shruti-shibulal

പഠിച്ചത് സയൻസായിരുന്നെങ്കിലും ശ്രുതിയുടെ മനസിൽ എന്നും താളമടിച്ചത് സംരംഭകയാകണമെന്ന മോഹമായിരുന്നു. അച്‌ഛൻ എസ്.ഡി. ഷിബുലാൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയും. പക്ഷേ, ശ്രുതി ജോലി തുടങ്ങിയത് കെമിസ്‌റ്റ് ആയി.

ധനകാര്യ മേഖലയിലും ഒരുകൈ നോക്കി. പക്ഷേ, സംരംഭക താളത്തിന്റെ ഊർജവുമായി ശ്രുതി ഷിബുലാൽ എന്ന മലയാളി പെൺകൊടി, 2012ൽ ഹോസ്‌പിറ്റാലിറ്റി രംഗത്തേക്ക് ചുവടുവച്ചു. താമര ലീഷർ എക്‌സ്‌പീരിയൻസസിന്റെ പിറവിയായിരുന്നു അത്. ബംഗളൂരു ആണ് ആസ്ഥാനം. 2012ൽ 30 മുറികളുമായി കുടകിൽ ആരംഭിച്ച 'താമര കൂർഗ്" ആയിരുന്നു ആദ്യ സംരംഭം. 2025ഓടെ ലക്ഷ്യം ആയിരം മുറികളാണെന്ന് ശ്രുതി പറയുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒമാരിൽ ഒരാളാണ് ഇന്ന് ശ്രുതി ഷിബുലാൽ (35). കമ്പനിയുടെ ഡയറക്‌ടർ സ്ഥാനവും വഹിക്കുന്നു.

2018ൽ തുറന്ന താമര കൊടൈ (കൊടൈക്കനാൽ), 2014ൽ ബംഗളരുവിൽ ആരംഭിച്ച ലൈലാക് ബിസിനസ് ഹോട്ടൽ, ഇതിനു സമീപം 2019ൽ തുടങ്ങിയ ലൈലാക് മിഡ്-സെഗ്‌മെന്റ് ഹോട്ടൽ, ജർമ്മനിയിലെ 3 ഹോട്ടലുകൾ തുടങ്ങിയ ഹോട്ടൽ ശൃംഖലകൾ ഇന്ന് താമര ലീഷർ എക്‌സ്‌പീരിയൻസസിന് കീഴിലുണ്ട്.

കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് 'ഒ ബൈ താമര" ബ്രാൻഡിൽ പഞ്ചനക്ഷത്ര ബിസിനസ് - ലീഷർ ഹോട്ടലും തുറന്നു. ആക്കുളത്ത്, ലുലുമാളിന് സമീപമാണ് ഒ ബൈ താമര. ഡീലക്‌സ്, എലൈറ്റ്, സ്വീറ്ര് ശ്രേണികളിലായി 152 മുറികൾ.കേരളത്തിൽ നിക്ഷേപം 300 കോടി രൂപയായി ഉയർത്താനുള്ള പദ്ധതികൾ താമര ആസൂത്രണം ചെയ്‌തിട്ടുണ്ട്. എസ്.ഡി. ഷിബുലാലിന്റെ നാടായ ആലപ്പുഴ മുഹമ്മയിൽ ആയുർവേദ റിസോർട്ട് വൈകാതെ തുറക്കും. ലൈലാക് ബ്രാൻഡിൽ കണ്ണൂരും ഗുരുവായൂരും തമിഴ്‌നാട്ടിലെ കുംഭകോണത്തും ഹോട്ടൽ ആരംഭിക്കും. പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. രണ്ടരവർഷത്തിനകം പദ്ധതികൾ പൂർത്തിയാക്കും.