ഒരു മിസ്സ് കോൾ പിന്നെ പ്രണയത്തിന് വഴിയായതൊക്കെ ഇക്കാലത്ത് പുത്തരിയല്ല. നേരിട്ട് ഒന്ന് കാണുന്നതിന് മുൻപ് ശബ്ദത്തിലൂടെ തന്നെ കമിതാക്കളായവർ നിരവധിയാണ്. മുൻപ് 'ബോഡിഗാർഡ്' എന്ന സിദ്ദിഖ് ചിത്രവും അങ്ങനെയൊരു കഥയാണ് പറഞ്ഞത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി, റോഷൻ മാത്യൂസ്, അന്ന ബെൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 'കപ്പേള' ഇത്തരമൊരു പ്രമേയത്തിന്റെ വ്യത്യസ്ത തലമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ജെസ്സി എന്ന യുവതിയുടെ ഒരു ഫോൺ കോളാണ് സിനിമയിലെ സംഭവവികാസങ്ങൾക്ക് തുടക്കമിടുന്നത്. നമ്പർ തെറ്റി വിഷ്ണു എന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറിനെ അവൾ വിളിക്കുന്നു. അമളി പറ്റിയതറിഞ്ഞ് ജെസ്സി ഫോൺ വച്ചെങ്കിലും അയാൾക്ക് വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല. വിഷ്ണു തുടരെ വിളിച്ചു കൊണ്ടിരുന്നു, അവൾ ഈ കോളുകൾക്കൊന്നും വലിയ വില കൽപ്പിക്കാതെ കട്ട് ചെയ്തു കൊണ്ടുമിരുന്നു. എന്നാൽ അവർ തമ്മിലടുക്കാൻ അധികം താമസിച്ചില്ല.ആരെന്നോ എന്തെന്നോ അറിയാതെ അവർ പ്രണയത്തിലായി. ഇടത്തരം കുടുംബത്തിലെ അംഗമായ ജെസ്സിയെ നാട്ടിലെ ഒരു വ്യവസായിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാരുടെ നീക്കം. ഇത് ജെസ്സിയെ സമ്മർദ്ദത്തിലാക്കി. താൻ പ്രണയിക്കുന്ന വ്യക്തിയെ കണ്ടിട്ട് പോലുമില്ലലോ എന്ന വസ്തുത അവളെ ആകെ വലച്ചു. തുടർന്ന് വിഷ്ണുവിനെ വിളിച്ച് കണ്ടുമുട്ടിയെ പറ്റു എന്ന് അവൾ പറയുന്നു. വീട്ടുകാർ ഇല്ലാത്ത സമയം അയൽപക്കത്തെ തന്റെ കൂട്ടുകാരിയോട് പറഞ്ഞ് ജെസ്സി കോഴിക്കോടിലേക്ക് ബസ് കയറുന്നു.
ഒന്ന് കാണുന്നത് വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും സത്യാവസ്ത മറ്റൊന്നായിരുന്നു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ വിഷ്ണുവിനെ കാത്ത് നിന്ന ജെസ്സിക്ക് താൻ അവിടെ സുരക്ഷതിയല്ല എന്ന തോന്നലുണ്ടാകുന്നു. സമയത്ത് എത്താമെന്ന് പറഞ്ഞുറപ്പിച്ച വിഷ്ണുവിനെ കാണാനുമില്ല. പല കാരണങ്ങളാൽ ഫോണിൽ അയാളെ കിട്ടുന്നുമില്ല. കോഴിക്കോട് വന്നിറങ്ങിയ വിഷ്ണുവിനും പല പ്രശ്നങ്ങളാണ്. തന്റെ ഫോൺ ബസ് സ്റ്റാൻഡിൽ വച്ച് അയാൾക്ക് നഷ്ടപ്പെടുന്നു. അത് കിട്ടുന്നത് റോയി എന്ന വ്യക്തിക്കാണ്. തുടർന്ന് ജെസ്സി വിളിക്കുന്ന കോളുകൾ റോയി എടുക്കുകയും അവളെ സ്റ്റാൻഡിൽ വച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. താൻ പ്രണയിക്കുന്ന വിഷ്ണു ഇതാണെന്ന് ജെസ്സി വിചാരിക്കുന്നു. കാര്യങ്ങൾ അവിടെ നിന്നങ്ങോട്ട് അപ്രതിക്ഷിതമായി നീങ്ങുന്നു. പൊടുന്നനെ വന്ന് കയറുന്ന റോയി എന്ന വ്യക്തിക്ക് ജെസ്സിയുടെയും വിഷ്ണുവിന്റെയും പ്രണയത്തിൽ എന്ത് കാര്യം എന്ന ചോദ്യത്തിന്റെ ഉത്തരം ചിത്രം കണ്ട് തന്നെ അറിയേണ്ടതാണ്.
കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ അന്ന ബെന്നാണ് ജെസ്സിയായി എത്തുന്നത്. മറ്റു രണ്ട് കേന്ദ്രകഥാപാത്രങ്ങളായ വിഷ്ണുവിനെയും റോയിയെയും അവതരിപ്പിക്കുന്നത് റോഷൻ മാത്യൂസും ശ്രീനാഥ് ഭാസിയുമാണ്. മൂവരുടെ പ്രകടനം മികച്ചതാണ്. അന്ന ബെൻ ചെയ്ത മൂന്ന് സിനിമകളിലെയും സ്ത്രീ വേഷങ്ങളും പ്രാധാന്യമുള്ളതായിരുന്നു എന്നത് ശ്രദ്ദേയമാണ്. സുധി കോപ്പ, തന്‍വി റാം, നിശാ സാരംഗ്, സുധീഷ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വയനാടും കണ്ണൂരും കോഴിക്കോടുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജിംഷി ഖാലിദാണ്. സംഗീതമൊരുക്കിയിരിക്കുന്നത് സുശിൻ ശ്യാമാണ്.
വളരെ ചെറിയ കഥാപരിസരമുള്ള ചിത്രമാണിത്. ഒരു പ്രണയവും കമിതാക്കൾ തമ്മിലുള്ള കണ്ടുമുട്ടലുമാണ് കഥാതന്തു. കൂടുതലും ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദും മുസ്‌തഫയും സുധാസും ചേർന്നാണ്.
ചെറിയ ഒരു കഥ സിനിമയാക്കി ഫലിപ്പിക്കുന്നതിൽ അണിയറക്കാർ ഏറെക്കുറെ വിജയിച്ചുവെങ്കിലും പാളിച്ചയില്ല എന്ന് പറയാനാകില്ല. ഒരു പ്രണയ ചിത്രം എന്ന രീതിയിൽ തുടങ്ങിയ ചിത്രം ട്രാക്ക് മാറുമ്പോൾ അൽപ്പം കൂടി നന്നാക്കാമായിരുന്നു എന്ന് പ്രേക്ഷകന് തോന്നിയേക്കാം.
പത്തോളം മലയാള ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്ത് മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാനമാണ് 'കപ്പേള'. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആദ്യ പകുതിയിൽ മൊട്ടിടുന്ന പ്രണയത്തിന്റെ ഊഷ്മളത സ്വാഭാവികമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ 'കപ്പേള' ത്രില്ലർ സ്വഭാവമുള്ള ചിത്രമാകുന്നു. വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന രണ്ട് പകുതികൾ ഉള്ള സിനിമ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് പറയാം. സദാചാരഗുണ്ടയായ വില്ലൻ മാത്രമാണ് റോയി എന്ന കഥാപാത്രമെന്ന് കഥയിലെ ഏറെ നേരവും കാണികളിൽ തോന്നലുണ്ടാക്കി ഒടുവിൽ ചെറുതായി ഒന്ന് ഞെട്ടിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനവും സ്വഭാവികമായ അവതരണവും ചിത്രത്തിന് മുതൽക്കൂട്ടാണ്. കൂടെ യുവതലമുറയ്ക്ക് ശക്തമായ സന്ദേശം നൽകുവാനും ചിത്രത്തിനാകുന്നു.
വാൽക്കഷണം: മിന്നുന്നതെല്ലാം പൊന്നല്ല
റേറ്റിംഗ്: 3/5