spodanam

ഇരിട്ടി : മുഴക്കുന്നിൽ മാമ്പ്രത്ത് തൊഴിലുറപ്പ് ജോലിക്കിടെ പണിയായുധം മുട്ടിയതിനെ തുടർന്ന് അജ്ഞാതവസ്തു പൊട്ടിത്തെറിച്ച് സ്ത്രീതൊഴിലാളിക്ക് പരിക്കേറ്റു. ഇരുകാലുകൾക്കും ഇടതു കൈക്കും സാരമായി പരിക്കേറ്റ ഊർപ്പാൽ സ്വദേശിനി കൊല്ലംമാട്ടേൽ ഓമനാ ദയാനന്ദനെ ( 54 ) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30 തോടെ ആയിരുന്നു സ്‌ഫോടനം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുപതോളം സ്ത്രീകൾ മാമ്പ്രത്ത് റോഡരികിലെ ഓടകൾ വൃത്തിയാക്കുന്നതിനിടെ ആയിരുന്നു ഉഗ്ര സ്‌ഫോടനം നടന്നത്. ജോലിക്കിടെ കൈയിലുണ്ടായിരുന്ന തൂമ്പ ചിരട്ടപോലുള്ള ഒരു വസ്തുവിൽ തട്ടിയപ്പോഴാണ് പൊട്ടിത്തെറിച്ചതെന്ന് പരിക്കേറ്റ ഓമന പറഞ്ഞു.
മുഴക്കുന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ഐസ്‌ക്രീം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.