മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലർ എത്തി. രോമാഞ്ചം....എന്ന വാക്ക് അല്ലാതെ ട്രെയിലർ നൽകുന്ന അനുഭവത്തിന് മറ്റൊരു വാക്കില്ല. കാഴ്‌ചയിലും ശബ്‌ദ വിന്യാസത്തിലും പ്രേക്ഷകർ ഇതുവരെയും കാണാത്ത പ്രിയദർശൻ മാജിക് ട്രെയിലർ നൽകുന്നു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ട്രെയിലർ റിലീസ് ചെയ്‌തിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ ട്രെയിലർ പുറത്തു വിട്ടപ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, രാം ചരൺ, യഷ് എന്നിവർ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്‌തു.
പ്രിയദർശനും അനി ഐ.വി ശശിയും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. സുനിൽ ഷെട്ടി, അർജുൻ, മധു, സിദ്ദിഖ്, നെടുമുടിവേണു, ഫാസിൽ, മഞ്ജുവാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 120 ദിവസം കൊണ്ടാണ് മരക്കാർ ചിത്രീകരിച്ചത്.
ആക്ഷൻ കൊറിയോഗ്രഫി ത്യാഗരാജൻ, കസു നെഡ, സംഗത് മംഗ്പുത് എന്നിവരാണ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാർച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളിൽ ചിത്രം റിലീസിനെത്തിക്കാനാണ് ആശിർവാദ് സിനിമാസിന്റെ പദ്ധതി.