അതികലശലായ ദാഹമുള്ള ഒരുവൻ ഒരു കിണർ കണ്ടാൽ ഓടിയെത്തി അതിൽ നിന്നു വെള്ളം കോരിക്കുടിക്കുക സ്വാഭാവികമാണ്. അപ്പോൾ ആ കിണർ ആരു കുഴിച്ചതെന്നോ ആരാണ് കുഴിപ്പിച്ചതെന്നോ അന്വേഷിക്കാറില്ല. അതുപോലെ തന്നെ അതികഠിനമായ വിശപ്പുള്ള ഒരുവൻ ഒരു ഫലവൃക്ഷം കണ്ടാൽ അതിൽ നിന്നൊരു ഫലം കിട്ടിയെങ്കിലെന്ന് ആശിക്കും.
ആ സമയത്ത് ആ ഫലവൃക്ഷം ആരാണ് വച്ചുപിടിപ്പിച്ചതെന്നോ ആരാണ് ഉടമസ്ഥനെന്നോ അന്വേഷിക്കുകയില്ല.ഇതുപോലെയാണു പ്രതിസന്ധിഘട്ടങ്ങളിൽ ആരായാലും ആ അവസ്ഥയെ അതിജീവിക്കാനോ മറികടക്കാനോ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. അത് പ്രകൃതി തന്നെ അല്ലെങ്കിൽ ഈശ്വരൻ തന്നെ ഓരോരുത്തർക്കും നല്കിയിരിക്കുന്ന ഒരവകാശമാണ്. ആ അവകാശത്തെ നിഷേധിക്കാനോ ലംഘിക്കാനോ മറ്റൊന്നിനു അധികാരമില്ലെന്നതാണു പ്രകൃതിനിശ്ചയം. എന്നാൽ വർത്തമാനകാല ലോകത്ത് ഈ സ്ഥിതിയാകെ മാറിവരികയാണ്. എന്തിനും ഏതിനും അവകാശവും അധികാരവും സ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്നവരും അധീശത്വത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിപ്പിക്കാൻ പരിശ്രമിക്കുന്നവരും ഏറിവരികയാണ്. അങ്ങനെ പ്രകൃതി തരുന്നതിനെല്ലാം പുതിയ ഉടമസ്ഥരും അവകാശികളും അധികാരികളും കൂടിക്കൊണ്ടിരിക്കുന്നു. ഒരു ലോകത്താണ് നമ്മൾ ഇന്നു ജീവിക്കുന്നത്. എന്നാൽ ഈ ആധുനിക സാമൂഹ്യ വ്യവസ്ഥിതികളും വിനിമയോപാധികളും എത്ര തന്നെ ഏറിയാലും ചില കാര്യങ്ങളിൽ മനുഷ്യനു ഒരിക്കലും ഉടമസ്ഥത സ്ഥാപിക്കാനാവുകയില്ല. ഉദാഹരണം നമ്മുടെ ജീവനെ നിലനിറുത്താൻവേണ്ട പ്രാണവായു തന്നെ. അത് ആർക്കും സ്വന്തമാക്കാനാവില്ല. മാറിമാറിവരുന്ന കാലാവസ്ഥകൾക്ക് ആർക്കും അവകാശിയായിത്തീരാനാവില്ല. സുനാമിയും പ്രളയവും ഭൂകമ്പവും പോലെയുള്ള പ്രകൃതിദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ആരുടെയും നിയന്ത്രണാധികാരപരിധിയിൽ പെടുന്നില്ല.
ഇടയ്ക്കിടെ മനുഷ്യസമൂഹത്തെയാകെ പരിഭ്രാന്തിയിലേക്കാഴ്ത്തിക്കൊണ്ടു കടന്നുവരുന്ന ആധികളും വ്യാധികളും ആരുടെയും ഉടമസ്ഥതയിൽപ്പെടാത്തതുമാണ്. ഏറ്റവുമൊടുവിൽ ഇന്നു ലോകത്തെയാകെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗവും അതുപരത്തുന്ന വൈറസുകളും ആർക്കെങ്കിലും അവകാശമോ ഉടമസ്ഥതയോ സ്ഥാപിക്കാനാവുന്നതാണോ? പ്രകൃതിയുടെ സമ്പത്തിൽ അവകാശവും അധികാരങ്ങളും സ്ഥാപിക്കാൻ ധൃതിപ്പെടുകയും ഏറ്റുമുട്ടുകയും ചെയ്യുന്ന മനുഷ്യവർഗം, ആർക്കും ഉടമസ്ഥത ചമയ്ക്കാനാവാത്ത പ്രാണവായുവും കാലാവസ്ഥകളും നല്കി നിലനിറുത്തുന്നത് പ്രകൃതിയാണെന്നു ഇടയ്ക്കെല്ലാം മറന്നുപോവുകയാണ്. ആ മറവിയിൽ നിന്നാണു മനുഷ്യർ തമ്മിലുള്ള വിദ്വേഷങ്ങളും വിവേചനങ്ങളും അസമത്വങ്ങളും അധികാരത്തർക്കങ്ങളും ലഹളകളും യുദ്ധങ്ങളും വരെ ഉണ്ടാകുന്നതെന്ന സത്യവും നമ്മൾ അംഗീകരിക്കാതെ പോവുകയാണ്. അതിന്റെ പരിധി വല്ലാതെയേറുമ്പോഴാണു മനുഷ്യാധിപത്യത്തിനു വഴങ്ങാത്ത പ്രകൃതിയുടെ ചില കരങ്ങൾ രോഗമായും പ്രളയമായുമൊക്കെ മനുഷ്യനുമേൽ പതിക്കുന്നതെന്നു വേണം കരുതാൻ. മനുഷ്യന്റെ സർവ നിക്ഷേപങ്ങളെയും സമ്പത്തുകളെയും അവകാശാധികാരങ്ങളെയും ആയുസിനെത്തന്നെയും നിഷ്പ്രഭമാക്കുന്ന ഇത്തരം സന്ദർഭങ്ങൾ നമുക്കൊരു പാഠമായി പ്രകൃതി തന്നെ തരുന്നതാണെന്നോർക്കണം.
നാം നമ്മുടേതെന്നു കരുതുന്നതൊന്നും നമ്മുടേതല്ലെന്നറിയുന്ന ചില നിമിഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാറുള്ളതാണ്. അതൊരറിവായി നമ്മിൽ നിറയുമ്പോഴാണു നമ്മൾ തന്നെ നമുക്കുണ്ടാക്കിയിരിക്കുന്ന ഭാരങ്ങളും ഭാവങ്ങളും അഴിഞ്ഞുവീഴുന്നത്. ഇത് ഓർമ്മിപ്പിക്കുന്ന ഒരു രംഗം ഗുരുദേവചരിത്രത്തിലുണ്ട്. ഗുരുദേവതൃപ്പാദങ്ങളുടെ ഒരു ഗൃഹസ്ഥശിഷ്യനായിരുന്നു ആലുംമൂട്ടിൽ ചാന്നാർ. അദ്ദേഹത്തിന്റെ മേടയുടെ മുകൾനിലയിൽ ഗുരുദേവനു വിശ്രമിക്കാനായി ഒരു മുറിയുണ്ടായിരുന്നു. ചിലപ്പോഴെല്ലാം ഗുരുദേവൻ അവിടെയെത്തി വിശ്രമിക്കാറുണ്ട്. ആ മേടയുടെ മേൽത്തട്ടു മുഴുവനും പ്രാവുകളുടെ സങ്കേതമായിരുന്നു. അവയുണ്ടാക്കുന്ന അസഹ്യതയെപ്പറ്റി ചാന്നാർ ഒരുദിവസം പറഞ്ഞപ്പോൾ ഗുരുദേവൻ പറഞ്ഞു. 'ചാന്നാരുടെ വിചാരം മേട ചാന്നാരുടേതാണെന്നാണ്. എന്നാൽ പ്രാവുകളുടെ വിചാരം മേട അവയുടേതാണെന്നാണ്.' ഇതിലെ നർമ്മോക്തി ഉടമസ്ഥതയെന്ന ഭാരത്തെ ലഘുവാക്കാൻ ഉപകരിക്കുന്നതാണ്.
നമുക്ക് പലപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നത് ഇത്തരം ഉടമസ്ഥതകളുടെയും അവകാശങ്ങളുടെയും ചെറുതും വലുതുമായ ഭാരങ്ങളാണ്. അതുകൊണ്ട് ഈ ഭാരങ്ങളെ ഇറക്കിവയ്ക്കാൻ കിട്ടുന്ന സന്ദർങ്ങൾ കൂടി നമ്മൾ ബോധപൂർവം ഉണ്ടാക്കിയെടുക്കണം. ഒരിക്കൽ നാടടക്കി വാണിരുന്ന ഒരു മഹാപ്രഭു വേനൽക്കാലത്ത് അദ്ദേഹത്തിന്റെ വനാതിർത്തിയിലുള്ള കൊട്ടാരത്തിലേക്ക് പോകാനൊരുങ്ങി. ആ വിവരം മുൻകൂട്ടി കൊട്ടാരം നോട്ടക്കാരനെ അറിയിച്ചു. അയാൾ ഉടനെ കൊട്ടാരമെല്ലാം വൃത്തിയാക്കി. കാവൽക്കാരും ഭൃത്യന്മാരുമൊക്കെ എത്തി അവരവരുടെ കൃത്യങ്ങളിൽ മുഴുകി. ഒടുവിൽ പ്രഭു വന്നുചേരുന്ന ദിവസമെത്തി. എല്ലാവരും അങ്ങനെ കാത്തിരിക്കെ പെട്ടെന്നൊരാരവം ഉയർന്നു വന്നു. കുറച്ചാളുകൾ ചേർന്നു എന്തോ അപകടത്തിൽപ്പെട്ട് അവശനായിത്തീർന്ന ഒരാളെ ചുമന്നു കൊണ്ടു വരികയാണ്. മുഖമാകെ ക്ഷതമേറ്റിരുന്ന അയാളെ വേഗം ഒരു മുറിയിൽ കിടത്തി ശുശ്രൂഷിക്കാൻ തുടങ്ങി. ആ മുറിയാകട്ടെ പ്രഭുവിനു വേണ്ടി തയ്യാറാക്കപ്പെട്ട വിശ്രമമുറിയായിരുന്നു. അപ്പോഴത്തെ ധൃതിയ്ക്കിടയിൽ കൊട്ടാരം നോട്ടക്കാരനു അതത്ര ശ്രദ്ധിക്കാനായതുമില്ല. എന്നാൽ ഭൃത്യന്മാർ അയാളെ പ്രഭുവിന്റെ മുറിയിൽ നിന്നും ഉടൻ ഒഴിപ്പിക്കണമെന്നു നിർബന്ധം പിടിച്ചു. ജീവൻ അപകടത്തിലായിരിക്കുന്ന ഒരാളെ ഈയൊരവസ്ഥയിൽ ഒഴിപ്പിക്കുന്നതു ഒട്ടും മനുഷ്യത്വമല്ലെന്നു പറഞ്ഞ കൊട്ടാരം നോട്ടക്കാരനെ ഭൃത്യന്മാർ കെട്ടിയിട്ടു. ഈ നേരത്താണു പ്രഭുവും അംഗരക്ഷകരും കൊട്ടാരത്തിലെത്തിയത്. പ്രഭു നേരെ വിശ്രമമുറിയിലേക്കുപോയി. എല്ലാവരും പരിഭ്രമിച്ചു. അവിടെ നടന്ന കാര്യങ്ങളറിഞ്ഞ പ്രഭു കൊട്ടാരം നോട്ടക്കാരനെ വിളിപ്പിച്ചു. അയാൾക്കപ്പോൾത്തന്നെ മർദ്ദനമേല്ക്കുമെന്നു കരുതി നിന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രഭു ആ നോട്ടക്കാരനെ ആലിംഗനം ചെയ്തു. എന്നിട്ടു പറഞ്ഞു. ' നീ രക്ഷിച്ചത് എന്റെ ഗുരുവിനെയാണ്. ആരെന്നറിയാതെ രക്ഷിക്കുന്നവനാണ് യഥാർത്ഥ രക്ഷകൻ. അതിനു യാതൊന്നിന്റെയും ഉടമസ്ഥത തടസമായിക്കൂട'.
പ്രഭു നല്കിയ പാരിതോഷികങ്ങളൊക്കെ അയാൾ ആ ഗുരുവിനു കാണിക്കയായി സമർപ്പിച്ചു. ഒന്നിന്റെയും ഉടമസ്ഥതകൊണ്ട് ആരുടെയും ആയുസിനു അന്തിമമായി രക്ഷയുണ്ടാവുന്നില്ലെന്ന പ്രകൃതിയുടെ സന്ദേശം നമ്മുടെ ജീവിതത്തിലാകെ പരക്കണം. അപ്പോഴാണു ഉടമസ്ഥത ചാർത്താനാവാത്ത പ്രകൃതിയെയാകെ നമുക്കു ആവോളം അനുഭവിക്കാനാവുക.