ന്യൂഡൽഹി: സാമൂഹികമായ സഹവർത്തിത്വമില്ലായ്മ, സാമ്പത്തിക മാന്ദ്യം, കൊറോണ എന്നിവ രാജ്യത്ത് വലിയ ആപത്ത് കൊണ്ടുവരുമെന്ന് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ്. ഈ മൂന്ന് പ്രശ്നങ്ങൾ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുക മാത്രമല്ല ആഗോളതലത്തിൽ സാമ്പത്തിക-ജനാധിപത്യ ശക്തിയെന്ന രാജ്യത്തിന്റെ സൽപേരിനെയും അത് മോശമായി ബാധിക്കുമെന്ന് മൻമോഹൻ സിംഗ് ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മൻമോഹൻ സിംഗിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയക്കാർ ഉൾപ്പെടെ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വിഭാഗങ്ങൾക്കിടയിൽ മതപരമായ അസഹിഷ്ണുത സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്ന് മൻമോഹൻ സിംഗ് ലേഖനത്തിൽ വിമർശിക്കുന്നു.
'യൂണിവേഴ്സിറ്റികളും പൊതുസ്ഥലങ്ങളുമൊക്കെ സാമുദായിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നത് ഇന്ത്യയുടെ ഇരുണ്ടകാലഘട്ടത്തെ ഓർമിപ്പിക്കുന്നു. ക്രമസമാധനം പുലർത്തേണ്ട സ്ഥാപനങ്ങൾ അവരുടെ ധർമം കൈവിടുന്നു.നീതിന്യായ വ്യവസ്ഥയും ജനാധിപത്യത്തിന്റെ നെടുംതൂണായ മാദ്ധ്യമങ്ങളും നമ്മളെ തോൽപിക്കുന്നു. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കാൻ പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നതിൽ അർത്ഥമില്ല. വിഭാഗീയതയുടെ ഭാഗമായുള്ള ഇത്തരം സംഘർഷങ്ങൾ മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ കളങ്കപ്പെടുത്തുന്നു'-- അദ്ദേഹം കുറിച്ചു.
സാമൂഹ്യ അനൈക്യം, സാമ്പത്തിക മാന്ദ്യം, കൊറോണ തുടങ്ങിയ മൂന്ന് അപകടങ്ങളാണ് നിലവിൽ രാജ്യം നേരിടുന്നത്. ആദ്യത്തെ രണ്ടെണ്ണവും നമ്മൾ സ്വയം വരുത്തിവച്ചതാണ്. ഇതുകൂടാതെ ഇപ്പോൾ കൊറോണ വൈറസും. ഇത് മൂന്നും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം കുറിച്ചു. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദേശങ്ങളും മൻമോഹൻ സിംഗ് ലേഖനത്തിലൂടെ നിർദേശിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനായി അടിയന്തരമായി നടപടികളെടുക്കണം,പൗരത്വ നിയമം പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം, സാമ്പത്തിക മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഉപഭോക്താവിന്റെ ക്രയശേഷി വര്‍ധിപ്പിക്കാനുമായി വിശാലവും അതിസൂക്ഷ്മവുമായ സാമ്പത്തിക ഉത്തേജന പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.