ബി. ബി. സി സർവേ
ലണ്ടൻ: ഇന്ത്യയിലെ ആദ്യ സിക്ക് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത് സിംഗിനെ ലോക ചരിത്രത്തിലെ എക്കാലത്തെയും മഹാനായ നേതാവായി ബി.ബി.സി വേൾഡ് ഹിസ്റ്ററീസ് മാഗസിൻ തിരഞ്ഞെടുത്തു. വായനക്കാരുടെ ഭൂരിപക്ഷ വോട്ടോടെയാണിത്.
5000ത്തിലധികം വായനക്കാരിൽ 38 ശതമാനം രഞ്ജിത് സിംഗിന് വോട്ട് ചെയ്തു.
പത്തൊൻപതാംനൂറ്റാണ്ടിൽ സിക്ക് സാമ്രാജ്യം സ്ഥാപിച്ച അദ്ദേഹം സഹിഷ്ണുതയിലൂന്നിയ പുതിയ സാമ്രാജ്യം സൃഷ്ടിച്ചെന്ന് അവർ ചൂണ്ടിക്കാട്ടി.
മുഗൾ ചക്രവർത്തി അക്ബർ, ഫ്രഞ്ച് ജനത ആരാധിക്കുന്ന വീരവനിത ജോവാൻ ഓഫ് ആർക്ക്, റഷ്യൻ ചക്രവർത്തിനി കാതറിൻ ദി ഗ്രേറ്റ് എന്നിവരും ഉൾപ്പെട്ട പട്ടികയിൽ നിന്നാണ് മഹാരാജ രഞ്ജിത് സിംഗിനെ തിരഞ്ഞെടുത്തത്.
പട്ടികയിലുള്ള മറ്റ് നേതാക്കളെപ്പോലെ പ്രശസ്തനല്ല മഹാരാജാ രഞ്ജിത്ത് സിംഗ്. എന്നിട്ടും അദ്ദേഹത്തിന്റെ നേതൃഗുണം ഈ 21-ാം നൂറ്റാണ്ടിലും ലോകജനതയെ പ്രചോദിപ്പിക്കുന്നു.
- മാറ്റ് എൽട്ടൺ,
ബി.ബി.സി വേൾഡ് ഹിസ്റ്ററി മാഗസിൻ എഡിറ്റർ
ഷേർ-ഇ-പഞ്ചാബ് (പഞ്ചാബിന്റെ സിംഹം)
(1780-1839 )
ജനനം 1780 നവംബർ 13ന് പഞ്ചാബിലെ ഗുജ്റൻവാലയിൽ.
പിതാവ് - സർദാർ മഹാൻ സിംഗ് , മാതാവ് - രാജ് കൗർ
കുട്ടിക്കാലത്ത് വസൂരി ബാധിച്ച് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
പ്രാഥമിക വിദ്യാഭ്യാസമില്ല.
അസാമാന്യ ഓർമ്മശക്തിയും വാക്ചാതുര്യവും
21-ാം വയസിൽ പഞ്ചാബിന്റെ മഹാരാജാവ്
38 വർഷം പഞ്ചാബ് ഭരിച്ചു
നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് പഞ്ചാബ് സാമ്രാജ്യം
20 ഭാര്യമാർ.
8 മക്കൾ
ഭരണ പരിഷ്കാരങ്ങൾ
സാമ്രാജ്യത്തിന്റെ വിസ്തൃതി 5 ലക്ഷം ചതുരശ്ര കിലോമീറ്ററാക്കി.
പാശ്ചാത്യ കണ്ടുപിടിത്തങ്ങൾ സ്വീകരിച്ചു.
സുവർണക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ, മുസ്ളിം പള്ളികൾ, ഗുരുദ്വാരകൾ എന്നിവ പുനർനിർമ്മിച്ചു
സിഖ് ഖൽസ സേനയെ യൂറോപ്യൻ മാതൃകയിൽ പരിഷ്കരിച്ചു.
ദർബാറിൽ ഹിന്ദു, മുസ്ളീം. സിക്ക് ഉൾപ്പെടെ നാനാമതസ്ഥർ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സൗഹൃദം.
പട്ടികയിലെ മറ്റ് സ്ഥാനക്കാർ
2. അമിൽകർ കബ്രാൾ (25 ശതമാനം വോട്ട്)
ആഫ്രിക്കൻ സ്വാതന്ത്ര്യസമര പോരാളി. പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നുള്ള മോചനത്തിനായി പൊരുതി രക്തസാക്ഷിയായ അനശ്വര വിപ്ളവകാരി.
3. വിൻസ്റ്റൻ ചർച്ചിൽ
ബ്രിട്ടീഷ് പ്രധാനമന്ത്രി (7 ശതമാനം വോട്ട്)
രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റലറോട് കീഴടങ്ങാതെ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി ( 1940 - 45). ഹിറ്റ്ലറുടെ ജർമ്മനി ഉൾപ്പെട്ട അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടന്റെ ദേശീയ വികാരം ജ്വലിപ്പിച്ച തകർപ്പൻ പ്രാസംഗികൻ. 1951 - 55ൽ വീണ്ടും പ്രധാനമന്ത്രി. സാഹിത്യത്തിനുള്ള നൊബൽ സമ്മാനം
4.എബ്രഹാം ലിങ്കൺ
മുൻ അമേരിക്കൻ പ്രസിഡന്റ് . അമേരിക്കയിലെ ആഭ്യന്തര യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി നയിച്ചു. അടിമത്തം നിരോധിച്ചു.
5. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 1 (4 ശതമാനം വോട്ട്)
പട്ടികയിൽ ഏറ്റവുമധികം വോട്ട് നേടിയ വനിത
കലാപരൂഷിത ഇംഗ്ളണ്ടിൽ സമാധാനവും ദേശീയതയും പുനഃസ്ഥാപിച്ച രാജ്ഞി.
ജൊവാൻ ഒഫ് ആർക്ക്
ചരിത്രത്തിലെ ഏറ്റവും ധീരയായ വനിത. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിന്റെ വീരവനിത. ഇംഗ്ലീഷ് ആധിപത്യത്തിൽ നിന്ന് ഫ്രാൻസിനെ രക്ഷിക്കാൻ 13-ാം വയസിൽ ആൺവേഷം കെട്ടി യുദ്ധം നയിച്ചു. വെളിപാടുകളുടെ അടിസ്ഥാനത്തിൽ സൈനികരെ പ്രചോദിപ്പിച്ചു. 19-ാം വയസിൽ ശത്രുക്കൾ പിടികൂടി ചുട്ടുകൊന്നു. 500 വർഷത്തിന് ശേഷം ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ജൊവാൻ ഒഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
കാതറിൻ ദ ഗ്രേറ്റ്
1762 ൽ ഭർത്താവ് പീറ്റർ മൂന്നാമനെ അട്ടിമറിച്ച് റഷ്യയുടെ അധികാരം പിടിച്ചെടുത്ത ചക്രവർത്തിനി. റഷ്യയെ യൂറോപ്പിലെ വൻശക്തിയാക്കി. കാതറിന്റെ ഭരണ കാലം റഷ്യൻ ചരിത്രത്തിലെ സുവർണകാലം.