കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ കൂറുമാറ്റം അപ്രതീക്ഷിതമാണ്. ചില കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്നാണ് സാക്ഷിയായ ഇടവേള ബാബു കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചത്. നടിയുടെ പരാതിയിൽ വാസ്‌തവമുണ്ടെന്ന് തോന്നിയിരുന്നതായും ദീലീപ് തന്റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബു നേരത്തെ പൊലീസിനു മൊഴി നൽകിയത്. ഈ മൊഴിയാണ് ബാബു ഇപ്പോൾ മാറ്റി പറഞ്ഞിരിക്കുന്നത്.
'അമ്മ'യുടെ ഒരു സ്റ്റേജ് പരിപാടിക്കിടയിൽ ദിലീപും നടിയും തമ്മിൽ തർക്കമുണ്ടായെന്നും അതിന് ശേഷമാണ് കാവ്യയും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ മിണ്ടാതായതെന്നുമാണ് ഇടവേള ബാബു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ നടി പരാതി നൽകിയതായി ഓർമ്മയില്ലെന്നാണ് ബാബു ഇന്നലെ കോടതിയെ അറിയിച്ചത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു.
ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെ കുറിച്ചാണ് പ്രോസിക്യൂഷൻ സിനിമാ പ്രവർത്തകരിൽ നിന്നു വിവരം ശേഖരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. ഇന്ന് നടി ഭാമയെയും മറ്റു നാലുപേരെയും വിസ്‌തരിക്കും. വിസ്‌താരത്തിനായി രാവിലെ തന്നെ ഭാമ കോടതിയിലെത്തുകയും ചെയ‌്തു.