
ന്യൂഡൽഹി :കൊറോണ ( കോവിഡ് 19) വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ മാസം 31 വരെ പഞ്ചിംഗ് ഒഴിവാക്കി ഉത്തരവ്. പഞ്ചിംഗിന് പകരം ജീവനക്കാർ രജിസ്റ്ററിൽ ഒപ്പിട്ടാൽ മതി. പഞ്ചിംഗിലൂടെ കൊറോണ വൈറസ് പടരുന്നത് തടയുകയാണ് ലക്ഷ്യം. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുടേതാണ് ഉത്തരവ് രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവൻ വിരൽ വച്ചുള്ള ബയോമെട്രിക് സംവിധാനം തൽക്കാലം പിൻവലിക്കുകയാണെന്നാണ് ഉത്തരവിൽ പറയുന്നത്.
അതേസമയം ഡൽഹിയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഡൽഹി ഉത്തംനഗർ സ്വദേശിക്കാണ് ഏറ്റവും ഒടുവിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെയാണ് തായ്‌ലൻഡിൽനിന്ന് മടങ്ങിയെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 31 ആയി. കൂടുതൽ പേരിലേക്ക് രോഗം പടർന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി