഇതുകേട്ട് അമ്പരന്ന എസ്.ഐ ഇങ്ങനെയൊക്കെ കാണിക്കാമോ? നിങ്ങളുടെ ജീവിതമാർഗം ഇതല്ലയോ എന്ന് തിരിച്ചും ചോദിച്ചു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. പത്തുമിനിറ്റിനു ശേഷം മഴ പെയ്തതോടെ കാണികളെല്ലാം സ്ഥലം കാലിയാക്കി.

ആ സംഭവത്തിൽ ഊർമ്മിള ഉണ്ണി കൃത്യമായി മാപ്പു പറഞ്ഞില്ലയെങ്കിൽ കേരളത്തിലെ ഏത് ക്ഷേത്രത്തിൽ അവർ പരിപാടി അവതരിപ്പിക്കാൻ എത്തിയാലും ലൈറ്റ് ഓഫ് ചെയ്യുമെന്നും പ്രോഗ്രാം നടത്താൻ സമ്മതിക്കില്ലെന്നും രാഗം രാധാകൃഷ്ണൻ വ്യക്തമാക്കി.