ജയിൽസെല്ലുകളിലെ അന്തേവാസികളിൽ പലരും ഒരു കൊലപാതകിയെ കാണുന്ന മനസോടെയാണ് രുക്മിണി വാരസ്യാരെ നോക്കിയിരുന്നത്.
''ദാ പോകുന്നു... ആ കൊലപാതകി."
രുക്മിണി കേൾക്കെ പലരും കുറ്റപ്പെടുത്താറുമുണ്ട്.
''ഇവളെ കണ്ടാൽ ഒരു പുരുഷനെ ഒറ്റവെട്ടിന് കൊന്നൂന്ന് പറയുമോ? വാരസ്യാർ അത്രേ വാരസ്യാർ... ഇവർക്കൊക്കെ ദൈവം മനഃപൂർവമാ കൊച്ചുങ്ങളെയും ഭർത്താവിനെയും കൊടുക്കാത്തത്. ഒറ്റയ്ക്ക് കിടന്ന് അനുഭവിക്കട്ടെ."
വന്ന നാൾ മുതൽ രുക്കുവിന്റെ കാതുകളിൽ വന്നടിയുന്ന പരുഷമായ വാക്കുകൾ അതിലും തീവ്രതയോടെയാണ് ആ കാതുകളിൽ പ്രതിദ്ധ്വനിക്കുന്നത്.
എന്തുകേട്ടാലും രുക്കുവിന് തീരെ വിഷമം തോന്നിയിരുന്നില്ല. പകരം ആശ്വാസവും സമാധാനവുമാണ് അനുഭവപ്പെട്ടത്. അതിന്റെ പിന്നിൽ ഒരു കാരണമുണ്ടായിരുന്നു.
ആരുടെ കണ്ണിലും തനിക്ക് ബന്ധുക്കളില്ല, മകളില്ല, ഭർത്താവില്ല. തളിരിന്റെ അമ്മയല്ല അപ്പോൾ ഈ രുക്മിണി വാരസ്യാർ.
ആരോടും തീരെ അടുക്കാൻ പോകാറില്ല. ജയിലിൽ ഒറ്റപ്പെട്ടു കഴിയാനായിരുന്നു രുക്കുവിനിഷ്ടം. സെല്ലിനകത്തിരിക്കുമ്പോൾ കൈയിലെ ഭജനാപുസ്തകമായിരുന്നു ശരണം. എല്ലാ ചിന്തകളിൽ നിന്നും ഒളിച്ചോടാൻ ഒരു മാർഗം! രുക്കു കിടക്കുന്ന സെല്ലിൽ മറ്റൊരു സ്ത്രീ കൂടിയുണ്ട്. എപ്പോഴും സംസാരമാണ്. രുക്കുവിന്റെ കൂടെയുള്ള ആ സ്ത്രീക്ക് ഏതാണ്ട് നാല്പത്തിയേഴ് വയസ് വരും. കൊലപാതകക്കുറ്റമാണ് അവരുടെ പേരിലെ കേസ്.
അവർ രുക്കുവിന്റെ ഈശ്വരഭക്തി ശ്രദ്ധിച്ചുകൊണ്ടു പറഞ്ഞു.
''നമുക്കൊക്കെ ഈശ്വരന്മാരുണ്ടോടീ. കർത്താവുമില്ല, മാതാവുമില്ല, ശിവനുമില്ല,പാർവതിയുമില്ല. ആ സമയമുണ്ടെങ്കിൽ എന്തെങ്കിലും തമാശ പറഞ്ഞ് ചിരിക്കാം."
അത്രയും പറഞ്ഞിട്ടവർ പെട്ടെന്ന് പൊട്ടിക്കരഞ്ഞു, ഒരിക്കലല്ല പല തവണ. സെല്ലിലേയ്ക്ക് പറന്നിറങ്ങിയ ഇത്തിരി നിലാവിൽ അവരുടെ ചുവന്നു കലങ്ങിയ കണ്ണുകൾ കാണാമായിരുന്നു.
ഭർത്താവിനെ വിഷം കൊടുത്തുകൊന്ന കുറ്റത്തിനാണ് അവർ ശിക്ഷിക്കപ്പെട്ടത്.
''കേസു പറഞ്ഞു ജയിക്കാനൊന്നും ഞാൻ പോണില്ല. പുറത്തിറങ്ങിയിട്ടും എന്തു കാര്യം? നാട്ടുകാരുടെ കുത്തുവാക്കുകളും പഴിചാരലും മാത്രം മിച്ചം. പറയത്തക്ക ബന്ധുക്കളാരുമില്ല. പിന്നെ എന്റെ ഭർത്താവില്ലാത്തിടത്ത് എനിക്കെന്ത് സന്തോഷം?"
അവരുടെ പരിദേവനങ്ങൾക്ക് രുക്കു മറുപടി പറഞ്ഞില്ല. തളിർ ഇല്ലായിരുന്നെങ്കിൽ താനും ഈ സ്ത്രീയുടെ പാത സ്വീകരിക്കുമായിരുന്നിരിക്കാം. എന്തൊക്കെയോ ചിന്തിച്ച് അവർ തിരിഞ്ഞു കിടന്നു.
തളിരിന്റെ അവസ്ഥ അറിയാൻ അപ്പോഴും മനസ് കേഴുകയായിരുന്നു. അവളിപ്പോൾ എന്തു ചെയ്യുകയാവും. ഇവിടെ ഒരു കാരണവശാലും തന്നെ കാണാൻ വരരുത് എന്നാണവളോട് പറഞ്ഞത്. പാവം... അവൾ അനുസരിക്കുകയാണ്.
************
രാവിലെ കിടക്കയിൽ നിന്നെഴുന്നേറ്റതും തളിർ മഗ്ദലന സിസ്റ്ററുടെ മുറിയിലേക്ക് ചെന്നു. മഗ്ദലന തളിരിനെ കണ്ട് ചിരിച്ചു.
''എന്താ ഇന്നലെ തീരെ ഉറങ്ങിയില്ലേ? കണ്ണുകൾ കരഞ്ഞ് കലങ്ങി ചീർത്തിരിക്കുന്നല്ലോ?"
സിസ്റ്റർ സൗമ്യമായി ചോദിച്ചു.
''എനിക്കമ്മയെ കാണണം സിസ്റ്റർ."
തളിർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
''അത് സാദ്ധ്യമല്ല മോളേ."
''അതെന്താ സിസ്റ്റർ? ഞാനമ്മയുടെ മകളല്ലേ?"
''ആയിരിക്കാം. പക്ഷേ ജയിലിൽ അവൾ എഴുതിക്കൊടുത്തിരിക്കുന്നത് അവൾക്ക് മകളോ, ഭർത്താവോ ഇല്ലെന്നാണ്. മാത്രമല്ല, വിസിറ്റേഴ്സിനെ അവർ അനുവദിക്കുന്നുമില്ല. പ്രത്യേകിച്ച് നീ അവിടേക്ക് ചെല്ലരുതെന്ന് പറയാൻ കാരണമുണ്ട്."
''അതെന്താ സിസ്റ്റർ?"
തളിർ കണ്ണീർ തുടച്ചു.
''ഒരുപക്ഷേ രുക്കു അങ്ങനെ ആരുമില്ലെന്ന് എഴുതികൊടുക്കാൻ എന്തെങ്കിലും കാരണമുണ്ടായിരിക്കാം. ഒരു കൊലപാതകിയുടെ മകളാണ് നീയെന്ന് സമൂഹം ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാവാം. അവൾ ബുദ്ധിമതിയാണ് തളിർ. ഭാവിയെപ്പറ്റി അവൾ എന്തെങ്കിലും കണ്ടിട്ടുണ്ടാവണം. ചിലപ്പോൾ നീ വളർത്തുമകളാണെന്നു പോലും അവൾ നാളെ പറഞ്ഞേയ്ക്കാം. നിന്റെ ഭാവിയും നിലനില്പുമാണവൾ ആഗ്രഹിക്കുന്നത് എന്ന് ചുരുക്കം."
തളിർ വീണ്ടും കണ്ണീർ തുടച്ചു.
''നീ ഇനി ഇതേക്കുറിച്ച് ആലോചിച്ച് കരഞ്ഞ് വെറുതെ ആരോഗ്യം നശിപ്പിക്കരുത്. നിനക്കെന്തെങ്കിലും രുക്കുവിനെ അറിയിക്കണമെങ്കിൽ നമുക്ക് പ്രഭുവിനെ വിളിച്ച് പറയാം. അവന് മാത്രമാണ് അവിടേക്ക് ചെല്ലാൻ രുക്കു അനുവാദം കൊടുത്തിട്ടുള്ളത് എന്നാണ് തോന്നുന്നത്. അവനിവിടെ ഇടയ്ക്ക് വന്നിരുന്നു. അപ്പോൾ പറഞ്ഞതാണ് ഇതെല്ലാം."
സിസ്റ്റർ വെളിപ്പെടുത്തി.
തളിരിന് മറുപടി ഇല്ലായിരുന്നു.
''നീ തത്ക്കാലം ചാപ്പലിലേക്ക് ചെല്ലൂ. കുറച്ചുനേരം ഒറ്റയ്ക്കവിടെയിരുന്ന് പ്രാർത്ഥിക്കൂ. മനസ് ശാന്തമാകും."
തളിർ അനുസരണയുള്ള കുട്ടിയെ പോലെ തിരിഞ്ഞുനടന്നു.
മഗ്ദലന, തളിരിന്റെ വേഷം ശ്രദ്ധിച്ചതപ്പോഴാണ്. ഒരു കുശിനിക്കാരിയുടെ ചട്ടയും മുണ്ടും. വളരെ ലൂസായവയും. മഗ്ദലന സ്നേഹത്തോടെ തളിരിനെ തിരിച്ചുവിളിച്ചു.
''തളിർ ഒന്നു വരൂ. ഇപ്പോൾ പോകാം."
''എന്താ സിസ്റ്റർ? "
ഭവ്യതയോടെ തളിർ സിസ്റ്ററിന്റെ സമീപമെത്തി.
''എന്താ ഈ വേഷം?"
''ഈ വേഷം ധരിക്കുമ്പോൾ എന്റെ രുക്കുവമ്മ എന്നോടൊപ്പമുണ്ടെന്ന സമാധാനം. പിന്നെ ഇനി ഞാനങ്ങോട്ടുള്ള ദിവസങ്ങളിലും ഇതല്ലേ ധരിക്കാനുള്ളത്. എനിക്കുള്ള യോഗ്യത ഇതിനാണ്, വിധിയും. ഇപ്പോഴേ ഞാനത് ശീലമാക്കുകയാണ്. ക്ഷമിക്കണം സിസ്റ്റർ.""
മഗ്ദലന സിസ്റ്ററിന്റെ കണ്ണുനിറഞ്ഞു. നെഞ്ചിൽ തട്ടി മുറിവേല്പിച്ച വാക്കുകൾ കൊരുത്തിരിക്കുകയാണവിടെ.
മാനസിയുടെ ഫോൺ കാത്തിരിക്കുകയായിരുന്നു പിന്നെയുള്ള ദിവസങ്ങളിൽ സിസ്റ്റർ. തളിരിന്റെ ഈ സങ്കടവാക്കുകൾ അവളെ അറിയിക്കണം. വിളിക്കാമെന്ന് പറഞ്ഞ ദിവസം തന്നെ മാനസി വിളിച്ചു. ശാന്തനു ഇല്ലാത്തപ്പോഴേ മാനസി വിളിക്കാറുള്ളൂ.
സിസ്റ്റർ ഹൃദയത്തിലുള്ള സങ്കടം അതുപോലെ മാനസിക്ക് കൈമാറി. നെഞ്ചിൽ ഇപ്പോഴും മായാതെ സൂക്ഷിച്ച തളിരിന്റെ വാക്കുകളും അവർ പറയാൻ മടിച്ചില്ല. എല്ലാം കേട്ടുകഴിഞ്ഞ് മാനസി പറഞ്ഞു.
''വൈദ്യൻ വിധിച്ചതും രോഗി ഇച്ഛിച്ചതും ഒന്നുതന്നെ."
''അതെന്താ മാനസി?"
സിസ്റ്റർ ആകാംക്ഷയിലായി.
''ഞാനവളുടെ മെഡിക്കൽ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാം. ആ റിസ്ക്ക് ഞാനേറ്റെടുക്കുന്നു. നമ്മൾ ഇരുവരുമല്ലാതെ മറ്റൊരു ചെവിയും ഇതറിയരുത് തത്ക്കാലം. ഇതൊക്കെ അറിയുന്നതിന് മുമ്പേ ഞാനതിനെപ്പറ്റി ആലോചിച്ചിരുന്നു."
മാനസിയുടെ വാക്കുകൾ സിസ്റ്ററിലേക്ക് സന്തോഷം പകർന്നു, അവരുടെ ഉള്ളം തണുത്തു. മാനസി ഒരു കാര്യം ഏറ്റാൽ ഏറ്റതാണ്, മറ്റൊന്നും ആലോചിക്കില്ല.
''ശരിക്കും? മാനസീ... നീ പറയുന്നത് വിശ്വസിക്കാമോ? ഞാനവളോട് പറയട്ടെ മാനസി? ഇനി നീ വാക്ക് മാറില്ലല്ലോ?"
കൂട്ടുകാരിയെ വിശ്വാസമായിരുന്നെങ്കിലും സിസ്റ്റർ ഒരിക്കൽ കൂടി ചോദിച്ചു.
''ഇല്ല... തീർച്ചയായും പറഞ്ഞോളൂ. അവളറിയണമല്ലോ. അവൾക്ക് വേണ്ടി ഒരാളുണ്ടെന്ന്. മറ്റൊരു തീരുമാനത്തിലെത്താൻ അവൾക്ക് സമയം കൊടുക്കണ്ടല്ലോ."
മാനസി മറുപടി പറഞ്ഞു.
''ഒരു കുട്ടിയെ മെഡിസിന് പഠിപ്പിക്കുകയെന്ന് വച്ചാൽ അതൊരു ചില്ലറ കാര്യമല്ല കേട്ടോ...നല്ലൊരു തുക മുടക്കേണ്ടിവരും. അത്രയും തുക ശാന്തനു അറിയാതെ മാനസിക്ക് മുടക്കാനാകുമോ?എല്ലാം നല്ലോണം ആലോചിച്ചിട്ടാണോ നീ ഈ വാഗ്ദാനം നൽകുന്നത്?"
സിസ്റ്റർ മഗ്ദലന വീണ്ടും വീണ്ടും മാനസിയോട് ചോദിച്ചു.
''ഞാനങ്ങോട്ട് അപേക്ഷിക്കുകയാണെന്ന് തന്നെ കണക്കാക്കി കൊള്ളൂ... നിനക്കറിയാമല്ലോ അലസയെ ഒരു ഡോക്ടറായി കാണണമെന്ന് ഞങ്ങൾ ഒരുപാടാഗ്രഹിച്ചു. അത് നടക്കില്ലെന്നുറപ്പായി. അതിന് പകരം ഞാനൊരു പെൺകുട്ടിയെ പഠിപ്പിക്കുന്നു. അത് മറ്റാരുമല്ല. ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് തന്നെ കൂട്ടുകാരിയുടെ മകളെ. ഒരു കടപ്പാട് എന്നുവേണമെങ്കിൽ ഇതിനെ കൂട്ടിക്കോളൂ. അതല്ലാ... എന്റെ വിശാല മനസ് എന്നാണെങ്കിൽ അങ്ങനെയുമാവാം."
സന്തോഷം കൊണ്ട് മഗ്ദലനയുടെ കണ്ഠമിടറി.
''വാക്കുമാറാത്തവളാണ് നീയെന്നറിയാം. എനിക്ക് തൃപ്തിയായി മാനസി. എനിക്കീ വിവരം രുക്കുവിനെ അറിയിക്കാമല്ലോ അല്ലേ."
''ഞാനുടനെ അങ്ങോട്ട് വരികയാണ്. ഒന്നുരണ്ടുകാര്യങ്ങൾ കൂടി ചെയ്തുതീർക്കാനുണ്ട്. അഡ്മിഷനുമായി ബന്ധപ്പെട്ടതാണ്. എന്നിട്ട് രുക്കുവിനെ ഞാൻ നേരിട്ടുകണ്ട് എല്ലാം പറയും. ഒരു പ്രത്യുപകാരം എന്ന നിലയിലായാലും ശരി."
''ശരി മാനസി. എല്ലാം നിന്റെ ഇഷ്ടം."
''പിന്നെ നമ്മൾ ഒരു കാര്യത്തിൽ ഒരുമിച്ചൊരു തീരുമാനം എടുക്കണം. "
''എന്താണെന്ന് പറഞ്ഞോളൂ മാനസി "
''ഞാനാണ് തളിരിനെ പഠിപ്പിക്കുന്നതെന്ന കാര്യം ശാന്തനുവോ, അലസയോ ഒരിക്കലും അറിയരുത്. രുക്കുവിന്റെ മകളാണ് തളിരെന്ന് ശാന്തനു ഒരിക്കലും അറിയുകയുമരുത്. സിസ്റ്ററിനറിയാമല്ലോ... രുക്കു അദ്ദേഹത്തെ ചതിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടി എന്നാണ് ഇപ്പോഴും വിശ്വാസം. ആ ദേഷ്യം ഇപ്പോഴും അടങ്ങിയിട്ടില്ല ആ മനസിലിന്നും."
''അറിയാം മാനസി. എനിക്കല്ലേ എല്ലാ സത്യങ്ങളും അറിയൂ. ഞാനും അതിനൊരു കാരണക്കാരിയാണ്, അറിയാതെയാണെങ്കിൽ കൂടിയും. കുറ്റബോധമുണ്ടിപ്പോഴും എനിക്ക്. രുക്കുവിനോടതിന്."
ഫോണിൽ അവർ സംസാരിച്ചു നിൽക്കേ ശാന്തനു മാനസിയുടെ അടുത്തേക്ക് വന്നു.
''ആരോടാ മാനസി ഈ നേരത്ത്? "
അയാൾ ചോദിച്ചു.
''മഗ്ദലന സിസ്റ്ററാണ്."
മാനസി പറഞ്ഞു.
''സിസ്റ്ററിനെന്നാ രുക്കുവെന്ന് പേരിട്ടത്? അവളെപ്പറ്റി ആരോടാ സംസാരിക്കുന്നത്? എനിക്കവളുടെ പേര് കേൾക്കുന്നതുപോലും ഇഷ്ടമല്ലെന്ന് നിനക്കറിയില്ലേ? കുറേനാൾ ആ പേര് കേൾക്കാനില്ലായിരുന്നല്ലോ. വീണ്ടും...?"
ശാന്തനുവിന്റെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ടു.
''ഇല്ല... സിസ്റ്റർ ഇടയ്ക്കിടയ്ക്ക് പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ...ഞാനറിയാതെ രുക്കു എന്ന് പറഞ്ഞുപോയതാ."
''വേണ്ട. അറിയാതെ പറഞ്ഞും ഞാനാ പേര് കേൾക്കരുത്. ദ്റോഹി... ചതിയാണവൾ എന്നോട് ചെയ്തത്. ഒരിക്കലും എനിക്കത് മറക്കാനാവില്ല. ഒരാളെ പ്രണയിച്ചിട്ട്. ഒപ്പം എന്നും കാണണമെന്ന് പറഞ്ഞിട്ട് സമയമായപ്പോൾ മറ്റൊരു കാമുകനുമായിട്ട് ഒളിച്ചോടുക. ഈ ജന്മം ഞാനത് മറക്കില്ല.""
ശാന്തനു മാനസിയോട് കയർത്ത് സംസാരിക്കുന്നത് അങ്ങേത്തലയ്ക്കൽ ഫോൺ ഓഫാക്കാതെ നിന്ന സിസ്റ്റർ മഗ്ദലന വ്യക്തമായി കേട്ടു.
ഹൃദയം നുറുങ്ങി വേർപിരിയുന്നതുപോലെ തോന്നി സിസ്റ്ററിന്.
സാധാരണ മാനസി സിസ്റ്ററിനെ വിളിക്കുന്നത് സ്വാതന്ത്ര്യമായി സംസാരിക്കാനും വിശേഷങ്ങൾ അറിയാനുമാണ്. അതിനായി സമയം കണ്ടെത്തുന്നത് ഭർത്താവ് വീട്ടിലില്ലാത്തപ്പോഴുമാണ്. പക്ഷേ പതിവ് തെറ്റിച്ചു. അത് രുക്കുവിനെപ്പറ്റിയും മകളെപ്പറ്റിയും അറിയാനും പറയാനുമുള്ള വെമ്പൽ കാരണമാണ്. സന്ദർഭം ഓർക്കാതെ വിളിച്ചുപോയതാവാം.
ഫോൺ കട്ട് ചെയ്തപ്പോൾ സമയം കിട്ടുമ്പോൾ മാനസി ഇനിയും വിളിച്ചേക്കുമെന്ന് സിസ്റ്ററിന് തോന്നി. അതുവരെ ഇനി അങ്ങോട്ട് വിളിക്കാതിരിക്കുന്നതാണ് ഭംഗി.
വിചാരിച്ചതുപോലെ പിറ്റേ ദിവസം തന്നെ മാനസിയുടെ ഫോൺ വന്നു.
''ഇന്നലെ എന്തുപറ്റി മാനസി?"
ഫോൺ അറ്റന്റ് ചെയ്തയുടനെ ആദ്യം ചോദിച്ചത് അതാണ്.
''കാരണം സിസ്റ്റർ ഊഹിച്ചത് തന്നെ. രുക്കു ഇന്നും ആ മനസിൽ ശത്രുപക്ഷത്താണ്. അലസയ്ക്കിന്നും അതൊന്നുമറിയില്ല. ഞാൻ പറയാനും പോയിട്ടില്ല. പക്ഷേ ഇന്നവൾ ശാന്തനുവിന്റെ സംഭാഷണം കേട്ടു. എന്നോട് ചോദിച്ചു, ആരാമ്മേ ഈ രുക്കുവെന്ന്?""
''എന്നിട്ട് നീ എന്തു പറഞ്ഞു മറുപടി? "
സിസ്റ്റർ ചോദിച്ചു.
''കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറി. കുട്ടിക്കാലത്ത് പേന മോഷ്ടിച്ച ഒരു കൂട്ടുകാരിയാണവൾ എന്നാക്കി. അവിടെയും അവളെ തരംതാഴ്ത്തിയതിൽ എനിക്ക് കുറ്റബോധമുണ്ട് സിസ്റ്റർ."
''സാരമില്ല. കുട്ടികൾ ഇതൊന്നുമറിയണ്ട. എന്തിനാ വെറുതേ കുട്ടികളുടെ മനസിലേക്ക് വിഷം നിറച്ചുവിടുന്നത് അല്ലേ? "
''അതെ അതേ...തളിരെന്തു പറയുന്നു? ഇന്നലെ ആ കാര്യം പറയാനാ വിളിച്ചത്. അവളുടെ അഡ്മിഷന്റെ കാര്യം ഞാനിവിടിരുന്ന് ഒരുവിധം ശരിയാക്കി. ഇനി നേരിട്ടുകണ്ട് മാനേജ്മെന്റുമായി സംസാരിച്ച് ഒരു ധാരണയിലെത്തണം. കുറച്ചുരൂപ ഡൊണേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. അതിനും ഞാനൊരു വഴി കണ്ടെത്തിക്കഴിഞ്ഞു. എൻ.ആർ.ഐ ഫണ്ട് അല്ലെങ്കിൽ മറ്റൊരു വഴി ?"
''എന്തു വഴി?"
''തറവാട്ടിലെ പടിഞ്ഞാറുവശത്ത് കുറച്ച് ഭൂമി തരിശായി കിടക്കുന്നുണ്ട്.ആർക്കും പ്രയോജനമില്ല. കൃഷി ഇറക്കുന്നതുമില്ല. കുറേ കരിഞ്ഞുണങ്ങിയ കമുകുമാത്രം. അതങ്ങ് വിൽക്കാം. അത്യാവശ്യം നല്ലൊരു തുക കിട്ടിയേക്കും. കഴിഞ്ഞതവണ വന്നപ്പോഴേ വിൽക്കാൻ വന്നതാ. വിലയും നിശ്ചയിച്ചിരുന്നു. അന്നെന്തോ കൊടുക്കുന്നില്ലാന്ന് വച്ചു. ഇപ്പോൾ ബ്രോക്കർ വഴി അവർ വീണ്ടും വന്നിട്ടുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു അതങ്ങ് കച്ചവടമാക്കാമെന്ന്. ആരോടും ചോദിക്കാതെ എന്റെ കൈയിൽ കുറച്ചു തുക ഇരിക്കുമല്ലോ. എനിക്കിഷ്ടമുള്ളത് ചെയ്യാമല്ലോ. ആരോടും കണക്ക് പറയണ്ടല്ലോ."
''എല്ലാം നിന്റെ നല്ല മനസ്."
സിസ്റ്റർ നന്മ പറഞ്ഞ് കുരിശ് വരച്ചു.
''ഇതൊന്നും അലസ അറിയരുത്. അവളൊരു ന്യൂസ് മേക്കറാ. ശാന്തനുവിനോട് എല്ലാം വിസ്തരിച്ചു കൊടുക്കും. ചിലപ്പോൾ അവൾ പാരയാണ് കേട്ടോ. അവൾ പറയുന്നതു അതുപോലെ ശാന്തനു വിശ്വസിക്കുകയും ചെയ്യും."
രണ്ടുപേരും ചിരിച്ചു.
''അപ്പോൾ തളിരിന്റെ കാര്യം എല്ലാം ഉറപ്പായി എന്ന് വിചാരിക്കട്ടെ."
സിസ്റ്റർ ഉറപ്പുവരുത്താനായി ചോദിച്ചു.
''തളിരിന്റെ വിഷമം മാത്രമല്ല ഞാൻ കാണുന്നത്. രുക്കുവിന്റെ മുഖവും ഓർമ്മയിലുണ്ട്. അവളെ ഞാനധികകാലം ആ ജയിലഴിക്കുള്ളിൽ കിടത്തില്ല. എനിക്കവളോട് നന്ദി പ്രകടിപ്പിക്കാനൊരവസരം ദൈവമായിട്ട് തന്നിരിക്കുകയാണ്. അവൾ അവളുടെ കരളാണ് എനിക്ക് നിവേദ്യമായി തന്നത്. അതിന് പകരം എന്തു കൊടുത്താലും മതിയാവില്ല മഗ്ദലനാ."
മാനസിയുടെ കണ്ഠം ഇടറിയിരുന്നു.
അവർ ഇരുവരും ഫോൺ കട്ട് ചെയ്തു.
തളിർ അപ്പോഴേക്കും ചായയുമായി സിസ്റ്ററുടെ സമീപത്തേക്ക് വന്നു.
''നീ എന്താ കുളിച്ചില്ലേ? വേഷം മാറ്റിയിട്ടില്ലല്ലോ?"
''അല്പം ജോലി കൂടി ബാക്കിയുണ്ട് സിസ്റ്ററേ. അതുകഴിഞ്ഞ് കുളിച്ച് വേഷം മാറി വരാം. ചാപ്പലിൽ പോകണം. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം."
''നീ കുളി കഴിഞ്ഞുവരുമ്പോഴേക്കും നല്ലൊരു വാർത്ത ഞാൻ പറയാം. "
''എന്താ സിസ്റ്റർ? "
''ഒക്കെ പറയാം മോളേ. നീ കുളി കഴിഞ്ഞു വരൂ."
''അമ്മയെപ്പറ്റി വല്ലതുമാണോ സിസ്റ്റർ? "
തളിർ വീണ്ടും വീണ്ടും ചോദിച്ചു.
''ങാ, പറയാമെന്നേ, ധൃതിപ്പെടാതെ."
(തുടരും)