കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ റാലിക്കിടെ ഉണ്ടായ വെടിവയ്‌പിൽ 27 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. അഫ്ഗാൻ പ്രതിപക്ഷ നേതാവ് അബ്ദുല്ല അബ്ദുല്ല പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിടെയാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ അറിയിച്ചു. തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറൻ മേഖലയിൽ രാഷ്ട്രീയ നേതാവ് അബ്ദുൽ അലി മസരിയുടെ ചരമവാർഷികത്തോടനുബന്ധിച്ച ചടങ്ങിനിടെയായിരുന്നു അക്രമം. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളിൽ പലരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. യു.എസും ആഗോള ഭീകരസംഘടനയായ താലിബാനും തമ്മിലുണ്ടായ സമാധാന കരാർ ലംഘിക്കപ്പെട്ടതിന് ശേഷമുണ്ടായ ആദ്യത്തെ പ്രധാന ആക്രമണമാണിത്. അമേരിക്കയും താലിബാനും തമ്മിൽ ഖത്തറിൽ വച്ച് അഫ്ഗാൻ സമാധാന കരാർ ഒപ്പു വച്ചിരുന്നെങ്കിലും, തടവുകാരെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ താലിബാൻ സമാധാന കരാറിൽ നിന്ന് ഭാഗികമായി പിന്മാറി. ശേഷം പലയിടത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായി. എന്നാൽ, താലിബാൻ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം താലിബാൻ കേന്ദ്രത്തിൽ അമേരിക്കയും ആക്രമണം നടത്തിയിരുന്നു.