കൊച്ചി: കൊറോണ വ്യാപനവും യെസ് ബാങ്ക് പ്രതിസന്ധിയും നിക്ഷേപക ലോകത്തെ ആശങ്കപ്പെടുത്തിയതോടെ, ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുരുതിക്കളമായി മാറി. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് 1,400 പോയിന്റോളവും നിഫ്റ്രി 500നുമേലും തകർന്നു. വ്യാപാരാന്ത്യം സെൻസെക്സ് 893 പോയിന്റിടിഞ്ഞ് 37,576ലും നിഫ്റ്റി 279 പോയിന്റ് നഷ്ടവുമായി 10,989ലുമാണുള്ളത്. കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് പോയിന്റാണിത്.
യെസ് ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്കിംഗ് ഓഹരികൾക്കാണ് ഇന്നലെ വലിയ മുറിവേറ്റത്. എസ്.ബി.ഐ., ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി., ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആർ.ബി.എൽ ബാങ്ക് എന്നിവ ആറു മുതൽ 14 ശതമാനം വരെ നഷ്ടം നേരിട്ടു. ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്രാ സ്റ്രീൽ, ജിൻഡാൽ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവയും നോവറിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനെ എസ്.ബി.ഐ നയിക്കുന്ന കൺസോർഷ്യത്തെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നീക്കം വ്യാഴാഴ്ച ഓഹരികൾക്ക് നേട്ടമായിരുന്നു. യെസ് ബാങ്കോഹരികൾ അന്ന് 29 ശതമാനം വരെ മുന്നേറി. എന്നാൽ, യെസ് ബാങ്കിനുമേൽ മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ് ബാങ്ക് നടപടി ഇന്നലെ നിക്ഷേപകരെ ആശങ്കപ്പെടുത്തി. യെസ് ഓഹരികൾ ഇന്നലെ ഒരുവേള ഇടിഞ്ഞത് 82 ശതമാനമാണ്. കൊറോണ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതും ആഗോള സമ്പദ്വളർച്ച കൂടുതൽ പ്രതിസന്ധിയിലായതും ഓഹരി വിപണിയെ വലച്ചു.
85%
വ്യാഴാഴ്ച 36 രൂപയുണ്ടായിരുന്ന യെസ് ബാങ്ക് ഓഹരി വില, ഇന്നലെ ഒരുവേള 82 ശതമാനം വരെ ഇടിഞ്ഞ് 6 രൂപയിലെത്തി. വ്യാപാരാന്ത്യം വില 16.20 രൂപ.
₹3.28 ലക്ഷം കോടി
ഇന്നലെ സെൻസെക്സിൽ നിന്ന് കൊഴിഞ്ഞുപോയത് 3.28 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ സെൻസെക്സിന്റെ നഷ്ടം 15.29 ലക്ഷം കോടി രൂപ.
74ലേക്ക് ഇടിഞ്ഞ്
ഇന്ത്യൻ റുപ്പി
ഓഹരി വിപണിയുടെ തകർച്ച, വിദേശ നിക്ഷേപ നഷ്ടം എന്നിവമൂലം രൂപ ഇന്നലെ ഡോളറിനെതിരെ ഒരുവേള 74.08 വരെ തകർന്നടിഞ്ഞു. 73.75ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്. നഷ്ടം 40 പൈസ.